play-sharp-fill
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ജില്ലയിലെ സ്‌കൂളുകളിൽ നിർബന്ധിത പിരിവ്; പിരിവ് വിദ്യാർത്ഥികളെ സമ്മർദത്തിലാക്കി ടാർജറ്റ് നൽകി; പ്രതിഷേധവുമായി മാതാപിതാക്കൾ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ജില്ലയിലെ സ്‌കൂളുകളിൽ നിർബന്ധിത പിരിവ്; പിരിവ് വിദ്യാർത്ഥികളെ സമ്മർദത്തിലാക്കി ടാർജറ്റ് നൽകി; പ്രതിഷേധവുമായി മാതാപിതാക്കൾ

സ്വന്തം ലേഖകൻ

കോട്ടയം: പ്രളയദുരിതബാധിതരെ സഹായിക്കാനായി ജില്ലയിലെ സ്‌കൂളുകളിൽ നിർബന്ധിത പിരിവ്. സ്വകാര്യ – എയ്ഡഡ് മാനേജ്മെന്റ് സ്‌കൂളുകളാണ് വിദ്യാർത്ഥികളിൽ നിന്നും നിർബന്ധിത പിരിവ് നടത്തുന്നത്. ചില സ്‌കൂളുകൾ വിദ്യാർത്ഥികൾക്ക് ടാർജറ്റ് നൽകിയാണ് നിർബന്ധിത പിരിവ് നടത്തുന്നത്. വിദ്യാർത്ഥികളെയും ദുരിതാശ്വാസ നിധിയുടെ സമാഹരണത്തിനു ഭാഗമാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം വരും മുൻപാണ് ചില സ്വകാര്യ – എയ്ഡഡ് സ്‌കൂളുകൾ സ്വയം പിരിവ് ആരംഭിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമില്ലാതെ വിദ്യാർത്ഥികളിൽ നിന്ന് പണം പിരിക്കരുതെന്ന ചട്ടം നിലനിൽക്കെയാണ് സ്‌കൂളുകളിൽ നിർബന്ധിത പിരിവ് നടക്കുന്നത്.
സംസ്ഥാനത്ത് പ്രളയക്കെടുതിയും, ഓണാവധിയ്ക്കും ശേഷം ജില്ലയിലെ സ്‌കൂളുകൾ ബുധനാഴ്ചയാണ് തുറന്നത്. അന്ന് തന്നെ സ്‌കൂളുകളിലെത്തിയ വിദ്യാർത്ഥികൾ നിശ്ചിത തുക ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് നൽകണമെന്ന് മാനേജ്മെന്റും അധ്യാപകരും നിർദേശം നൽകിയിരുന്നു. ഇതേ തുടർന്ന് വെള്ളിയാഴ്ച രാവിലെ സ്‌കൂളിലെത്തിയ വിദ്യാർത്ഥികളോട് അധ്യാപകർ പണം ആവശ്യപ്പെടുകയായിരുന്നു. പ്രളയദുരിതത്തിൽ കുടുങ്ങിയ ചില കുട്ടികൾക്ക് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പണം കൊണ്ടു വരാനായില്ല. ഇത്തരക്കാരിൽ നിന്നും നിർബന്ധിത പിരിവ് നടത്തുന്നതായാണ് ആരോപണം ഉയർന്നിരിക്കുന്നത്.
നഗരമധ്യത്തിലെ പ്രമുഖ സ്‌കൂളിൽ നിന്നാണ് ഇതു സംബന്ധിച്ചുള്ള പരാതി ആദ്യം ഉയർന്നത്. പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്‌കൂളിൽ കന്യാസ്ത്രീകളായ അധ്യാപകരുടെ നേതൃത്വത്തിലാണ് നിർബന്ധിത പിരിവ് നടക്കുന്നതെന്നാണ് ആരോപണം. ഇതേ തുടർന്ന് മാതാപിതാക്കൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. എന്നിട്ടും ഈ സ്‌കൂൾ അധികൃതർ പിരിവ് അവസാനിപ്പിക്കാൻ തയ്യാറായിട്ടില്ല. പ്രളയബാധിതരായ കുട്ടികളെ ഒഴിവാക്കുകയോ, നിർബന്ധമായ പിരിവ് അവസാനിപ്പിക്കുകയോ ചെയ്യണമെന്നാണ് മാതാപിതാക്കൾ അഭ്യർത്ഥിക്കുന്നത്.