അയാൾക്ക് അങ്ങനെ തന്നെ വേണം , എന്റെ അച്ഛനേയും അമ്മയേയും കൊന്നവനാണ് ; ഏഴു വയസ്സുകാരന്റെ വാക്കുകൾ ആരുടേയും ഹൃദയം തകർക്കും

അയാൾക്ക് അങ്ങനെ തന്നെ വേണം , എന്റെ അച്ഛനേയും അമ്മയേയും കൊന്നവനാണ് ; ഏഴു വയസ്സുകാരന്റെ വാക്കുകൾ ആരുടേയും ഹൃദയം തകർക്കും

Spread the love

 

സ്വന്തം ലേഖിക

മാവേലിക്കര : അച്ഛനെയും അമ്മയെയും തിരികെ കിട്ടില്ലെങ്കിലും ആ സങ്കടത്തിനു കോടതി വിധിയിലൂടെ അൽപമെങ്കിലും ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദേവനും ദേവികയും.

പല്ലാരിമംഗലം ദേവു ഭവനത്തിൽ ബിജുവും (42) ഭാര്യ ശശികലയും (35) കൊല്ലപ്പെട്ട കേസിൽ നാളെ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി വിധി പറയുമ്‌ബോൾ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മക്കളായ ദേവനും ദേവികയും ഒപ്പം ഇവരെ സംരക്ഷിക്കുന്ന ബിജുവിന്റെ മൂത്ത സഹോദരൻ രാജനും കുടുംബവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018 ഏപ്രിൽ 23നാണ് അയൽക്കാരനായ പൊണ്ണശേരി കിഴക്കതിൽ തിരുവമ്പാടി വീട്ടിൽ സുധീഷി (39)ന്റെ ക്രൂരതയ്ക്കിരയായി ബിജുവും ശശികലയും കൊല്ലപ്പെട്ടത്.

ഉച്ചകഴിഞ്ഞ് ബിജുവും ശശികലയും ജോലി കഴിഞ്ഞു മാവേലിക്കരയിൽ നിന്നു മകൻ ദേവനോടൊപ്പം വീട്ടിലേക്കു മടങ്ങുന്ന വഴി കാരണമില്ലാതെ സുധീഷ് അവരെ അസഭ്യം പറഞ്ഞു. ബിജു ഇത് ചോദ്യംചെയ്തു. ഇവർ വീട്ടിലേക്കു കയറിയതിനു പിന്നാലെ സുധീഷ് കമ്പിവടിയുമായെത്തി ആദ്യം ബിജുവിനെ ആക്രമിച്ചു.

നിലവിളി കേട്ട് അടുക്കളയിൽനിന്ന് ഓടിയെത്തിയ ശശികലയെയും ആക്രമിച്ചു. പുറത്തേക്കോടിയ ഇരുവരെയും പിന്തുടർന്ന സുധീഷ് തന്റെ വീടിനു മുന്നിൽ വച്ചു വീണ്ടും ആക്രമിച്ചു.ദേവന്റെ നേരെയും കൊലയാളി പാഞ്ഞടുത്തതാണ്. അടുത്ത വീട്ടിലേക്ക് ഓടിക്കയറിതുകൊണ്ട് മാത്രം ആയുസ്സ് നീട്ടികിട്ടി.

ദേവൻ വിവരമറിയിച്ചതനുസരിച്ച് ഓടിയെത്തിയ അയൽവാസികൾ കണ്ടതു ബിജുവും ശശികലയും രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ്. ശശികല സംഭവ സ്ഥലത്തും ബിജു കായംകുളം താലൂക്ക് ആശുപത്രിയിലും മരിച്ചു.രണ്ടു മണിക്കൂറിനുള്ളിൽ സുധീഷിനെ പുത്തൻകുളങ്ങര ജംക്ഷനിൽനിന്നു പൊലീസ് പിടികൂടി.കോടതിയിൽ ദേവനെ സാക്ഷിയായി വിസ്തരിച്ചിരുന്നു. കണ്ടത് വ്യക്തമായി കോടതിയിൽ പറഞ്ഞിട്ടുണ്ട്.

സംഭവത്തിനു ശേഷം ഒന്നു രണ്ടു മാസം കുട്ടികൾ മാനസിക സമ്മർദത്തിലായിരുന്നു. ചേച്ചി ദേവിക അന്ന് വല്യച്ഛൻ രാജന്റെ വീട്ടിലായിരുന്നു.ഇപ്പോൾ വാടയ്ക്കൽ അംബേദ്കർ റസിഡൻഷ്യൽ സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ദേവിക. ദേവൻ രാജന്റെ കുടുംബത്തോടൊപ്പം താമസിച്ചു മുള്ളിക്കുളങ്ങര ഗവ. എൽപിഎസിൽ മൂന്നാം ക്ലാസിൽ പഠിക്കുന്നു.