പാലായിൽ പുലർച്ചെ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത് മുൻ കൊലക്കേസ് പ്രതി: കെ.എസ്.ആർ.ടി.സിയിൽ നിന്നും വിരമിച്ച പ്രതിയെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു; വിവാഹത്തിൽ നിന്നും പിൻതിരിയാതിരുന്നതിനാൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമം

തേർഡ് ഐ ബ്യൂറോ

പാലാ: അതിരാവിലെ യുവതിയെ വെട്ടിപ്പരിക്കേല്പിച്ച മുൻ കൊലകേസ് പ്രതിയായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. പാലാക്കു സമീപം വെള്ളിയേപ്പള്ളിയിൽ ഏഴാം തീയതി പുലർച്ചെ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി പാലാ കടപ്പാട്ടൂർ പുറ്റു മഠത്തിൽ സന്തോഷ് ( അമ്മാവൻ സന്തോഷ് – 61) ആണ് പിടിയിലായത്.

ഏറ്റുമാനൂർ സ്വദേശിനിയായ യുവതി കഴിഞ്ഞ മൂന്നു വർഷമായി പാലാ വെള്ളിയേപള്ളിയിൽ അമ്മയോടും സഹോദരിയോടുമൊപ്പം വാടകയ്ക്ക് താമസിക്കുകയാണ്. പാലാ ടൗണിൽ ഓട്ടോറിക്ഷ ഓടിക്കുന്ന കെ.എസ്.ആർ.ടി.സിയിൽ നിന്നും ഡ്രൈവർ ആയി വിരമിച്ച, മോഷണം, വധശ്രമം, കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും പാലാ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട സന്തോഷുമായി യുവതിക്ക് ഓട്ടോറിക്ഷയിൽ യാത്രചെയ്ത പരിചയമുണ്ടായിരുന്നു.

തീർത്ഥാടനകേന്ദ്രങ്ങളിൽ സ്ഥിരമായി സന്ദർശനം നടത്തിയിരുന്ന യുവതി സന്തോഷിന്റെ ഓട്ടോറിക്ഷയിൽ ആണ് യാത്ര ചെയ്തിരുന്നത്. കഴിഞ്ഞ ഒരു വർഷമായി യുവതിയും സന്തോഷുമായി അടുപ്പത്തിൽ ആവുകയും തുടർന്ന് യുവതി സന്തോഷിന് ഒപ്പം ഒരുമിച്ചു ജീവിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. ആറാം തീയതി യുവതിയും സന്തോഷും ഒന്നിച്ച് അർത്തുങ്കൽ പള്ളിയിലടക്കം പോയിരുന്നു. തുടർന്നു, യുവതിയെ വൈകുന്നേരത്തോടു കൂടി വീട്ടിൽ എത്തിക്കുകയും യുവതിയുടെ ആവശ്യപ്രകാരം പിറ്റേന്ന് വെളുപ്പിന് ഇരുവരും ഒന്നിച്ച് ജീവിക്കുന്നതിനായി നാടുവിടാമെന്നും ധാരണായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യയും രണ്ട് പെൺമക്കളുമുള്ള സന്തോഷ് യുവതിയെ എങ്ങനെ ഒഴിവാക്കണമെന്ന് ആലോചിച്ച് അവസാനം വകവരുത്താൻ തീരുമാനിക്കുകയായിരുന്നു. മുമ്പ് കെഎസ്ഇബി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സന്തോഷ് ഏഴാം തീയതി വെളുപ്പിന് നാല് മണിയോടെ ബന്ധുവിന്റെ സാൻട്രോ കാറുമായി വീട്ടിൽ നിന്നും എടുത്ത ഇരുമ്പു പാരയുമായി യുവതിയുടെ വീടിന് 100 മീറ്റർ അടുത്തെത്തി കാത്തുകിടന്നു.

നാലേമുക്കാൽ മണിയോടുകൂടി സന്തോഷ് സ്ഥലത്തെത്തി എന്ന് ഫോൺ വിളിച്ചു ഉറപ്പിച്ച് യുവതി വീട്ടിൽ നിന്നും ഇറങ്ങി വരികയും സന്തോഷിന് അടുത്ത് എത്തിയ സമയം കയ്യിൽ കരുതിയിരുന്ന ഇരുമ്പു പാരയുമായി യുവതിയെ ആക്രമിക്കുകയും ആയിരുന്നു. അടികിട്ടിയ യുവതി പ്രാണരക്ഷാർത്ഥം ഓടിയെങ്കിലും സന്തോഷ് പിന്തുടർന്ന് പലതവണ തലയ്ക്കടിച്ച് യുവതി മരിച്ചു എന്ന് കരുതി യുവതിയുടെ ഫോണും കൈക്കലാക്കി കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് കാർ പാലായിലെ വർക്ക് ഷോപ്പിൽ ഏൽപ്പിച്ച ശേഷം തെളിവു നശിപ്പിക്കാനായി യുവതിയുടെ മൊബൈൽ ഫോൺ പാലാ പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് വലിച്ചെറിഞ്ഞു. തുടർന്നു പതിവുപോലെ പാലാ ടൗണിൽ ഓട്ടോയുമായി എത്തി സന്തോഷ് ഓടിച്ചു വരികയായിരുന്നു.ഫോണും ആക്രമിക്കാൻ ഉപയോഗിച്ച ഇരുമ്പ് പാരയും പൊലീസ് കണ്ടെടുത്തു

സംഭവത്തെത്തുടർന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പയുടെ നിർദ്ദേശപ്രകാരം പാലാ ഡിവൈഎസ്പി പ്രഫുല്ല ചന്ദ്രന്റെ മേൽനോട്ടത്തിൽ പാലാ എസ്.എച്ച്.ഒ സുനിൽ തോമസ്, പ്രിൻസിപ്പൽ എസ് ഐ ശ്യാംകുമാർ കെ എസ്, എസ് ഐ തോമസ് സേവ്യർ, എ എസ് ഐ ഷാജിമോൻ എ.ടി , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജേഷ് കെ എസ്, അരുൺ ചന്ത്, ഷെറിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് അന്വേഷണം നടത്തിയത്. യുവതി ഇപ്പോഴും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്.