അമേരിക്കൻ നമ്പരിലെ വാട്‌സ് അപ്പ് തട്ടിപ്പ്: നൈജീരിയക്കാരായ പ്രതികൾ കോട്ടയം പൊലീസിന്റെ പിടിയിൽ; തെളിവില്ലാത്ത തട്ടിപ്പ് പൊക്കിയത് ജില്ലാ പൊലീസിന്റെ മിടുക്ക്; പൊൻതൂവലുമായി കോട്ടയത്തെ പൊലീസ് പട

അമേരിക്കൻ നമ്പരിലെ വാട്‌സ് അപ്പ് തട്ടിപ്പ്: നൈജീരിയക്കാരായ പ്രതികൾ കോട്ടയം പൊലീസിന്റെ പിടിയിൽ; തെളിവില്ലാത്ത തട്ടിപ്പ് പൊക്കിയത് ജില്ലാ പൊലീസിന്റെ മിടുക്ക്; പൊൻതൂവലുമായി കോട്ടയത്തെ പൊലീസ് പട

സ്വന്തം ലേഖകൻ
കോട്ടയം: അമേരിക്കൻ നമ്പൻ ഉപയോഗിച്ച് വാട്‌സ്അപ്പ് അക്കൗണ്ട് ഉണ്ടാക്കി കുടമാളൂർ സ്വദേശിയായ മറൈൻ എൻജിനീയറുടെ ഒൻപത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ സ്വദേശിയടക്കം മൂന്നു പേരെ പിടികൂടിയതായി ഡിവൈഎസ്പി ആർ ശ്രീകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. യാതൊരു തെളിവും അവശേഷിപ്പിക്കാതെ ഇന്ത്യയിലെ അമേരിക്കൻ അംബാസിഡറാണെന്ന വ്യാജേനെ തട്ടിപ്പ് നടത്തിയ സംഘത്തെ വെസ്റ്റ് എസ്.ഐ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായി മുംബെയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

തട്ടിപ്പ് സംഘത്തിന്റെ തലവൻ നൈജീരിയക്കാരൻ ബെഞ്ചമിൻ ബാബഫേമി, കാമുകി പൂനെ സ്വദേശി ശീതൾ, കൂട്ടാളി വിനോദ് കട്ടാരിയ എന്നിവരുടെ അറസ്റ്റാണ് വെസ്റ്റ് പൊലീസ് ഇന്നലെ രേഖപ്പെടുത്തിയത്.
ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെയും, വെസ്റ്റ് സി.ഐ നിർമ്മൽ ബോസിന്റെയും നേതൃത്വത്തിൽ എ.എസ്.ഐ ഷിബുക്കുട്ടൻ, സിവിൽ പൊലീസ് ഓഫിസർ ബിനുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ. മറൈൻ എൻജിനീയറിംഗ് ബിരുദധാരിയും, നിലവിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ആളുമായ കുടമാളൂർ സ്വദേശിയാണ് തട്ടിപ്പിനു ഇരയായയത്. ഇയാൾക്ക് വാട്സ് അപ്പ് സന്ദേശം എത്തിയതോടെയാണ് തട്ടിപ്പ് തുടങ്ങുന്നത്. അമേരിക്കയിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പരിന്റെ മാതൃകയിലുള്ള നമ്പരിൽ നിന്നാണ് വാട്സ്അപ്പ് സന്ദേശം എത്തിയത്. സന്ദേശത്തിൽ പറഞ്ഞ കമ്പനിയുമായി യുവാവ് ബന്ധപ്പെട്ടപ്പോൾ നിലവിൽ ഇവിടെ ജോലി ഒഴിവുണ്ടെന്ന വിവരവും ലഭിച്ചു. ഇതോടെ സന്ദേശം എത്തിയ വാട്സ് അപ്പ് നമ്പരിൽ ബയോഡേറ്റയും മറ്റു വിശദാംശങ്ങളും യുവാവ് അയച്ചു നൽകി. ബാക്കി വിവരങ്ങൾക്കായി ഇന്ത്യയിലെ അമേരിക്കൻ അംബാസിഡർ നേരിട്ട് ബന്ധപ്പെട്ട് അറിയിക്കുമെന്നും തട്ടിപ്പ് സംഘം യുവാവിനെ അറിയിച്ചു. ഇവർ പറഞ്ഞ വിവരങ്ങൾ ഇന്റർനെറ്റിൽ പരതിയപ്പോൾ ശരിയാണെന്നു കണ്ടെത്തിയതോടെ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലായി യുവാവ്. തൊട്ടടുത്ത ദിവസം തന്നെ യുവാവിന്റെ വാട്സ് അപ്പിൽ അമേരിക്കൻ അംബാസിഡർ എന്ന വ്യാജേനെ തട്ടിപ്പുകാരൻ ബന്ധപ്പെട്ടു.ഇതിനു പിന്നാലെ കമ്പനിയുടെ സന്ദേശം വാട്സ് അപ്പിൽ എത്തി. വിസയുടെ പ്രോസസിംങ് ഫീസായി 45,000 രൂപ അടയ്ക്കണം. തൊട്ടടുത്ത ആഴ്ച വീണ്ടും സന്ദേശം എത്തി – താങ്കളുടെ വിസ തയ്യാറായിട്ടുണ്ട്, വാക്സിനേഷൻ ചാർജ് ഇനത്തിൽ 96,000 രൂപ ഫീസായി അടയ്ക്കണമെന്ന നിർദേശം എത്തി. പിന്നാലെ, രണ്ടു ലക്ഷം രൂപ പ്രതിരോധ മരുന്നിന്റെ ഫീസായും, ആറ് ലക്ഷം രൂപ നിക്ഷേപമായും നൽകണമെന്ന നിർദേശം വന്നു. ഈ തുക അടച്ചതിനു പിന്നാലെ വീണ്ടും മൂന്നു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് യുവാവിനു സംശയം തോന്നിയത്. തുടർന്നാണ് ജില്ലാ പൊലീസ് മേധാവിക്കും സൈബർ സെല്ലിനും വെസ്റ്റ് പൊലീസിനും പരാതി നൽകിയത്.
ഇന്റർനെറ്റ് കോളിംഗിനു ഉപയോഗിച്ചുന്ന ഫോൺ നമ്പരുകളാണ് തട്ടിപ്പ് സംഘങ്ങൾ വാട്സ് അപ്പ് അക്കൗണ്ട് നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. വാട്സ് അപ്പ് അക്കൗണ്ട് നിർമ്മിക്കുമ്പോൾ വേരിഫിക്കേഷനു വേണ്ടി ഒരു എസ്.എം.എസ് മൊബൈൽ നമ്പരിലേയ്ക്ക് വരും. എസ്.എം.എസ് വഴിയോ, ഫോൺ കോൾ വഴിയോ ആണ് വാട്സ് വേരിഫൈ ചെയ്യുന്നത്. തട്ടിപ്പുകാർ എസ്.എം.എസിനു പകരം ഇന്റർനെറ്റ് വഴിയുള്ള നമ്പരിലേയ്ക്ക് കോൾ വിളിച്ച് ഫോണിൽ വാട്സ് ഉപയോഗിക്കും. തട്ടിപ്പിനു ശേഷം ഈ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് കളയുകയും ചെയ്യും.
ഇവരുടെ അക്കൗണ്ട് പരിശോധിച്ചതിൽ നിന്നും സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നിന്നും സമാന രീതിയിൽ പണം തട്ടിയെടുത്തിട്ടുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇവരുടെ അക്കൗണ്ടുകൾ വിശദമായി പൊലീസ് പരിശോധിക്കും. ഇന്ന് ജില്ലയിൽ എത്തിച്ച ശേഷം പ്രതികളെ ചോദ്യം ചെയ്യുന്നതിനാണ് പൊലീസ് ഒരുങ്ങുന്നത്.