അരൂരില്‍ തണ്ണീര്‍ത്തടങ്ങളും നെല്‍പാടങ്ങളും നികത്തുന്നു; ഇടനിലക്കാര്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ലക്ഷങ്ങളുടെ അഴിമതി നടത്തുന്നുവെന്നും അന്വേഷണം വേണമെന്നും നാട്ടുകാർ
സ്വന്തം ലേഖകൻ
അരൂർ: അരൂര്‍ മേഖലയിലെ നിരവധി നെല്‍പാടങ്ങളും തണ്ണീര്‍ത്തടങ്ങളും വ്യാപകമായി നികത്തുന്നു. ഉയരപ്പാതക്കു വേണ്ടി തൂണുകള്‍ താഴ്ത്തുമ്പോള്‍ പുറന്തള്ളുന്ന മണ്ണും ചളിയും ലോറിയില്‍ കൊണ്ടുവന്നാണ് വയലുകളിലും തണ്ണീര്‍ത്തടങ്ങളിലും തട്ടുന്നത്.
അരൂര്‍ പഞ്ചായത്ത് 13ാം വാര്‍ഡില്‍ ചന്തിരൂര്‍ പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് 80 സെന്റോളമുള്ള നെല്‍പാടം ദേശീയപാതയുടെ മേല്‍പാലത്തിന്റെ പണിയുമായി ബന്ധപ്പെട്ട് മാറ്റുന്ന ചളിയും മണ്ണും ഉപയോഗിച്ച് നികത്തുന്നത് പൊതുപ്രവര്‍ത്തകര്‍ ഇടപെട്ട് തടഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മേല്‍പാല നിര്‍മാണത്തിന്റെ മറവില്‍ ഇടനിലക്കാര്‍ ഇവിടെ നിന്നും മാറ്റുന്ന മണ്ണ് ഉപയോഗിച്ച് അരൂരിലെ തണ്ണീര്‍ത്തടങ്ങളും നിലവും നികത്തി ലക്ഷങ്ങള്‍ കൈക്കലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒഴിവുള്ള ദിവസങ്ങളില്‍ നിലം നികത്തല്‍ അരൂര്‍ മേഖലയില്‍ വ്യാപകമാകും.
ഒഴിവു ദിവസങ്ങളില്‍ പഞ്ചായത്തിലും വില്ലേജ് ഓഫിസിലും പരാതി കൊടുക്കാൻ സാധിക്കില്ല. ഈ അവസരം നോക്കി ഇടനിലക്കാര്‍ നിലം നികത്തല്‍ ഊര്‍ജിതമാക്കും. ഇടനിലക്കാര്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ലക്ഷങ്ങളുടെ അഴിമതിയാണ് നടത്തുന്നതെന്നും അന്വേഷണം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വേലിയേറ്റ സമയത്ത് തീരദേശവാസികളും മത്സ്യത്തൊഴിലാളികളും വീടുകളില്‍ വെള്ളം കയറി കഷ്ടപ്പെടുമ്പോള്‍ ഇവിടന്ന് മാറ്റുന്ന മണ്ണും മറ്റും തീരമേഖലയിലെ കുടുംബങ്ങള്‍ക്ക് നല്‍കാൻ പഞ്ചായത്ത് മുൻകൈ എടുക്കുകയാണെങ്കില്‍ ഒരു പരിധിവരെ വേലിയേറ്റം അതിജീവിക്കാൻ തീരദേശ വാസികള്‍ക്ക് കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.