
സ്വന്തം ലേഖകൻ
അടൂർ: സ്വന്തം അമ്മയെ രാത്രി വഴിയരികിൽ കണ്ട സ്ത്രീയാണെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് മകൻ കടന്നു കളഞ്ഞു. പൊലീസ് ഇവരെ അഗതിമന്ദിരത്തിലാക്കി. അടൂരാണ് സംഭവം.
അഗതിമന്ദിരത്തിലെത്തി അമ്മയോട് സ്വത്തുക്കളുടെ രേഖകൾ ആവശ്യപ്പെട്ടതോടെയാണ് യുവാവ് മകനാണെന്ന് അഗതിമന്ദിരം അധികൃതരും മനസിലാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ അടൂർ മഹാത്മാ ജനസേവന കേന്ദ്രം ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.ടാപ്പിങ് തൊഴിലാളിയായ മകൻ 71കാരിയായ അമ്മയ്‌ക്കൊപ്പം അടൂർ ബൈപാസിനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു.
കഴിഞ്ഞ 14ന് രാത്രി ഇയാൾ അമ്മയെ മിത്രപുരം ഭാഗത്ത് വഴിയിൽ കൊണ്ടുനിർത്തി. അതുവഴി വന്ന പൊലീസ് വാഹനത്തിന് കൈകാണിച്ചു. തന്റെ പേര് ബിജു എന്നാണെന്നും അജ്ഞാതയായ വയോധികയെ വഴിയരികിൽ കണ്ടതാണെന്നും പൊലീസിനോടു പറഞ്ഞു.
തുടർന്ന് പൊലീസ് വയോധികയെ കൂട്ടിക്കൊണ്ടു പോകുകയും മഹാത്മാ ജനസേവന കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു. അഗതി മന്ദിരത്തിലെത്തിയതിന് പിന്നാലെ 16ന് അമ്മയുടെ ഫോണിലേക്ക് കോൾ വന്നു, വയോധികയെ ജനസേവന കേന്ദ്രത്തിൽ എത്തിക്കാൻ സഹായിച്ച ബിജുവാണെന്നും അവരെ ഒന്നു കാണണമെന്നും പറഞ്ഞ് അനുവാദം വാങ്ങി.
അഗതിമന്ദിരത്തിൽ മദ്യപിച്ചെത്തിയ ഇയാൾ വയോധികയുടെ കയ്യിലുള്ള രേഖകൾ കൈവശപ്പെടുത്താൻ ശ്രമം നടത്തി. ഇതിൽ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് ബിജുവെന്നു പറഞ്ഞു വന്നയാൾ വയോധികയുടെ മകനാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് അധികൃതർ വട്ടപ്പാറ കല്ലയം കാരാമൂട് അനിതവിലാസത്തിൽ അജികുമാറിനെതിരെ പരാതി നൽകുകയായിരുന്നു.







