ആലപ്പുഴയിൽ പ്രണയത്തിന്റെ തീയിൽ വെന്തു തീർന്ന് മറ്റൊരു ജീവൻ കൂടി; ഏഴു വർഷത്തെ പ്രണയത്തിനൊടുവിൽ കാമുകൻ വിവാഹത്തിനായി ആവശ്യപ്പെട്ടത് 101 പവൻ സ്വർണ്ണം; 22 കാരി വിഷക്കായ കഴിച്ചു മരിച്ചു

തേർഡ് ഐ ബ്യൂറോ

ആലപ്പുഴ: കൊല്ലം കൊട്ടിയത്ത് റംസിയെന്ന പെൺകുട്ടി, കാമുകന്റെ ചതിയിൽക്കുടുങ്ങി ജീവനൊടുക്കിയതിന്റെ വേദനയും അലയൊലിയും മാറും മുൻപ്, ആലപ്പുഴയിൽ നിന്നും മറ്റൊരു കണ്ണീരണിഞ്ഞ പ്രണയകഥ.

പ്രണയത്തെ തുടർന്ന് ഏറെക്കുറെ ഉറപ്പിച്ച വിവാഹത്തിൽ നിന്ന് സ്ത്രീധനത്തിന്റെ പേരിൽ പിൻമാറിയ കാമുകൻ മറ്റൊരു വിവാഹത്തിന് തീരുമാനിച്ചതിൽ മനംനൊന്താണ് പെൺകുട്ടി വിഷക്കായ കഴിച്ചു മരിച്ചത്. ആ വിവാഹം ഉറപ്പിക്കാൻ പ്രതിശ്രുത വധുവിന്റെ വീട്ടുകാർ കാമുകന്റെ വീട്ടിലെത്തിയ ദിവസമാണ് വിഷക്കായ കഴിച്ചത്.

ബിഎസ് സി നഴ്സിംഗ് നാലാം വർഷ വിദ്യാർത്ഥിനി ആറാട്ടുപുഴ പഞ്ചായത്ത് പെരുമ്പള്ളി മുരിക്കിൽ വീട്ടിൽ വിശ്വനാഥൻ-ഗീത ദമ്പതികളുടെ മകൾ അർച്ചനയാണ് (22) മരിച്ചത്. വെള്ളിയാഴ്ച വിഷക്കായ കഴിച്ച് അവശയായ നിലയിൽ വീട്ടിൽ കണ്ടെത്തിയതിനെ തുടർന്ന് ആലപ്പുഴ മെഡി. ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയിൽ മരിച്ചു. ആത്മഹത്യാകുറിപ്പും വാട്ട്‌സാപ്പ് ശബ്ദ സന്ദേശങ്ങളും തൃക്കുന്നപ്പുഴ പൊലീസ് കണ്ടെടുത്തു.

പ്‌ളസ് വണ്ണിന് പഠിക്കവേ സഹപാഠിയായ കണ്ടല്ലൂർ വടക്ക് പട്ടോളി മാർക്കറ്റ് കല്ലുംമൂട്ടിൽ ശ്യാമുമായി അടുപ്പത്തിലായി. പ്‌ളസ് ടുവിന് ശേഷം ശ്യാം വിദേശത്ത് പോയി. അർച്ചന കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തിൽ ബിഎസ് സി നഴ്സിംഗിനു ചേർന്നു. നിലവിൽ അവസാന വർഷ വിദ്യാർത്ഥിയാണ്. ശ്യാം ഒരുവർഷം മുമ്പ് അർച്ചനയുടെ വീട്ടിൽ സുഹൃത്തുമായി എത്തി വിവാഹാലോചന നടത്തി.

പിന്നീട് ശ്യാമിന്റെ രക്ഷാകർത്താക്കളുമെത്തി. 101 പവനും കാറും നൽകിയാണ് ശ്യാമിന്റെ സഹോദരിയെ അയച്ചതെന്നും ഇതൊക്കെയാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു. ഇത്രയും നൽകാൻ കഴിയില്ലെന്ന് വീട്ടുകാർ പറഞ്ഞു. പ്രണയം തുടർന്നെങ്കിലും വീണ്ടും വിദേശത്ത് പോയി മടങ്ങിയെത്തിയ യുവാവ് മറ്റൊരു പെൺകുട്ടിയുമായി വിവാഹത്തിന് തയ്യാറായി.പെൺകുട്ടിയുമായി നിൽക്കുന്ന ഫോട്ടോ അർച്ചനയുടെ മൊബൈലിലേക്ക് അയച്ചുകൊടുത്തു. മരിക്കുമെന്ന് ശ്യാമിനെ അറിയിച്ചപ്പോൾ ‘നീ പോയി ചാകെടീ’ എന്നായിരുന്നു മറുപടിയെന്നും വീട്ടുകാർ പറയുന്നു.

മകളുടെ മരണത്തിന്റെ ഉത്തരവാദികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് പിതാവ് വിശ്വനാഥൻ പറഞ്ഞു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തൃക്കുന്നപ്പുഴ പൊലീസ് കേസ് എടുത്തു. സഹോദരി: ആര്യ.

നിങ്ങളുടെ ആഗ്രഹം പൂർത്തീകരിക്കാൻ കഴിയാത്തതിനാൽ അച്ഛനോടും അമ്മയോടും ക്ഷമ ചോദിക്കുന്നതായി പെൺകുട്ടി ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. സഹോദരി ആര്യ മോൾ നല്ലരീതിയിൽ പഠിച്ച് വളരണം. ശ്യാം അച്ഛനും അമ്മയും പറയുന്നത് അനുസരിച്ച് സുഖമായി ജീവിക്കട്ടെയെന്നും ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നു.