
തിരുവനന്തപുരം: ‘യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ആശമാരുടെ ആവശ്യത്തില്‍ തീരുമാനമെടുക്കും’- കഴിഞ്ഞവർഷം നവംബർ ഒന്നിന് സെക്രട്ടറിയേറ്റിന് മുന്നില്‍വച്ച് അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആശമാർക്ക് നല്‍കിയ വാക്കാണിത്.
പിന്നീട് പല വേദികളില്‍ വി.ഡി സതീശനും യു.ഡി.എഫ് നേതാക്കളും ഇക്കാര്യം ആവർത്തിക്കുകയും ചെയ്തു. ആറുമാസത്തിന് ശേഷം പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി കസേരയിലേക്ക് എത്തുകയും യു.ഡി.എഫ് അധികാരത്തില്‍ വരികയും ചെയ്തതോടെ സംസ്ഥാനത്താകെ കാല്‍ലക്ഷത്തിലധികം വരുന്ന ആശമാർ പ്രതീക്ഷയിലാണ്.
കഴിഞ്ഞ എല്‍.ഡി.എഫ് സർക്കാരിന് പുറത്തേക്കുള്ള വഴിതെളിക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക് ആശാ സമരത്തിനുണ്ടായിരുന്നു. ആശമാരുടെ പ്രതിദിന വേതനം 700 രൂപയാക്കുക, അഞ്ച് ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം നല്‍കുക, പെൻഷൻ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 266 ദിവസമാണ് സെക്രട്ടേറിയറ്റ് പടിക്കല്‍ സ്ത്രീ തൊഴിലാളികള്‍ സമരം ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2025ലെ സംസ്ഥാന ബജറ്റില്‍ യാതൊരു ആനുകൂല്യവും പ്രഖ്യാപിക്കാതിരുന്ന സാഹചര്യത്തിലാണ് ആശമാർ അനിശ്ചിതകാല സമരം ആരംഭിച്ചത്.
അനുകൂല നിലപാട് സ്വീകരിച്ച് ഒത്തുതീർക്കാവുന്ന സമരത്തെ ആക്ഷേപിച്ചും അപമാനിച്ചും സർക്കാർ തെരുവില്‍ വലിച്ചിഴയ്ക്കുകയായിരുന്നു. എന്നാല്‍, ന്യായമായ സമരത്തിന് ജനങ്ങള്‍ നല്‍കിയ പിന്തുണ ഭരണകക്ഷിയുടെ അടിവേര് ഇളക്കുകയായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ പാഠം മനസിലാക്കി പ്രവർത്തിക്കാൻ തയാറാകാത്ത സർക്കാർ, സമരം ചെയ്ത ആശമാരോട് പ്രതികാര മനോഭാവത്തോടെയാണ് ഇടപെട്ടത്.
അതേസമയം, ആശമാരോട് അനുകൂലമായ നിലപാടായിരുന്നു വി.ഡി സതീശനും പ്രതിപക്ഷവും സ്വീകരിച്ചത്. പലതവണ സമരപ്പന്തലിലെത്തി വി.ഡി സതീശൻ ആശമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.







