‘ഒരു അമ്മയുടെ പോരാട്ടം’; അനുപമയുടെ കുഞ്ഞിനെ ആന്ധ്രയിൽ നിന്നും തിരുവനന്തപുരത്തെത്തിച്ചു; ഡി എൻ എ പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അമ്മയറിയാതെ ദത്ത് നല്‍കിയ, അനുപമയുടെ കുഞ്ഞിനെ കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം തിരുവനന്തപുരത്തെത്തിച്ചു. ആന്ധ്രയില്‍ നിന്നും കുഞ്ഞിനെ രാത്രി എട്ടരയോടെയാണ് കൊണ്ടുവന്നത്. കുഞ്ഞിനെ കുന്നുകുഴി നിര്‍മല ശിശുഭവനിലേക്ക് കൊണ്ടുപോയി. കുഞ്ഞ് അനുപമയുടേതാണോ എന്ന് ഉറപ്പാക്കാനുള്ള ഡിഎന്‍എ പരിശോധനക്കുള്ള നടപടി ഉടന്‍ തുടങ്ങും.
കുഞ്ഞിനെ തിരികെയെത്തിച്ചതില്‍ സന്തോഷമുണ്ടെന്ന് അനുപമ പറഞ്ഞു. നാളെ കുഞ്ഞിനെ കാണാനാകുമെന്നാണ് പ്രതീക്ഷ. കുഞ്ഞിനെ തന്നെ കാണിക്കാത്തതില്‍ സങ്കടമുണ്ട്. സമരം നിര്‍ത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. മറ്റ് ആവശ്യങ്ങള്‍ കൂടി അംഗീകരിക്കണം. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കും വരെ സമരം തുടരുമെന്നും അനുപമ പ്രതികരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാവിലെ ആറ് മണിക്കാണ് തിരുവനന്തപുരത്ത് നിന്ന് നാലംഗ ഉദ്യോഗസ്ഥ സംഘം കുഞ്ഞിനെ കൊണ്ടുവരാനായി വിമാനം കയറിയത്. ഉച്ചയോടെ ആന്ധ്രയിലെത്തി അവിടുത്തെ ശിശുക്ഷേമസമിതിയുടെ സഹായത്തോടെ കുഞ്ഞിനെ ഏറ്റുവാങ്ങുമ്പോഴേക്കും രാത്രി എട്ടുമണി കഴിഞ്ഞിരുന്നു. പിന്നാലെയാണ് കുഞ്ഞിനെയും കൊണ്ട് നേരിട്ടുള്ള വിമാനത്തിന് തിരുവനന്തപുരത്തേക്ക് എത്താന്‍ തീരുമാനിച്ചത്. രാത്രി എട്ട് മുപ്പത്തഞ്ചിന് ഇന്‍ഡിഗോ വിമാനത്തിലാണ് കുഞ്ഞിനെയും കൊണ്ട് സംഘം തിരുവനന്തപുരത്തെത്തിയത്.
ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ തീരുമാനിച്ച ഫിറ്റ് പേഴ്സണായിരിക്കും ഡിഎന്‍എ പരിശോധന ഫലം വരും വരെ കുഞ്ഞിനെ സംരക്ഷിക്കുന്നത്. നാളെയോ മറ്റന്നാളോ തന്നെ അനുപമയുടെയും കുഞ്ഞിന്‍റെയും അജിത്തിന്‍റെയും സാമ്ബിള്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോടെക്നോളജിയില്‍ സ്വീകരിക്കും. ഡിഎന്‍എ ഫലം രണ്ട് ദിവസത്തിനകം നല്‍കാന്‍ കഴിയും എന്നാണ് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയടെക്നോളജി അധികൃതരെ അറിയിച്ചിരിക്കുന്നത്. ഫലം പോസിറ്റീവായാല്‍ നിയമോപദേശം സ്വീകരിച്ച ശേഷം കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാനുള്ള തീരുമാനം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി എടുക്കും.
കുഞ്ഞ് അരികിലേക്ക് എത്തുമ്ബോഴും അനുപമ ശിശുക്ഷേമ സമിതിക്കുമുന്നിലെ സമരപ്പന്തലില്‍ തുടരുകയാണ്. ഒരു മാസത്തിലേറെ നീണ്ട വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് കുഞ്ഞ് കേരളത്തിലേക്ക് എത്തുന്നത്. ഡിഎന്‍എ ഫലം പോസിറ്റീവായാല്‍ അനുപമയ്ക്ക് കുഞ്ഞിനെ കിട്ടാന്‍ ഇനി ഒരുപാട് കാത്തിരിക്കേണ്ടി വരില്ല എന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു.