നിർണ്ണായക മണ്ഡലമായി ഏറ്റുമാനൂർ :ആത്മവിശ്വാസത്തോടെ യു.ഡി.എഫ് ; വെല്ലുവിളികൾ വിജയത്തിലേക്ക് വഴിതുറക്കുമെന്ന പ്രതീക്ഷയിൽ അഡ്വ. പ്രിൻസ് ലൂക്കോസ്
തേർഡ് ഐ ബ്യൂറോ
ഏറ്റുമാനൂർ : നിർണ്ണായകമായ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിലെ സ്ഥാനാർത്ഥി ചിത്രം പൂർത്തിയായതോടെ പ്രതീക്ഷയിൽ യു.ഡി.എഫ് ക്യാംപ്. സീറ്റ് നിഷേധിക്കപ്പെട്ട കോൺഗ്രസ് നേതാവ് ലതികാ സുഭാഷ് ഉയർത്തുന്ന പ്രശ്‌നങ്ങൾ അതിവേഗം തന്നെ പരിഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാംപ്.
പ്രചാരണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയ പ്രതീക്ഷയിൽ തന്നെയാണ് യു.ഡി.എഫ്. ഈ സാഹചര്യത്തിൽ പ്രചാരണത്തിൽ ഒരിഞ്ച് പോലും വിട്ടുവീഴ്ച്ച വേണ്ടെന്ന നിലപാടിലാണ് യു.ഡി.എഫും കോൺഗ്രസും. ആദ്യഘട്ടത്തിൽ സീറ്റ് കേരളാ കോൺഗ്രസിന് നൽകുന്നതിനെതിരെ കോൺഗ്രസിലെ ഒരു ചെറു ന്യൂനപക്ഷം പ്രതിഷേധവുമായി എത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ യൂത്ത് കോൺഗ്രസിന്റെ ആദ്യ സംസ്ഥാന പ്രസിഡന്റായ ഒ.വി ലൂക്കോസിന്റെ മകൻ അഡ്വ. പ്രിൻസ് ലൂക്കോസാണ് സ്ഥാനാർത്ഥിയെന്ന പ്രഖ്യാപനം വന്നതോടെ യു.ഡി.എഫും കോൺഗ്രസും ഒറ്റക്കെട്ടായി രംഗത്ത് ഇറങ്ങിയിരുന്നു. പിന്നീട് അണുവിട വിട്ടുകൊടുക്കാതെ അതിവേഗമാണ് പ്രചാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
ഇതിനിടെയാണ് സീറ്റ് നിഷേധത്തിന്റെ പേരിൽ ലതികാ സുഭാഷിന്റെ ഭാഗത്ത് നിന്നും പ്രശ്‌നങ്ങൾ ഉന്നയിക്കപ്പെടുന്നത്. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും കരുത്തുറ്റ നേതൃത്വം ഈ വിഷയങ്ങളെല്ലാം രമ്യമായി തന്നെ പരിഹരിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പ്രിൻസ് ലൂക്കോസ് മാധ്യമങ്ങളോട് പറഞ്ഞു. ഏത് പ്രശ്‌നവും സസൂഷ്മം നിരീക്ഷിച്ച് പരിഹരിക്കാൻ ശേഷിയുള്ളതാണ് യു.ഡി.എഫിന്റെ നേതൃത്വം.
ലതികാ സുഭാഷിന് സീറ്റ് നിഷേധിക്കപ്പെട്ടത് ഖേദകരമാണ്. മുടി മുറിച്ചുള്ള പ്രതിഷേധത്തിലേക്ക് ലതിക എത്തിയത് ദുഃഖകരമാണ്. എന്നാൽ നിർണ്ണായകമായ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ യു.ഡി.എഫിനെയും കോൺഗ്രസിനെയും ദുർബലപ്പെടുത്തുന്ന നിലപാട് ലതികാ സുഭാഷിനെ പോലെ മുതിർന്നൊരു നേതാവ് സ്വീകരിക്കുമെന്ന് താൻ കരുതുന്നില്ലെന്നും അഡ്വ. പ്രിൻസ് ലൂക്കോസ് മാധ്യമങ്ങളോട് പറഞ്ഞു.