
തിരുവനന്തപുരം : നിയമസഭയില്‍ വീണ്ടും അമീബിക് മസ്തിഷ്ക ജ്വര വിഷയത്തിൽ ചർച്ച. തുടർച്ചയായ രണ്ടാം ദിവസവും സഭ നിർത്തിവെച്ച് അടിയന്തരപ്രമേയം ചർച്ച ചെയ്യാൻ സ്പീക്കർ അനുമതി നല്‍കി.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒട്ടേറെ പേർ മരണമടഞ്ഞതായും രോഗം തടയാൻ സർക്കാർ കാര്യക്ഷമമായ ഇടപ്പെടല്‍ നടത്താത്തതുമൂലം ആരോഗ്യമേഖലയിലെ പ്രതിസന്ധി ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണെന്നുമാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസില്‍ ആരോപിച്ചിരിക്കുന്നത്. എംഎല്‍എമാരായ എൻ. ഷംസുദീൻ, ഐ.സി. ബാലകൃഷ്ണൻ, മോണ്‍സ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി. കാപ്പൻ കെ.കെ. രമ എന്നിവരാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
പൊതുജനാരോഗ്യ പ്രാധാന്യമുള്ള വിഷയമായതിനാലും പൊതുജനാരോഗ്യ സംവിധാനത്തെ സംബന്ധിച്ച് തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നതിനാലും ഇതിന്റെ വസ്തുതകളും യാഥാർത്ഥ്യവും പൊതുസമൂഹം അറിയേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് സഭയെ അറിയിച്ചു.വിഷയം ചർച്ചയ്ക്കെടുക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോള്‍ ഇന്നലെ എന്തു പറ്റിയെന്ന ഭരണപക്ഷത്തിന്റെ പരിഹാസ രൂപേണയുള്ള ചോദ്യമുയർന്നപ്പോള്‍ എന്തു പറ്റിയെന്ന് തിരിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ മറുചോദ്യം ഉയർത്തി. പ്രതിപക്ഷം നോട്ടീസ് നല്‍കുന്നത് പ്രധാനപ്പെട്ട വിഷയം സഭയില്‍ ചർച്ചയ്ക്കെടുക്കേണ്ടതിനാണെന്നും പ്രതിപക്ഷ ആവശ്യം അംഗീകരിക്കപ്പെടുമ്ബോള്‍ ഭരണപക്ഷം പരിഹസിക്കുന്നത് എന്തിനാണെന്നും വി.ഡി. സതീശൻ ചോദിച്ചു.







