കുട്ടികൾക്കൊപ്പം സെൽഫിയെടുക്കുന്നതിനിടയിൽ അമ്മയുടെ കൈയിൽ നിന്നും കടലിൽ വീണ കുഞ്ഞിന്റെ മൃതശരീരം കണ്ടെത്തി ; രണ്ടരവയസുകാരന്റെ മൃതദേഹം കണ്ടെത്തിയത് ഇന്ന് രാവിലെ

സ്വന്തം ലേഖകൻ

ആലപ്പുഴ: കടലിന് സമീപത്ത് നിന്നും കുട്ടികളുമായി സെൽഫിയെടുക്കുന്നതിനിടെ അമ്മയുടെ കൈയിൽ നിന്നും കടലിൽ വീണ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. അമ്മയുടെ കൈയിൽ നിന്നും കടലിൽ വീണ രണ്ടര വയസ്സുകാരന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.

തൃശൂർ പൂതൽചിറ പുതിയപറമ്പിൽ ലക്ഷ്മണൻ അനിത മോൾ ദമ്പതികളുടെ മകൻ ആദികൃഷ്ണയാണ് മരിച്ചത്.

രണ്ട് ദിവസമായി അനിത മോളും ആദികൃഷ്ണയുടെ സഹോദരനും അനിതയുടെ സഹോദരെന്റ മകനുമായി തൃശൂരിൽ വിവാഹത്തിൽ പങ്കെടുത്തശേഷം ആലപ്പുഴ ഇന്ദിര ജംഗ്ഷനിലെ ബന്ധുവായ ചാത്തനാട് രാജി സദനത്തിലെ ബിനുവിെന്റ വീട്ടിൽ എത്തിയതായിരുന്നു. തുടർന്ന് ഞായറാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെ ഉച്ചഭക്ഷണത്തിനുശേഷം ബിനു വാഹനത്തിൽ ഇവരുമായി ആലപ്പുഴ ബീച്ചിൽ എത്തി.

എന്നാൽ വിജയാപാർക്കിന് സമീപം എത്തിയ ഇവരെ പൊലീസ് കടൽ തീരത്തേക്ക് പോകാൻ അനുവദിക്കുയും ചെയ്തിരുന്നില്ല. ഇതേ വാഹനവുമായി ഇവർ ഇ.എസ്.ഐ ആശുപത്രിക്ക് സമീപത്തെ വില്ലേജ് ഓഫിസിന് പടിഞ്ഞാറ് ആളൊഴിഞ്ഞ ഭാഗത്ത് എത്തി.

ബിനു വാഹനം പാർക്ക് ചെയ്യാൻ പോയസമയം അനിതമോൾ കുട്ടികളുമായി തീരത്തേക്ക് പോയി. ഈസമയം കടൽ പ്രക്ഷുബ്ധമായിരുന്നു. തീരത്തുനിന്ന് കുട്ടികളുമായി സെൽഫി എടുക്കുന്നതിനിടെ എത്തിയ കൂറ്റൻ തിരയിൽ പെട്ട് നാലുപേരും കടലിലേക്ക് വീണു. കരച്ചിൽ കേട്ട് ബിനു എത്തി അനിതമോളെയും ആദികൃഷ്ണയുടെ സഹോദരനും അനിതയുടെ സഹോദരെന്റ മകനെയും രക്ഷിച്ചു.

അനിതമോളുടെ ൈകയിൽനിന്ന് ആദികൃഷ്ണ തിരയിൽപെട്ട് കാണാതാവുകയായിരുന്നു. കുഞ്ഞിനെ രക്ഷിക്കുന്നതിനായുള്ള ശ്രമത്തിനിടയിൽ ഫോൺ, കാറിെന്റ താക്കോൽ എന്നിവയും നഷ്ടമായി.

കുഞ്ഞിനായി പൊലീസും ലൈഫ് ഗാർഡും അഗ്‌നിരക്ഷാ സേനയും മത്സ്യത്തൊഴിലാളികളും ആദ്യ ദിവസം തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ തിരയും ഒഴുക്കും കാരണം കണ്ടെത്താൻ സാധിക്കാതെ വരികെയായിരുന്നു. തിങ്കളാഴ്ച അഗ്‌നിശമന സേന, കോസ്റ്റൽ പൊലീസ്, സൗത്ത് പൊലീസ്, കുട്ടിയുടെ ബന്ധുക്കൾ, മത്സ്യത്തൊഴിലാളികൾ എന്നിവർ വള്ളത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ ഒഴുക്കും തിരയും രക്ഷാപ്രവവർത്തനത്തിന് തടസമാവുകയായിരുന്നു.

വിലക്കുകൾ ലംഘിച്ച് ഉല്ലാസയാത്രക്ക് ബീച്ചിലെത്തി കുഞ്ഞിന് അപകടം സംഭവിച്ച സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നരഹത്യക്ക് കേസ് എടുക്കണമെന്ന് സി.ഡബ്ല്യു.സി ചെയർപേഴ്‌സൻ ജലജ ചന്ദ്രൻ പൊലീസിനോട് ആവശ്യപ്പെട്ടു.