ആലുവയില്‍ നാണയം വിഴുങ്ങി കുഞ്ഞ് മരിച്ച സംഭവം; മകന്റെ മരണകാരണം അറിയുന്നത് വരെ സമരം ചെയ്യും; ജോലി തരാമെന്നും വീട് നല്‍കാമെന്നും പറഞ്ഞ് സര്‍ക്കാര്‍ വഞ്ചിച്ചു; സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നെങ്കില്‍ അവന്‍ രക്ഷപ്പെട്ടേനേ; മരിച്ച് ഒരുവര്‍ഷം കഴിഞ്ഞിട്ടും നീതി കിട്ടാതെ മൂന്ന് വയസ്സുകാരന്‍ പൃഥ്വിരാജിന്റെ അമ്മ
സ്വന്തം ലേഖകന്‍
ആലുവ: നാണയം വിഴുങ്ങി പൃഥ്വിരാജ് എന്ന മൂന്ന് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ വീണ്ടും സമരത്തിനൊരുങ്ങി കുഞ്ഞിന്റെ അമ്മ നന്ദിനി. ഒരു വര്‍ഷമായിട്ടും മകന്റെ മരണകാരണം അറിയാന്‍ കഴിഞ്ഞില്ലെന്നും സര്‍ക്കാരും ഉദ്യോഗസ്ഥരും വഞ്ചിച്ചുവെന്നും നന്ദിനി പറയുന്നു.
ജോലി വാഗ്ദാനം നല്‍കിയത് പാലിച്ചില്ലെന്നും മകന്റെ മരണകാരണം വ്യക്തമാകും വരെ സമരവുമായി മുന്നോട്ടുപോകുമെന്നും നന്ദിനി പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം വ്യക്തമല്ല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാടക വീട്ടിലാണ് നന്ദിനിയും അമ്മയും കഴിയുന്നത്. ഒന്നും നേടിയെടുക്കാനല്ല സമരമെന്നും മൂന്ന് വര്‍ഷം ഓമനിച്ച് വളര്‍ത്തിയ കുഞ്ഞിന്റെ മരണകാരണം അറിയുകയാണ് തന്റെ ആവശ്യമെന്നും അവര്‍ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോകാതെ സ്വകാര്യ ആശുപത്രിയില്‍ പോയിരുന്നുവെങ്കില്‍ തങ്ങളുടെ കുഞ്ഞ് ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നെന്നും അനാസ്ഥ കാണിച്ച ഡോക്ടര്‍മാര്‍ ശിക്ഷിക്കപ്പെടണമെന്ന് പൃഥ്വിരാജിന്റെ അമ്മൂമ്മയും പറയുന്നു.
2020 ഓഗസ്റ്റ് ഒന്നിനാണ് നാണയം വിഴുങ്ങിയതിനെ തുടര്‍ന്ന് മൂന്ന് വയസുകാരന്‍ പൃഥിരാജിനെ ആലുവ ജില്ല ആശുപത്രിയിലെത്തിച്ചത്. പീഡിയാട്രിക് സര്‍ജന്‍ ഇല്ലെന്ന കാരണത്താല്‍ അവിടെ നിന്നും എറണാകുളം ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജിലുമെത്തിച്ചു. വീട്ടിലെത്തിയ ശേഷം കുഞ്ഞ് മരണപ്പെടുകയായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുഞ്ഞിന്റെ ശരീരത്തില്‍ നിന്ന് രണ്ട് നാണയങ്ങള്‍ കണ്ടെത്തിയിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ഹൃദയത്തിന്റെ അറകള്‍ക്ക് തകരാര്‍ സംഭവിച്ചുവെന്നാണ് രാസപരിശോധന ഫലം. കുടുംബത്തിന്റെ സമരത്തിന് പിന്തുണ കൂടിയതോടെ കൂടുതല്‍ പരിശോധന നടത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും തീരുമാനിച്ചിരുന്നു.