ദുരിതാശ്വാസ സഹായം അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ വിതരണം തുടങ്ങിയെന്ന് വ്യാജ പ്രചാരണം: സോഷ്യൽ മീഡിയ വഴി അപേക്ഷ ഫോം സഹിതം പ്രചാരണം ഊർജിതം; ഒന്നും തുടങ്ങിയിട്ടില്ലെന്ന് ജില്ലാ കളക്ടർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പ്രളയത്തിൽ ദുരിതത്തിൽ നിന്നു നാടും നഗരവും കരകയറും മുൻപ് വ്യാജ പ്രചാരണവുമായി ഒരു സംഘം സാമൂഹ്യ വിരുദ്ധർ. സോഷ്യൽ മീഡിയയിലൂടെയാണ് ദുരിതാശ്വാസ സഹായം സംബന്ധിച്ചുള്ള സോഷ്യൽ മീഡിയ പ്രചാരണം നടക്കുന്നത്. അക്ഷയ കേന്ദ്രങ്ങൾ വഴി ദുരിതാശ്വാസ സഹായത്തിന് അപേക്ഷ ക്ഷണിച്ച് തുടങ്ങിയതായും, അപേക്ഷ സ്വീകരിക്കുന്നവർക്ക് സഹായം അടിയന്തരമായി നൽകിത്തുടങ്ങുമെന്നുമാണ് പ്രചാരണം ശക്തമായിരിക്കുന്നത്. വ്യാജപ്രചാരണം പരിധികളെല്ലാം ലംഘിച്ചതോടെ ജില്ലാ കളക്ടർ സുധീർ ബാബു തന്നെ തന്റെ ഫെയ്‌സ്ബുക്കിലൂടെ ഇതിനെതിരെ രംഗത്ത് എത്തി.
പ്രളയത്തിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ജനങ്ങൾ മുങ്ങി നിൽക്കുമ്പോഴാണ് ഇവരെ കൂടുതൽ ദുരിതത്തിലേയ്ക്ക് തള്ളി വിട്ട് സോഷ്യൽ മീഡിയയിലുടെ വ്യാജ പ്രചാരണം ശക്തമായിരിക്കുന്നത്. അക്ഷയ കേന്ദ്രങ്ങൾ വഴി ദുരിതാശ്വാസത്തിനുള്ള സഹായം സ്വീകരിക്കാൻ ആരംഭിച്ചതായാണ് വ്യാജ പ്രചാരണം. ഇത് വിശ്വസിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരിൽ പലരും തങ്ങളുടെ രേഖകൾ അടക്കം ശേഖരിക്കാനായി നെട്ടോട്ടമോടി. പലരും അപേക്ഷയുമായി അക്ഷയ സെന്റുകളിൽ എത്തുക പോലും ചെയ്തു. ഇതിനിടെയാണ് വിവരം സന്നദ്ധ സംഘടനകളുടെ പ്രവർത്തകരും സർക്കാരന്റെ വിവിധ വിഭാഗം ജീവനക്കാരും അറിഞ്ഞത്.
തുടർന്ന് ജില്ലാ കളക്ടറുടെ മുൻപിൽ വിവരം എത്തുകയായിരുന്നു. തുടർന്ന് ഇദ്ദേഹം തന്നെയാണ് വിവിധ വകുപ്പുകളുടെ സഹായത്തോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഇത്തരം സഹായം വിതരണം നൽകുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. ഓരോ ദുരിതാശ്വാസ ക്യാമ്പിലും ഇതു സംബന്ധിച്ചുള്ള അറിയിപ്പ് നൽകിയിട്ടുണ്ട്. തുടർന്ന് ഇദ്ദേഹം തന്റെ ഫെയ്‌സ്ബുക്കിലും ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ പങ്കു വച്ചിട്ടുണ്ട്.