
സംഗീത സംവിധായകൻ എം.കെ അർജുനൻ മാസ്റ്റർ അന്തരിച്ചു
സ്വന്തം ലേഖകൻ
കൊച്ചി: പ്രശസ്ത സംഗീത സംവിധായകരിൽ ഒരാളായ എം.കെ അർജുനൻ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. തിങ്കളാഴ്ച പുലർച്ചെ മൂന്നരയ്ക്ക് കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.
ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമായിരിക്കും സംസ്‌കാരം നടക്കുക. അതിനിടെ കൊറോണ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കടുത്ത നിയന്ത്രണങ്ങളും ഉണ്ടായിരിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അർജുനൻ മാസ്റ്റർ മലയാളത്തിൽ ഇരുനൂറിലധികം സിനിമകളിലായി അറുനൂറിലധികം ഗാനങ്ങൾ ഒരുക്കിട്ടുണ്ട്. നാടക ഗാനങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. തുടർന്ന് 1968 ൽ കറുത്ത പൗർണി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ രംഗത്തേക്ക് എത്തുന്നത്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് നീണ്ടുകിടക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സംഗീത യാത്ര.
2017 ൽ മികച്ച സംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം അർജുനൻ മാസ്റ്റർക്ക് ലഭിച്ചിരുന്നു. ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനത്തിനാണ് മാസ്റ്ററെ സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരത്തിന് അർഹനാക്കിയത്. യേശുദാസിന്റെ ശബ്ദം ആദ്യമായി റെക്കോർഡ് ചെയ്തത് അർജുനൻ മാസ്റ്ററായിരുന്നു. കൂടാതെ എ ആർ റഹ്മാന്റെ സിനിമാ മേഖലയിലേക്കുള്ള അരങ്ങേറ്റവും അർജുനൻ മാസ്റ്റർ വഴിയായിരുന്നു.