ഐശ്വര്യ കേരളയാത്രയ്ക്കും കോന്നിയിലെ കോൺഗ്രസിനെ രക്ഷിക്കാനായില്ല; മാധ്യമങ്ങൾക്ക് മുമ്പിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച അടൂർ പ്രകാശിനെതിരെ ഡിസിസി ജനറൽ സെക്രട്ടറിമാർ രംഗത്ത്

പൊളിറ്റിക്കൽ ഡെസ്‌ക്

കോന്നി: ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര പ്രവർത്തകർക്ക് ഊർജ്ജം പകരുമെന്ന നേതാക്കളുടെ കണക്കുകൂട്ടൽ തെറ്റിച്ചുകൊണ്ട് കോന്നിയിലെ കോൺഗ്രസിനുള്ളിൽ തമ്മിലടി രൂക്ഷമായി. മാധ്യമങ്ങൾക്ക് മുമ്പിൽ തന്റെ ഇഷ്ടക്കാരനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച അടൂർ പ്രകാശിനെതിരെയാണ് ഡിസിസി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുംപുറവും എം.എസ് പ്രകാശും രംഗത്തെത്തിയത്. എ.ഐ.സി.സി. നിയോഗിച്ച തെരഞ്ഞെടുപ്പ് സമിതി കാര്യങ്ങൾ തീരുമാനിക്കുമെന്നിരിക്കേ അടൂർ പ്രകാശ് ഇപ്പോൾ നടത്തിയിരിക്കുന്നത് അച്ചടക്ക ലംഘനമാണ്. അച്ചടക്ക ലംഘനത്തിനെതിരെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിമാരായ ഐവാൻ ഡിസൂസ, താരിഖ് അൻവർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹത്തിനെതിരേ നടപടി എടുക്കണമെന്ന് സാമുവൽ കിഴക്കുപുറവും എം.എസ്. പ്രകാശും വ്യക്തമാക്കി. സ്ഥാനാർഥി നിർണയവും പ്രഖ്യാപനവും നടത്തേണ്ടത് എ.ഐ.സി.സിയും ഹൈക്കമാൻഡുമാണ് അല്ലാതെ ആറ്റിങ്ങൽ എംപിയല്ലെന്ന് സാമുവൽ കിഴക്കുംപുറം പറഞ്ഞു.

കോന്നിയിലെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ആറ്റിങ്ങൽ എം.പിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന് വേണമെങ്കിൽ ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ നിയമസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ നിർദേശിക്കാം. കൊള്ളാമെന്ന് തോന്നിയാൽ ഹൈക്കമാൻഡ് സ്വീകരിച്ചോളും. കോന്നിയിൽ സ്ഥാനാർഥിയുടെ പേര് നിർദേശിക്കാൻ അവകാശമുള്ളത് ഈ ജില്ലയുടെ എം.പിയായ ആന്റോ ആന്റണിയ്ക്കാണ്. അദ്ദേഹം വേണമെങ്കിൽ അതു ചെയ്‌തോട്ടെ എന്നും സാമുവൽ കിഴക്കുപുറം പറഞ്ഞു.

ഡിസിസി വൈസ് പ്രസിഡന്റുകൂടിയായ റോബിൻ പീറ്റർ സ്ഥാനാർത്ഥിയായി എത്തിയേക്കുമെന്നായിരുന്നു അടൂർ പ്രകാശിന്റെ പ്രഖ്യാപനം. എന്നാൽ പാർട്ടിയുടെ ഒരു ഘടകത്തിലും തലത്തിലും യോഗത്തിലും ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ലെന്ന് നേതാക്കൾ പറയുന്നു. ഹൈക്കമാൻഡ് നിർദേശിച്ച പ്രകാരം വിവിധ മണ്ഡലത്തിലെ സ്ഥാനാർഥികൾക്കുള്ള സർവേ നടന്നു വരുന്നതേയുള്ളൂ. അത് പൂർത്തിയായി കഴിഞ്ഞ് സ്ഥാനാർഥിയെ ഹൈക്കമാൻഡ് പ്രഖ്യാപിക്കും. അത് റോബിൻ പീറ്ററോ മറ്റാരെങ്കിലുമോ ആകട്ടെ അപ്പോൾ തങ്ങൾ നോക്കാമെന്നും അല്ലാതെ അടൂർ പ്രകാശിന്റെ പ്രഖ്യാപനം അംഗീകരിക്കേണ്ട ബാധ്യതയില്ലെന്നും സാമുവൽ കിഴക്കുപുറം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ സമുദായത്തിന്റെയും ജാതിയുടെയും പേര് പറഞ്ഞ് പി. മോഹൻരാജിനെ തോൽപ്പിക്കാൻ പരിശ്രമിച്ചവരാണ് അടൂർ പ്രകാശും റോബിൻ പീറ്ററുമെന്ന് സാമുവൽ പറഞ്ഞു. ഇതു സംബന്ധിച്ച് അന്ന് എ.ഐ.സി.സി. തലം വരെ പരാതി നൽകിയിരുന്നു. യാതൊരു നടപടിയും എടുത്തില്ല. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് മലയാലപ്പുഴ ഡിവിഷനിൽ നിന്ന് മത്സരിച്ച തന്റെ പരാജയത്തിന് കാരണക്കാരനായതും അടൂർ പ്രകാശ് ആണെന്ന് അദ്ദേഹം ആരോപിച്ചു.

ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ റോബിൻ പീറ്ററിന് ജില്ലയിലെ ഏറ്റവും കൂടിയ ഭൂരിപക്ഷം ലഭിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് അടൂർ പ്രകാശ് നിയമസഭാ സീറ്റിലേക്ക് അദ്ദേഹത്തെ സ്ഥാനാർഥിയാക്കി പ്രഖ്യാപിച്ചത്. എന്നാൽ, റോബിൻ മത്സരിച്ച പ്രമാടം ഡിവിഷനിൽ വള്ളിക്കോട്, തുമ്പമൺ, ഓമല്ലൂർ പഞ്ചായത്തുകളുടെ ഭാഗമാണ് കൂടുതലായി ഉൾപ്പെടുന്നത്. കഴിഞ്ഞ തവണ റോബിൻ പീറ്റർ പ്രസിഡന്റായിരുന്ന പ്രമാടം പഞ്ചായത്തിന്റെ ഭരണം ഇക്കുറി എൽ.ഡി.എഫ്. പിടിച്ചെടുക്കുകയും ചെയ്തുവെന്ന് സാമുവൽ ചൂണ്ടിക്കാണിച്ചു.