സംശയിച്ചാൽ തടഞ്ഞു വച്ചോളു; പക്ഷേ, കൈ വയ്ക്കരുത്..! കള്ളന്മാരാണെങ്കിലും കൈ വച്ചാൽ നാട്ടുകാർ കുടുങ്ങും; സംശയം തോന്നുന്നവരെ കണ്ടാൽ ചെയ്യേണ്ടത് ഇതെല്ലാം
തേർഡ് ഐ ബ്യൂറോ
കോട്ടയം: താഴത്തങ്ങാടിയിൽ ഇതര സംസ്ഥാനക്കാരെ കള്ളന്മാരെന്ന് സംശയിച്ച് തടഞ്ഞു വച്ച് മർദിച്ച സംഭവത്തിൽ മൂന്നു ഇതര സംസ്ഥാനക്കാരായ സ്ത്രീകളടക്കമുള്ള മൂന്ന് പേർക്ക് പരിക്കേറ്റു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവർ എന്നു സംശയിച്ചാണ് മൂന്നു പേരെ നാട്ടുകാർ തടഞ്ഞു വച്ചത്. ഇതിനിടെ തരം കിട്ടിയപ്പോൾ ചിലർ ഇവരെ കൈ വയ്ക്കുകയും ചെയ്തു. ഇതോടെ ഈ കൈവച്ചവരെല്ലാം കേസിൽ പ്രതികളായി മാറുന്ന അവസ്ഥയുണ്ടാകും.
ഉത്തർ പ്രദേശിലും ഉത്തരേന്ത്യയിലും നടക്കുന്ന ആൾക്കൂട്ടക്കൊലപാതകത്തിനു സമാനമാണ് ഇപ്പോൾ താഴത്തങ്ങാടിയിൽ നടന്ന ആക്രമണം. പലപ്പോഴും ആളുകൾ ഒത്തു കൂടുമ്പോഴാണ് ആക്രമണം കൊലപാതകത്തിലും അംഗഭംഗത്തിലേയ്ക്കും ആക്രമണത്തിലേയ്ക്കു എത്തുന്നത്. ഇത്തരത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ ആളുകളെ കണ്ടാൽ എന്തു ചെയ്യണമെന്നു ചങ്ങനാശേരി ഡിവൈ.എസ്.പി എസ്. സുരേഷ് കുമാർ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംശയം തോന്നിയ ആളുകളെ കണ്ടാൽ തടഞ്ഞു വയ്ക്കാൻ മാത്രമാണ് സാധാരണക്കാർക്ക് അധികാരമുള്ളത്.
ഇവരെ തടഞ്ഞു വച്ച ശേഷം , ഇത്തരവാദിത്വമുള്ള ജനപ്രതിനിധികളെ അടക്കമുള്ളവരെ ഒപ്പം കൂട്ടുക. തുടർന്ന്, തടഞ്ഞു വച്ചവരുടെ വിവരങ്ങൾ അന്വേഷിക്കുക.
തുടർന്ന് വിവരം പൊലീസിൽ അറിയിക്കുക.
ഇവരെ മർദിക്കാതിരിക്കുക. മർദിക്കുകയോ, മറ്റോ ചെയ്താൽ ഇവർക്കുണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങൾക്കും, മരണത്തിനും വരെ തടഞ്ഞു വച്ചവർ ഉത്തരവാദിത്വം പറയേണ്ടി വരും.
സംശയം തോന്നുവരെ കണ്ടാൽ തടഞ്ഞു വയ്ക്കുന്നത് മുതലുള്ള കാര്യങ്ങൾ വീഡിയോയിൽ ചിത്രീകരിച്ചു വയ്ക്കുക.
അട്ടപ്പാടിയിൽ മധുവും, ചങ്ങനാശേരി ഇത്തിത്താനത്ത് ഇതര സംസ്ഥാന തൊഴിലാളിയും മർദനമേറ്റ് മരിച്ചത് ഇത്തരം ആൾക്കൂട്ടത്തിന്റെ ആവേശത്തെ തുടർന്നാണ്.
പിടികൂടുന്ന ആളുകളുടെ താമസ സ്ഥലമോ, ക്യാമ്പോ കണ്ടെത്താൻ സാധിച്ചാൽ, ഇവരുടെ ലക്ഷ്യവും യാഥാർത്ഥ്യവും മനസിലാക്കാൻ സാധിക്കും.
ഇത്തരം മുൻ കരുതൽ ഉണ്ടെങ്കിൽ മാത്രമേ സാധാരണക്കാർ കേസിൽ കുടുങ്ങുന്നത് ഒഴിവാക്കാൻ സാധിക്കൂ.തടഞ്ഞ് വച്ചവർ അക്രമാസക്തരാകാനും സാധ്യതയുണ്ട് ഇത് പ്രത്യേകം ശ്രദ്ധിക്കണം,