അന്യഗ്രഹ ജീവികൾ ഭൂമിയിൽ മറഞ്ഞിരിക്കുന്നു; എന്നാൽ, അതിന്റെ തെളിവുകൾ അധികൃതർ മറയ്ക്കുന്നു, ആകാശത്ത് തിളങ്ങുന്ന പച്ചനിറത്തിലെ ഗോളം കണ്ടു; ഞെട്ടിക്കുന്ന വിവരങ്ങളുമായി മുൻ ഇന്റലിജൻസ് ഓഫീസർ
ന്യൂയോർക്ക്: ഭൂമിയിൽ അന്യഗ്രഹ ജീവികൾ മറഞ്ഞിരിക്കുന്നുണ്ടെന്നും ഇവ മാനവരാശിക്ക് ഭീഷണിയാണെന്നുമുള്ള വിചിത്ര വാദവുമായി മുൻ യു എസ് ഇന്റലിജൻസ് ഓഫീസർ രംഗത്ത്.
അഫ്ഗാനിസ്ഥാൻ, കുവൈറ്റ് എന്നിവിടങ്ങളിൽ അടക്കം സേവനം അനുഷ്ഠിച്ച മുൻ യു.എസ് സൈനികൻ കൂടിയായ ലൂയീസ് എലിസോണ്ടോയാണ് പ്രതികരണം നടത്തിയത്. യു.എസിന്റെ തീവ്രവാദ വിരുദ്ധ മിഷനുകളിലും ഇദ്ദേഹം ഭാഗമായിട്ടുണ്ട്. മേരിലാൻഡിലുള്ള വസതിക്ക് സമീപം ആകാശത്ത് തിളങ്ങുന്ന പച്ചനിറത്തിലെ ഗോളം തന്റെ മക്കൾ കണ്ടെന്ന് ലൂയീസ് പറയുന്നു.
ബാസ്‌ക്കറ്റ് ബോളിന്റെ വലിപ്പമുള്ള പച്ചനിറത്തിലെ ഒരു വസ്തു വീട്ടിലെ അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് പതിയെ പറക്കുന്നത് താൻ നേരിട്ട് കണ്ടെന്നും അത് പെടുന്നനെ അപ്രത്യക്ഷമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂമിയിൽ അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യമുണ്ടെന്നത് യു.എസ് ഭരണകൂടത്തിന് അറിവുള്ളതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, അതിന്റെ തെളിവുകൾ അധികൃതർ മറയ്ക്കുന്നെന്നും ലൂയീസ് ആരോപിച്ചു. ഇക്കാര്യങ്ങൾ വിവരിക്കുന്ന ‘ഇമിനെൻറ്റ് – ഇൻസൈഡ് ദ പെന്റഗൺസ് ഹണ്ട് ഫോർ യു.എഫ്.ഒസ്” എന്ന പുസ്തകം 52കാരനായ അദ്ദേഹം രചിച്ചു. പറക്കുന്ന അജ്ഞാത വസ്തുക്കളുടെ (യു.എഫ്.ഒ) ഉറവിടം കണ്ടെത്താൻ യു.എസ് പ്രതിരോധ വകുപ്പ് (പെന്റഗൺ) രൂപീകരിച്ച അഡ്വാൻസ്ഡ് എയറോസ്‌പേസ് ത്രെറ്റ് ഐഡന്റിഫിക്കേഷൻ പ്രോഗാമിന്റെ (എ.എ.ടി.ഐ.പി) മുൻ തലവനാണ് താനെന്ന് ലൂയീസ് പറയുന്നു.
അന്വേഷണം തുടങ്ങിയ ശേഷമാണ് പച്ച നിറത്തിലെ തിളങ്ങുന്ന വസ്തുക്കൾ കണ്ടുതുടങ്ങിയതെന്നും പറഞ്ഞു. അന്യഗ്രഹ ജീവികളുടെ അസ്ഥിത്വത്തിന്റെ തെളിവുകൾ ഭൂമിയിലുണ്ട്. യു.എസിന് അവ ലഭിച്ചിട്ടുണ്ട്. എന്നാൽ, ജനങ്ങളിൽ ഭീതിയുണ്ടാകുമെന്ന് കരുതി പെന്റഗൺ ഉദ്യോഗസ്ഥർ ഇത് രഹസ്യമാക്കി വച്ചിരിക്കുന്നു.
ആകാശത്തെ അജ്ഞാത വസ്തുക്കൾ മനുഷ്യനിർമ്മിതമല്ല. പ്രപഞ്ചത്തിലെ ബുദ്ധിജീവികൾ മനുഷ്യർ മാത്രമല്ല. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഈ പേടകങ്ങൾ ലോകത്ത് സജീവമാണ്. വായുവിലും ജലത്തിലും ബഹിരാകാശത്തും ഭൗതികശാസ്ത്രപരമായ നമ്മുടെ അറിവിനെ ധിക്കരിക്കുന്ന തരത്തിൽ സഞ്ചരിക്കാനുള്ള കഴിവ് അവയ്ക്കുണ്ട്. യു.എഫ്.ഒകൾ മാനവരാശിക്ക് ഭീഷണി ഉയർത്താനുള്ള സാദ്ധ്യത തള്ളാനാകില്ലെന്നും ലൂയീസ് കൂട്ടിച്ചേർത്തു.
യു.എസ് ഉദ്യോഗസ്ഥർ ലൂയീസിന്റെ വാദത്തോട് പ്രതികരിച്ചിട്ടില്ല. ഇതാദ്യമായല്ല അന്യഗ്രഹ ജീവികളുണ്ടെന്ന വാദം യു.എസിൽ ഉയരുന്നത്. ആകാശത്ത് അജ്ഞാത പേടകം കണ്ടെന്ന നിരവധി റിപ്പോർട്ടുകളും നിലവിലുണ്ട്.