
കൊടുചൂടിനിടെ ആശ്വാസമായാണ് കഴിഞ്ഞ ദിവസങ്ങളിൽ വേനൽമഴ എത്തിയത്. എന്നാൽ ആ ആശ്വാസമഴ കർഷകർക്ക് വലിയ തിരിച്ചടിയായി മാറുകയും ചെയ്തു. എറണാകുളം ജില്ലയിലെ കർഷകരുടെ 43 കോടി രൂപയുടെ കൃഷിയാണ് മഴയിൽ നശിച്ചത്. ജനുവരി ഒന്ന് മുതൽ ഏപ്രിൽ 30 വരെ കൃഷി വകുപ്പ് തയ്യാറാക്കിയ പ്രാഥമിക കണക്ക് പ്രകാരം 43.38 കോടി രൂപയുടെ കൃഷിനാശമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിളവെടുപ്പിന് പാകമായിരുന്ന പച്ചക്കറികളും പഴവർഗങ്ങളും നാണ്യ വിളകളും വ്യാപകമായി നശിച്ചു. ജില്ലയുടെ കിഴക്കൻ മേഖലയിൽ വന്യമൃഗ ശല്യം മൂലം നേരത്തേ തന്നെ ബുദ്ധിമുട്ടിലായിരുന്ന കർഷകരെ പ്രതികൂല കാലാവസ്ഥ കൂടുതൽ പ്രതിസന്ധിയിലാക്കി. നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകൾ ലഭിച്ചതിന് ശേഷമേ നഷ്ടത്തിന്റെ പൂർണ കണക്ക് വ്യക്തമാകൂവെന്നും അധികൃതർ പറയുന്നു.
ഈ വർഷം ചൂടും മഴയും കാറ്റും ചേർന്ന് 4297.08 ഹെക്ടർ പ്രദേശത്തെ കൃഷിയാണ് നശിപ്പിച്ചത്. വായ്പയെടുത്തും പാട്ട ഭൂമിയിൽ കൃഷിയിറക്കിയും മുന്നോട്ട് പോയ കർഷകരാണ് ഇപ്പോൾ കൂടുതൽ പ്രതിസന്ധിയിലായത്. വിഷുവിനും ഓണ വിപണിക്കും ലക്ഷ്യമിട്ട് നടത്തിയിരുന്ന കൃഷികൾ പലതും ഉണങ്ങിയും കാറ്റിൽ തകർന്നുമാണ് നഷ്ടമായത്. പുതുതായി നട്ടതും വിളവെടുപ്പിന് അടുത്തെത്തിയതുമായ കൃഷികളും നാശനഷ്ടത്തിൽപ്പെട്ടു. ഏറ്റവും കൂടുതൽ നാശമുണ്ടായത് വാഴകൃഷിയിലാണ്. കുലച്ചതും കുലക്കാറായതുമായ ആയിരക്കണക്കിന് വാഴകൾ വേനൽച്ചൂടിൽ ഉണങ്ങി. പിന്നീട് ഉണ്ടായ കാറ്റിലും മഴയിലും ഒടിഞ്ഞ് വീഴുകയും ചെയ്തു. ആലുവ, അങ്കമാലി, പറവൂർ, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, പിറവം മേഖലകളിലാണ് കൂടുതൽ നാശം രേഖപ്പെടുത്തിയത്.






