ശബരിമലയിൽ സർക്കാരിന് വീണ്ടും തിരിച്ചടി : അഡ്വ. ആര്യാമ സുന്ദരം സുപ്രീം കോടതിയിൽ ഹാജരാകില്ല
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ശബരിമലയിൽ ഭക്തരുടെ എതിർപ്പു നേരിടുന്ന സംസ്ഥാന സർക്കാരിന് വീണഅടും തിരിച്ചടി. ഇത്തവണ നിയമ വിഭാഗത്തിൽ നിന്നാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്.
സുപ്രീം കോടതിയിൽ ദേവസ്വം ബോർഡിന് വേണ്ടി അഭിഭാഷകൻ ആര്യാമ സുന്ദരം ഹാജരാകില്ലെന്ന് വ്യക്തമാക്കി. നാളെയാണ് സുപ്രീം കോടതിയിൽ ശബരിമല വിഷയത്തിലെ റിട്ട് ഹർജികൾ പരിഗണിക്കപ്പെടുക. സമാനമായ ഒരു കേസിൽ ഇതിന് മുമ്ബ് ഹാജരായത് മൂലമാണ് ഇനി ഹാജരാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞത്.
അദ്ദേഹം ഇക്കാര്യം ദേവസ്വം ബോർഡിനെ അറിയിച്ചിട്ടുണ്ട്. നാളെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ശബരിമല സ്ത്രീപ്രവേശ വിധിയുമായി ബന്ധപ്പെട്ടു ദേവസ്വം ബോർഡിനു വേണ്ടി ആര്യാമ സുന്ദരം ഹാജരാകുമെന്ന് പ്രസിഡന്റ് എ. പത്മകുമാർ ആണ് അറിയിച്ചിരുന്നത്. വിധിയുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ 13നു പരിഗണിക്കുമ്ബോൾ ആര്യാമ സുന്ദരം ഹാജരായി ദേവസ്വം ബോർഡിന്റെ നിലപാട് അറിയിക്കുമെന്നായിരുന്നു പറഞ്ഞത്.
ആര്യാമ സുന്ദരവുമായി ചർച്ച നടത്താനും ആവശ്യമായ വിവരങ്ങൾ കൈമാറാനും ദേവസ്വം കമ്മിഷണർ എൻ.വാസുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പത്മകുമാർ വ്യക്തമാക്കിയിരുന്നു.