play-sharp-fill
കേരളത്തിലാദ്യമായി അതിസങ്കീർണമായ ഡേവിഡ്സ് പ്രൊസീജ്യർ വിജയകരമായി പൂർത്തീകരിച്ച് കോഴിക്കോട് ആസ്റ്റർ മിംസ്

കേരളത്തിലാദ്യമായി അതിസങ്കീർണമായ ഡേവിഡ്സ് പ്രൊസീജ്യർ വിജയകരമായി പൂർത്തീകരിച്ച് കോഴിക്കോട് ആസ്റ്റർ മിംസ്

സ്വന്തം ലേഖകൻ

കോഴിക്കോട് : ഹൃദയത്തിന്റെ മഹാധമനിയിലുണ്ടായ വീക്കത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ രോഗിയുടെ ജീവൻ അതീവ സങ്കീർണ്ണമായ ഡേവിഡ് പ്രൊസീജ്യറിലൂടെ രക്ഷിച്ചെടുത്തു. ഹൃദയത്തെയും ധമനികളേയും ബാധിക്കുന്ന രോഗാവസ്ഥകളിൽ ഏറ്റവും സങ്കീർണ്ണമായ ഒന്നായ മഹാധമനിയിലെ അന്യൂറിസം ബാധിച്ചാണ് വടകര സ്വദേശിയായ 58 വയസ്സുകാരൻ കോഴിക്കോട് ആസ്റ്റർ മിംസിൽ ചികിത്സ തേടിയെത്തിയത്. അടിയന്തര ശസ്ത്രക്രിയ നിർവ്വഹിക്കുവാൻ വൈകുന്ന ഓരോ മണിക്കൂറിലും രോഗിയുടെ ജീവൻ രക്ഷപ്പെടാനുള്ള സാധ്യത 10% കണ്ട് കുറയും എന്നതാണ് ഈ രോഗാവസ്ഥയുടെ ഏറ്റവും വലിയ വെല്ലുവിളി.

മഹാധമനിയിൽ സംഭവിക്കുന്ന വീക്കത്തിന് പൊട്ടൽ സംഭവിച്ചാൽ ഉടനടിയുള്ള മരണമായിരിക്കും രോഗിയെ കാത്തിരിക്കുന്ന വിധി. ഈ അവസ്ഥയിൽ ചികിത്സ തേടിയെത്തുന്ന സാഹചര്യത്തിൽ മഹാധമനിയുടെ അസുഖം ബാധിച്ച ഭാഗം മുറിച്ച് മാറ്റിയ ശേഷം കൊറോണറി ആർട്ടറികളും കൃത്രിമ അയോർട്ടിക് വാൽവും കൃത്രിമ മഹാധമനിയിലേക്ക് വെച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ രീതിയിൽ ശസ്ത്രക്രിയ പൂർത്തീകരിച്ച് ജീവൻ രക്ഷിച്ചെടുത്താൽ രോഗി ജീവിതകാലം മുഴുവൻ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ കഴിക്കേണ്ടി വരും. ഇത് പലപ്പോഴും പാർശ്വഫലങ്ങൾക്കിടയാക്കുകയും, തുടർച്ചയായി കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തേണ്ടി വരുന്നത് മൂലമുള്ള ബുദ്ധിമുട്ടുകൾക്ക് കാരണമാക്കുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തെ കൂടി പരിഗണിച്ചാണ് അയോർട്ടിക് വാൽവ് മുറിച്ച് മാറ്റാതെ അസുഖബാധിതമായ മഹാധമനിമാത്രം നീക്കം ചെയ്യുന്ന ഡേവിഡ്സ് ചികിത്സാ രീതി നിർവ്വഹിക്കാൻ തീരുമാനിച്ചത്. യഥാർത്ഥത്തിൽ ഹൃദയം മാറ്റിവെക്കുന്ന ശസ്ത്രക്രിയയേക്കാൾ മൂന്ന് മടങ്ങ് സങ്കീർണ്ണതകളും ബുദ്ധിമുട്ടുകളും നിറഞ്ഞതാണ് ഡേവിഡ്സ് പ്രൊസീജ്യർ എന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ച സീനിയർ കൺസൽട്ടന്റ് കാർഡിയോതൊറാസിക് സർജൻ ഡോ. അനിൽ ജോസ് പറഞ്ഞു. ഡോ. ശരത് (സീനിയർ കൺസൽട്ടന്റ് കാർഡിയാക് അനസ്തേഷ്യ), ഡോ. ഷബീർ (കൺസൽട്ടന്റ്, കാർഡിയാക് അനസ്തേഷ്യ), ഗിരീഷ് എച്ച് (പെർഫ്യൂഷനിസ്റ്റ്) എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ചു.