കൊറോണ വന്നത് അയിത്തം ഉപേക്ഷിച്ചത് മൂലമെന്ന സംഘി വാദത്തിന് ചുട്ട മറുപടിയുമായി സി പി എം നേതാവ്: ജാതി അയിത്തവും ശാരീരിക അകലവും രണ്ടെന്ന് അംബികയ്ക്ക് കെ.അനിൽകുമാറിന്റെ മറുപടി
സ്വന്തം ലേഖകൻ
കോട്ടയം: കമ്മ്യൂണിസ്റ്റുകൾ നശിപ്പിച്ച അയിത്തവും തീണ്ടലും തൊടീലും തിരിച്ചു വരണം; ഭാരതത്തിന്റെ നമസ്‌കാരവും തീണ്ടലും തൊടീലും മാത്രമാണ് കൊറോണക്കാലത്ത് നമുക്കും നാടിനും രക്ഷ..! കൊറോണക്കാലത്തും വർഗീയ കുറിപ്പ് എഴുതിയ സംഘപരിവാറിന്റെ വനിത മുഖമായ അംബിക ജെ.ആറിന് മറുപടിയുമായി സി പി എം നേതാവ് കെ അനിൽകുമാർ .
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം……..
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശാരീരിക അകലം പാലിക്കുകയെന്നത് ജാതീയമായ അയിത്തത്തെ ന്യായീകരിക്കുന്നുണ്ടോ?.
കൊറോണ പടരുന്നതു തടയാൻ ശാരീരികമായ അകലം പാലിക്കണമെന്നും സാമൂഹ്യകമായി ഒരുമിച്ചു നിൽക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തു. സോപ്പുപയോഗിച്ച് കൈകൾ കഴുകുന്ന ബ്രേക്ക് ദി ചെയിൻ കൂടി വന്നതോടെ കിണ്ടിയും വെള്ളവുമായി ചിലർ രംഗത്തിറങ്ങി. പണ്ട് വീടിന്റെ കോലായിൽ കിണ്ടിയും അതിൽ വെള്ളവും വെക്കുമായിരുന്നു. കാലും കയ്യും കഴുകാതെ തറവാട്ടിൽ അകത്തു കയറാനാവില്ല.
ഓരോ ജാതിക്കാരും പാലിക്കേണ്ട തീണ്ടാപ്പാടകലത്തിന്റെ അടിക്കണക്കും ഉണ്ടായിരുന്നു. മനുസ്മൃതി, ശാങ്കര സ്മൃതി, വസിഷ്ട സ്മൃതി, പരാശര സ്മൃതി, യാജ്ഞവൽക്യ സ്മൃതി എന്നിങ്ങനെ ബ്രാഹ്മണ പൗരോഹിത്യം ഉണ്ടാക്കിയ അഗ്രഹാര സംസ്‌കൃതിയുടെ നിയമ വ്യവസ്ഥയിലൂടെ നടപ്പാക്കപ്പെട്ടതാണത്. ലോകത്ത് ഒരു രാജ്യത്തും അതുണ്ടായിട്ടുമില്ല.
കൊറോണ ക്കെതിരായ പ്രതിരോധം സ്വയം നാം പാലിക്കുന്ന അകലമാണ്. കൊറോണയല്ലാ ഏത് പകർച്ചവ്യാധിയോടും ശാസ്ത്രീയമായ ശാരീരിക അകലം വേണം. സ്മൃതി കാലത്ത് വസൂരി വന്നാൽ ബ്രാന്മണന്റെയും അവസ്ഥ ഒറ്റമുറിപ്പുരയായിരുന്നു. അവിടെക്കിടന്നു ചാവും. ശാസ്ത്രബോധം മൂലം നാം ഇപ്പോൾ സ്വയം പാലിക്കുന്ന അകലം, നാം നമ്മളെ മറ്റുള്ളവരിൽ നിന്നും മറ്റാളുകളെ നമ്മളിൽ നിന്നും രക്ഷിക്കാനുള്ള കരുതലാണ്. അതിൽ രൂപപ്പെടുന്ന അപര ബോധം ശാസ്ത്രം നൽകുന്ന തിരിച്ചറിവ് മൂലം രൂപപ്പെടുന്നതാണ്.
ജാതി സൃഷ്ടിക്കുന്ന അപര ബോധമല്ലത്. മക്കളായാലും ഭാര്യയോ ഭർത്താവോ ആരായിരുന്നാലും വൈറസ് ബാധ തടയാൻ അകലം പാലിച്ചേ മതിയാകൂ. അതുപോലെ സാമൂഹ്യമായ ഐക്യം ഉയരുകയും വേണം. വാനപ്രസ്ഥ കാലത്ത് പിൻതിരിഞ്ഞു നോക്കാതെ മുന്നോട്ടു നടന്നിട്ടും യുധിഷ്ഠിരനൊഴികെയുള്ള പാണ്ഡവരെല്ലാം സ്വർഗത്തിലെത്തിയില്ല. പിൻ വിളിക്കു കാത്തു നില്ക്കാതെ ചേർത്തു പിടിച്ചു നടക്കാനാണ് പിണറായി പറയുന്നത്.
അയിത്താചരണം ഭാരതീയമല്ല. ആദി ഭാരതത്തിന്റെ സംസ്‌കാര മുന്നേറ്റമായ ഹാരപ്പയും മോഹൻ ജോദാരോവിലും ബിസി 7000 ന് മുമ്പ് കിണ്ടിയും വെള്ളവും വെച്ചിട്ടില്ലായിരുന്നു.പക്ഷെ വൃത്തിയുള്ള വീടുകൾ, ഓടകൾ, കുളങ്ങൾ, നിരത്തുകൾ, അഴുക്കുചാലുകൾ ഇവയൊക്കെ ഉണ്ടായിരുന്നു. വേദങ്ങൾ ജനിച്ചത് പിന്നീടാണ്. സ്മൃതികളും, പുരാണങ്ങളും അനുശാസിക്കുന്നത് മനുഷ്യൻ അധമനാണെന്നാണ്. ദേവന്മാർക്ക് ശാപം കിട്ടുമ്പോൾ മനുഷ്യരായി ജനിക്കും. പുനർ ജന്മം പാപകാരണമാണ്.
ബുദ്ധമതം അതിനെ ചോദ്യം ചെയ്തു. ശുദ്ധിയുടെ ജീവിത പാഠങ്ങൾ അവർ പകർന്നു. അഷ്ടാംഗ മാർഗങ്ങളിൽ ശരീരശുദ്ധി മാത്രമല്ല, മന:ശുദ്ധിയും പ്രധാനമായിരുന്നു. ബുദ്ധ-ജൈനമതങ്ങൾ മുന്നോട്ടുവച്ച സഹജീവികളോടുള്ള കരുതൽ ആരാണ് തകർത്തത്?. മ്യഗബലി മാത്രമല്ല, നരബലി പോലും. തന്റെ മോക്ഷത്തിനായി മറ്റൊരു മനുഷ്യനെ ബലി കൊടുക്കുന്ന ആചാരം അതൊക്കെ തിരികെയെത്തിക്കാൻ കൊറോണക്കാലത്ത് നാം സ്വയം സ്വീകരിക്കേണ്ട സന്യാസജീവിതത്തെ അയിത്താചരണത്തെ സാധൂകരിക്കാനുള്ള അവസരമാക്കിയവർ സ്വയം ചിന്തിക്കുക.