
കുടിയും കറിയും കുഴപ്പത്തിൽ: ജിഎൻപിസിയിൽ കുട്ടികൾക്കൊപ്പമുള്ള ചിത്രമിട്ടവരും കുടുങ്ങും; പൊതുസ്ഥലത്ത് മദ്യപിച്ചവർക്കും കുട്ടികൾക്കൊപ്പം മദ്യപിച്ചവർക്കുമെതിരെ കേസെടുക്കാൻ നീക്കം; അഡിമിനെ സാമ്പത്തിക തട്ടിപ്പ് കേസിലും കുടുക്കും
ഇമ്മാനുവേൽ
കൊച്ചി: ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയ്ക്കുമെതിരെ കേസെടുത്തതിനു പിന്നാലെ ഗ്രൂപ്പ് അംഗങ്ങൾക്കെതിരെ തുടർ നടപടികൾ സ്വീകരിക്കാനൊരുങ്ങി എക്‌സൈസ്. മദ്യ- ഭക്ഷണ പ്രേമികളുടെ കൂട്ടായ്മയായ ജിഎൻപിസി അഡ്മിനെതിരെ കേസെടുത്തതോടെയാണ് സ്ഥിതി ഗതികൾ കൂടുതൽ ഗുരുതരമായി മാറിയിരിക്കുന്നത്. ഇതോടെ ജിഎൻപിസിയിലെ അംഗങ്ങളെ കൂടുതൽ നിരീക്ഷിക്കുന്നതിനും എക്‌സൈസ് സംഘം തീരുമാനിച്ചിട്ടുണ്ട്.
പത്തു ലക്ഷത്തോളം അംഗങ്ങളുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പായ ജിഎൻപിസിക്കെതിരെ എക്സൈസ് കമ്മീഷണറുടെ നിദേശപ്രേകാരം തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി അനികുമാറും പാർട്ടിയും ചേർന്നാണ് കേസെടുത്തത്. മദ്യപാനത്തിന് പ്രോത്സാഹനം നൽകുന്ന തരത്തിലുള്ളതും, പരസ്യ പ്രചാരണം നടത്തുന്നതുമായ പോസ്റ്റുകൾ പോസ്റ്റ് ചെയ്തതിനാണ് കേസ്സെടുത്തത്. ഗ്രൂപ്പ് അഡ്മിൻ തിരുവനന്തപുരം താലൂക്കിൽ നേമം വില്ലേജിൽ കാരയ്ക്കാമണ്ഡപം ആമീ വിളാകം ദേശത്ത് സരസ്സിൽ അജിത് കുമാറിനെ (40)യാണ് കേസിൽ ഒന്നാം പ്രതിയാക്കിയിരിക്കുന്നത്. ഇയാളുടെ ഭാര്യ അനിതയ്‌ക്കെതിരെയും എക്‌സൈസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുവരും അടക്കം 39 പേരാണ് ഗ്രൂപ്പിന് അഡ്മിനായുള്ളതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇവർക്കെതിരെയും ഉടൻ കേസ് രജിസ്റ്റർ ചെയ്‌തേക്കും.
കഴിഞ്ഞ രണ്ടു വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന ഗ്രൂപ്പിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ എക്‌സൈസ് സംഘം പൂർണമായും നിരീക്ഷിക്കുയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും ഒപ്പം മദ്യപിക്കുന്ന നിരവധി ചിത്രങ്ങൾ ജിഎൻപിസി അംഗങ്ങൾ ഫെയ്‌സ്ബുക്കിലെ പേജിൽ പോസറ്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ചിത്രങ്ങൾ പോസ്റ്റ്് ചെയ്തവരെ കണ്ടെത്തുന്നതായി ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്പോൾ നിരീക്ഷിക്കുകയാണ് എക്‌സൈസ് സംഘം. നേരത്തെ ജിഎൻപിസി ഗ്രൂപ്പ് അംഗങ്ങളിൽ ഒരാൾ തന്റെ ഭാര്യയ്‌ക്കൊപ്പം മദ്യപിക്കുന്ന ചിത്രം പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് സ്വകാര്യ ഗ്രൂപ്പുകളിൽ അശ്ലീല കമന്റോടു കൂടി പ്രചരിക്കുകയും, ഗ്രൂപ്പ് അംഗങ്ങൾ തമ്മിലുള്ള തർക്കത്തിനു ഇടയാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഗ്രൂപ്പ് അഡ്മിനെതിരെ തന്നെ കേസെടുക്കുന്ന സ്ഥിതി ഉണ്ടായിരിക്കുന്നത്.
അഡ്മിൻമാർ മാത്രമല്ല, ഗ്രൂപ്പിൽ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ചിത്രങ്ങളിട്ടവരും, പൊതുസ്ഥലത്ത് മദ്യപിച്ചവരും, കുട്ടികൾക്കൊപ്പം മദ്യപിക്കുന്ന ചിത്രമിട്ടവരും എല്ലാം കേസിൽ കുടുങ്ങുമെന്ന് ഇതോടെ ഉറപ്പായി.