ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് ഉച്ചയ്ക്ക് 2.45 ന്; ആര്യനും യുവനടിയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ നിർണായകം; ഷാറൂഖ് ഖാന്റെ വീടിന് മുന്നിൽ തടിച്ചുകൂടി ആരാധകർ

Spread the love

സ്വന്തം ലേഖകൻ

മുംബൈ : ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാനും ബോളിവുഡിലെ യുവനടിയും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റുകൾ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കോടതിയിൽ സമർപ്പിച്ചു.

ലഹരി പാർട്ടി സംബന്ധിച്ചാണ് ആര്യനും നടിയും തമ്മിൽ ചാറ്റ് നടത്തിയതെന്നാണ് എൻസിബി കോടതിയെ അറിയിച്ചിട്ടുള്ളത്. കപ്പലിലെ ലഹരിപ്പാർട്ടിയെ സംബന്ധിച്ചും ആര്യൻ നടിയോട് ചാറ്റിൽ സൂചിപ്പിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്യൻഖാൻ ചില ലഹരിമരുന്ന് ഇടപാടുകാരുമായി നടത്തിയ ചാറ്റുകളും എൻസിബി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ മുംബൈയിലെ സ്‌പെഷൽ കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് എൻസിബി നിർണായക രേഖകൾ സമർപ്പിച്ചത്. ഒക്ടോബർ രണ്ടിന് എത്തുന്ന ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടി സംബന്ധിച്ച് നടിയോട് ചാറ്റിൽ ആര്യൻ സംവദിക്കുന്നതായി എൻസിബി ചൂണ്ടിക്കാട്ടുന്നു.

ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടിയിൽ അറസ്റ്റിലായ ആര്യൻ ഖാൻ ഇപ്പോൾ മുംബൈ ആർതർ റോഡ് ജയിലിലാണുള്ളത്. ആര്യൻ ഖാന് പുറമെ, സുഹൃത്ത് അർബാസ് മർച്ചന്റ്, നടി മൂൺമൂൺ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പുറപ്പെടുവിക്കും. ഉച്ചയ്ക്ക് 2. 45 നാണ് കോടതി വിധി പ്രസ്താവിക്കുക.

ആര്യൻ ഖാൻ വർഷങ്ങളായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും, നിരവധി ലഹരിമരുന്ന് ഇടപാടുകാരുമായി ബന്ധമുണ്ടെന്നും എൻസിബി കോടതിയിൽ വാദിക്കുന്നു. ഇതുസംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ ലഭിച്ചതായുമാണ് എൻസിബി പറയുന്നത്.

ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട് ഒക്ടോബർ മൂന്നിനാണ് ആര്യൻ ഖാൻ അടക്കമുള്ളവർ അറസ്റ്റിലാകുന്നത്.

കോടതി ജാമ്യാപേക്ഷയിൽ വിധി പ്രസ്താവിക്കാനിരിക്കെ നിരവധി ആരാധകരാണ് ഷാറൂഖ് ഖാന്റെ വീടിന് മുന്നിൽ തടിച്ചുകൂടിയിരിക്കുന്നത്. ഷാറൂഖിനും ആര്യൻഖാനും പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്ലക്കാർഡുകളും ഉയർത്തിക്കാട്ടിയാണ് ആരാധകർ ഷാറൂഖിന്റെ വീടായ മന്നത്തിന് മുമ്പിൽ തടിച്ചു കൂടിയത്.