
അടുപ്പിന് താഴെ രണ്ട് അടി താഴ്ചയില്‍ കുഴിച്ചപ്പോള്‍ നാല് വിരലുകള്‍; ബിനോയിയുടെ വീട്ടില്‍ നിര്‍മ്മാണപ്രവര്‍ത്തനം നടന്നുവെന്ന മൊഴി പൊലീസ് കാര്യമാക്കിയില്ല; അടുക്കളയില്‍ കുഴിച്ചിട്ട മൃതദേഹം കണ്ടെത്തിയത് നാട്ടുകാരും ബന്ധുക്കളും; നടുക്കം മാറാതെ നാട്
സ്വന്തം ലേഖകന്‍
അടിമാലി: ഒറ്റയ്ക്ക് താമസിക്കുന്ന യുവാവിന്റെ അടുക്കളയില്‍ കുഴിച്ച്മൂടിയ നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം, മൂന്നാഴ്ച മുന്‍പ് കാണാതായ കാമാക്ഷി താമഠത്തില്‍ സിന്ധു (45) വിന്റേതാണെന്ന നിഗമനത്തിലുറച്ച് പൊലീസും നാട്ടുകാരും. അയല്‍വാസിയായ മണിക്കന്നേല്‍ ബിനോയി (50)ഒളിവിലാണ്. പ്രാഥമിക അന്വേഷണത്തില്‍ ബിനോയ് തന്നെയാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് അനേഷണ സംഘം.
ബിനോയിയുടെ അടുക്കളയുടെ അടുപ്പിന് താഴെ രണ്ടടി താഴ്ചയില്‍ കുഴിച്ചപ്പോഴാണ് നാല് വിരലുകള്‍ കണ്ടെത്തിയത്. ബിനോയിയുടെ വീട്ടില്‍ അടുക്കളയില്‍ നിര്‍മ്മാണം നടത്തിയിട്ടുണ്ടെന്ന് സിന്ധുവിന്റെ ഇളയ മകന്‍ പൊലീസിന് മൊഴി നല്‍കിയെങ്കിലും പൊലീസ് പരിശോധിക്കാന്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തി അടുക്കളയില്‍ കുഴിച്ച് നോക്കുകയും ചെയ്തു. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വെള്ളത്തുവല്‍ പൊലീസ് സ്ഥലത്തെത്തി മറ്റ് നടപടികള്‍ സ്വീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിനോയിയുടെ വീടിന് സമീപമുള്ള വാടക വീട്ടിലായിരുന്നു സിന്ധുവും 12 വയസ്സുള്ള ഇളയ മകനും താമസിച്ചിരുന്നത്. കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്. ഇരുവരും തമ്മില്‍ ഇടയ്ക്ക് വാക്കു തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ 11 ന് രാത്രി മകനെ ബിനോയിയുടെ ബന്ധുവിന്റെ വീട്ടില്‍ കൂട്ടു കിടപ്പിനായി പറഞ്ഞു വിട്ടു. പിറ്റേന്ന് മകന്‍ വീട്ടില്‍ എത്തിയപ്പോള്‍ മാതാവിനെ കാണാത്തതിനെത്തുടര്‍ന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയും ബന്ധുക്കള്‍ വെള്ളത്തുവല്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്യുകയുമായിരുന്നു.
ഇടുക്കി ഡിവൈ.എസ്.പി ഇമ്മാനവേല്‍ പോള്‍, വെള്ളത്തൂവല്‍ സി.ഐ ആര്‍. കുമാര്‍ , എസ്.ഐ മാരായ രാജേഷ് കുമാര്‍ , സജി.എന്‍. പോള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ടീം രൂപീകരിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി തഹസീല്‍ദാരുടെ നേതൃത്വത്തില്‍ മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തും. ബിനോയി തമിഴ്‌നാട്ടിലേക്ക് കടന്നതായി പൊലീസ് സംശയിക്കുന്നുണ്ട്.