ഗവാസ്‌കറെ എഡിജിപിയുടെ മകൾ മർദ്ദിച്ച സംഭവം; ദൃക്സാക്ഷിയായ ഓട്ടോക്കാരനെ കാണാനില്ല

ഗവാസ്‌കറെ എഡിജിപിയുടെ മകൾ മർദ്ദിച്ച സംഭവം; ദൃക്സാക്ഷിയായ ഓട്ടോക്കാരനെ കാണാനില്ല

ബാലചന്ദ്രൻ

തിരുവനന്തപുരം : എ.ഡി.ജി.പിയുടെ മകൾ ഗവാസ്‌കറെ മർദ്ദിക്കുന്നത് കണ്ട ഏകദൃക്‌സാക്ഷി ഓട്ടോ ഡ്രൈവറെ കാണാനില്ല! തിരുവനന്തപുരം സ്വദേശിയെ അന്വേഷിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് മുക്കിയതായാണ് നാട്ടുകാരുടെ ആരോപണം. ഡ്രൈവറെ മർദ്ദിച്ചതിനുശേഷം ഇയാളുടെ ഓട്ടോയിലാണു എ.ഡി.ജി.പിയുടെ മകൾ തലസ്ഥാനത്തെ എസ്.പി. ഫോർട്ട് ആശുപത്രിയിൽ ചികിത്സയ്ക്കായി പോയത്. ഓട്ടോ ഇടിച്ച് പരുക്കേറ്റെന്നാണ് ഡോക്ടർ ആശുപത്രി രജിസ്റ്ററിൽ രേഖപ്പെടുത്തിയത്. ആശുപത്രിയിലെ കേസ് ഷീറ്റിൽ രേഖപ്പെടുത്തിയിരുന്ന ഈ വിവരം ഗവാസ്‌ക്കർക്ക് വലിയ പിടിവള്ളിയാവുകയായിരുന്നു. ഓട്ടോ ഡ്രൈവറെ കണ്ടെത്തിയാലേ കേസിൽ തുമ്പുണ്ടാക്കാൻ കഴിയൂവെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. എന്നാൽ, ഇക്കാര്യത്തിൽ ഹൈക്കോടതി നിലപാട് ഗവാസ്‌കർക്ക് അനുകൂലമാണ്. സ്‌നിഗ്ധയുടെ എതിർപരാതിയിൽ ഗവാസ്‌കറുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി, എ.ഡി.ജി.പിയുടെ മകൾക്കു പ്രത്യേകപരിഗണനയില്ലെന്നും വ്യക്തമാക്കി. തന്നെ ജാതീയമായി വേട്ടയാടാൻ ചിലർ ശ്രമിക്കുന്നുവെന്ന എ.ഡി.ജി.പി സുദേഷ്‌കുമാറിന്റെ ആക്ഷേപം സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തള്ളി. കേസിന്റെ അന്വേഷണപുരോഗതി വ്യക്തമാക്കാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദർവേഷ് സാഹിബിനു ബെഹ്‌റ നിർദേശം നൽകി.