
വിമാനത്തിലെ മർദ്ദനം; ഇപിക്കെതിരായ കേസ് ഇഴയുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ വിമാനത്തിനുള്ളിൽ വച്ച് മർദ്ദിച്ച കേസിന്‍റെ അന്വേഷണം ഇഴയുന്നു. മൊഴി രേഖപ്പെടുത്തുന്നതിൽ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് ഇതിന് കാരണം. മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ ഫർസീൻ മജീദിനും നവീൻ കുമാറിനും ജാമ്യവ്യവസ്ഥ പ്രകാരം തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കാൻ കഴിയില്ല.
ജാമ്യ വ്യവസ്ഥയുള്ളതിനാൽ വലിയതുറ പൊലീസ് സ്റ്റേഷനിൽ പോയി മൊഴി നൽകാനാകില്ലെന്ന നിലപാടിലാണ് പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കണ്ണൂരിൽ പോയി മൊഴി രേഖപ്പെടുത്തില്ലെന്ന നിലപാടിലാണ് പൊലീസും. ഇതോടെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനപ്പുറം അന്വേഷണം നീങ്ങിയിട്ടില്ല.
വിമാനത്തിലെ പ്രതിഷേധം കഴിഞ്ഞ് 37 ദിവസമായി ഇ.പി ജയരാജനെതിരെ കേസെടുക്കാതിരുന്ന പൊലീസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സ്വകാര്യ അന്യായം കോടതി അംഗീകരിച്ചതോടെയാണ് കേസെടുക്കാൻ നിർബന്ധിതരായത്. കേസ് രജിസ്റ്റർ ചെയ്തിട്ട് ഒരാഴ്ചയായി, പക്ഷേ അത് ആരംഭിച്ചിടത്ത് തന്നെയുണ്ട്. കണ്ണൂരിലെ യൂത്ത് കോൺഗ്രസുകാരായ പരാതിക്കാരുടെ വിശദമായ മൊഴിയെടുക്കുകയാണ് കേസിലെ ആദ്യപടി. ഇതിനായി കേസ് അന്വേഷിക്കുന്ന വലിയതുറ പൊലീസ് സ്റ്റേഷനിൽ എത്താൻ ഫർസീൻ മജീദിനും നവീൻ കുമാറിനും നോട്ടീസ് നൽകിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
