നീ അറിയാതെ നിന്നെ സ്‌നേഹിച്ചിരുന്ന ഒരാള്‍ ഉണ്ടായിരുന്നു; പതിനേഴ് വയസ്സില്‍ ആത്മഹത്യ ചെയ്ത ആ നിഷ്‌കളങ്ക മുഖം ഓര്‍മ്മയായിട്ട് നാല്‍പ്പത്തൊന്ന് വര്‍ഷങ്ങള്‍; ശോഭയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്; കുറിപ്പുമായി ബാലചന്ദ്ര മേനോന്‍

നീ അറിയാതെ നിന്നെ സ്‌നേഹിച്ചിരുന്ന ഒരാള്‍ ഉണ്ടായിരുന്നു; പതിനേഴ് വയസ്സില്‍ ആത്മഹത്യ ചെയ്ത ആ നിഷ്‌കളങ്ക മുഖം ഓര്‍മ്മയായിട്ട് നാല്‍പ്പത്തൊന്ന് വര്‍ഷങ്ങള്‍; ശോഭയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്; കുറിപ്പുമായി ബാലചന്ദ്ര മേനോന്‍

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ നായികയാണ് ശോഭ.’പശി’ എന്ന തമിഴ് ചലച്ചിത്രത്തിലൂടെ ദേശീയപുരസ്‌കാരവും സ്വന്തമാക്കിയ അവര്‍ 17-ആം വയസ്സില്‍ 1980 മേയ് 1 ന്, ആരാധകരെ അമ്ബരപ്പിച്ചുകൊണ്ട് ആത്മഹത്യ ചെയ്തു.

ഇപ്പോഴിതാ ശോഭയുടെ ഓര്‍മ്മദിനത്തില്‍, നടിയെക്കുറിച്ചു ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ബാലചന്ദ്ര മേനോന്‍;

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘സ്റ്റാര്‍ ഹോട്ടലിലെ ഊണ് അല്ല, മറിച്ചു ഇലയില്‍ വിളമ്ബിയ പുന്നെല്ലിന്റെ ചോറില്‍ തൈര് ഒഴിച്ച്, കാന്താരി മുളക് ‘ഞെവടി’ കഴിക്കുന്ന സുഖമാണ് കെ.പി.എ.സി ലളിതയുടെ ‘കുണുക്കമുള്ള’ സംസാരം കേള്‍ക്കാന്‍ എന്ന് ഞാന്‍ പണ്ടു പറഞ്ഞത് ഓര്‍ത്തു പോകുന്നു.

എന്നാല്‍ ആ ‘കുണുക്കം’ ആദ്യം കേട്ടത് ‘ഉത്രാടരാത്രി’ എന്ന എന്റെ ആദ്യ ചിത്ര നായിക ശോഭയില്‍ നിന്നാണ്. കേള്‍ക്കാന്‍ ഇമ്ബമുള്ള ‘പിണക്കവും കുണുക്കവും.’

ചന്നം പിന്നം പെയ്യുന്ന മഴ നനഞ്ഞു മദിരാശി അരുണാചലം സ്റ്റുഡിയോയില്‍ അവള്‍ എന്റെ റെക്കോര്‍ഡിങ്ങിനു വന്നത് ഇന്നലെ എന്ന പോലെ.

ശങ്കരാടി ചേട്ടനാണ് എന്നാണ് എന്റെ ഓര്‍മ്മ , ശോഭയുടെ ദേഹവിയോഗം ‘ഇഷ്ട്ടമാണ് പക്ഷേ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ സെറ്റില്‍ അറിയിച്ചത് . അതും ഇന്നലെ എന്ന പോലെ.

നീണ്ട നാല്പത്തിയൊന്നു വര്‍ഷങ്ങള്‍. പക്ഷേ ഒന്നുണ്ട്. നീ എന്റെ ആദ്യ നായികയാണ്. അതു കൊണ്ട് തന്നെ നീ എനിക്ക് പ്രിയപ്പെട്ടവളാണ്.

‘ഉത്രാടരാത്രി’ക്കായി വാണി ജയറാം പാടിയ ‘മഞ്ഞു പൊഴിയുന്നു .മാമരം കോച്ചുന്നു .’ എന്ന ബിച്ചു തിരുമല എഴുതിയ വരികള്‍ കേട്ട് കണ്ണു അറിയാതെ ഒന്നടച്ചു പോയാല്‍ നിന്റെ ‘പിണക്കവും കുണുക്കവും’ എനിക്കു സ്വന്തം.!

എല്ലാം കഴിഞ്ഞുവെങ്കിലും ഒരു കാര്യം കൂടി പറയാതെ വയ്യ. നിന്നെ നീ അറിയാതെ സ്‌നേഹിച്ചിരുന്ന ആരാധിച്ചിരുന്ന ഒരാള്‍ കൂടി ‘ഉത്രാടരാത്രിയി’ല്‍ ഉണ്ടായിരുന്നു. രവി മേനോന്‍.

ഒരു അഭിനേത്രി എന്ന നിലയില്‍ ഒരുപാട്, രവി മേനോനെപ്പോലെ തന്നെ ഈ ലോകം നിന്നില്‍ നിന്നും പ്രതീക്ഷിച്ചു. നിന്നെപ്പറ്റി പറയുമ്‌ബോഴെല്ലാം അയാള്‍ക്ക് ആയിരം നാവായിരുന്നു. തനിക്കു ഷൂട്ട് ഇല്ലെങ്കിലും നീ അഭിനയിക്കുന്ന രംഗങ്ങള്‍ കാണാന്‍ രവി എനിക്ക് കമ്പനി തരുന്നു എന്ന വ്യാജേന സെറ്റില്‍ ഊണും ഉറക്കവും കളഞ്ഞു കാത്തിത്തിരിക്കുമായിരുന്നു.

രവിയും പോയി. ഒരിക്കല്‍ ഞാന്‍ മുഖത്തടിച്ചതു പോലെ ചോദിച്ചു, ‘സത്യം പറ രവി. നിങ്ങള്‍ക്ക് ശോഭയെ അത്രക്കുമിഷ്ടമാണോ?’ ഒരു സെക്കന്റ് ആലോചിക്കാതെ രവി പറഞ്ഞു. ‘ഇഷ്ടമാണ് ബാലൂ. പക്ഷേ.

ആ ‘പക്ഷേ’യില്‍ എല്ലാം ഉണ്ട്.’- ബാലചന്ദ്ര മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു