
സ്വന്തം ലേഖകൻ
അടൂര്‍: രാപകലില്ലാതെ ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്‌ഥര്‍ക്ക് നിലവിലുള്ള സൗകര്യത്തില്‍ കഴിച്ച് കൂട്ടേണ്ടി വരുന്ന അവസ്‌ഥയാണുള്ളത്. അടൂര്‍ പോലീസ് സ്‌റ്റേഷന്‍ അടിസ്‌ഥാന സൗകര്യമോ ഉദ്യോഗസ്‌ഥരോ ഇല്ലാതെ വീര്‍പ്പ് മുട്ടുന്നു.
നിയോജക മണ്ഡലത്തിലെ ഇല്ലായ്‌മയുടെ പട്ടിക പോലീസ് സ്‌റ്റേഷനിലേക്കും നീളുന്നു. ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ കേസ് രജിസ്‌റ്റര്‍ ചെയ്യുന്ന സ്‌റ്റേഷനാണിത്. ഈ കേസിലെ 99 ശതമാനം പ്രതികളേയും പിടികൂടി എന്ന നേട്ടവുമായി തല ഉയര്‍ത്തി നില്‍ക്കുന്ന സ്‌റ്റേഷന്‍ കൂടിയാണിത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്‌റ്റേഷന്‍ പരിധിയിലെ ജനസംഖ്യയ്‌ക്ക് ആനുപാതികമായി പോലീസുകാരുടെ എണ്ണത്തില്‍ വര്‍ധനവില്ല. അഞ്ച് പഞ്ചായത്തിലും നഗരസഭയിലും വരുന്ന അരലക്ഷത്തിലധികം പേര്‍ സ്‌റ്റേഷന്റെ പരിധിയിലുള്ളപ്പോള്‍ ക്രമസമാധാന പാലനത്തിന് 60 പോലീസ് ഉദ്യോഗസ്‌ഥര്‍ മാത്രമാണുള്ളത്.
സമാധാന പരിപാലനം, കേസന്വേഷണം, കോടതി ഉത്തരവ് നടപ്പാക്കല്‍, പരാതി പരിഹാരം, മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള വി.ഐ.പികള്‍ക്ക് അകമ്പടി ഉള്‍പ്പെടെ നിരവധി ചുമതലകളാണുള്ളത്. എം.സി റോഡായതിനാല്‍ അപകടവും ഗതാഗത കുരുക്കും കൂടുതലാണ്.
ഇവ നിയന്ത്രിക്കാന്‍ സ്‌റ്റേഷനില്‍ നിന്നും പോലീസുകാര്‍ പോകേണ്ടി വരുന്നുണ്ട്. കേരളത്തിനകത്തും പുറത്തും വിദേശത്തുമായി കേസന്വേഷണത്തിനും പോകേണ്ടതായി വരുന്നുണ്ട്.
കൂടാതെ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള ഡ്യൂട്ടി, രാത്രികാല പട്രോളിങ്, ഉത്സവ കാലത്തെ ക്ഷേത്രങ്ങളിലെ ഡ്യൂട്ടിയും നിര്‍വഹിക്കേണ്ടതായി വരുന്നുണ്ട്.
ഇതോടെ പോലീസ് സ്‌റ്റേഷനില്‍ വിരലിലെണ്ണാവുന്ന പോലീസുദ്യോഗസ്‌ഥര്‍ മാത്രമാണുള്ളത്.