വിജയ് സേതുപതിയുടെ മകൾക്ക് നേരെ ബലാത്സംഗ ഭീഷണി ; ഭീഷണി ഉയർന്നിരിക്കുന്നത് 800 എന്ന ചിത്രത്തിൽ നിന്നും നടൻ പിന്മാറിയതിനെ തുടർന്ന്

സ്വന്തം ലേഖകൻ

ചെന്നൈ : നടൻ വിജയ് സേതുപതിയുടെ പ്രായപൂർത്തിയാവാത്ത മകൾക്ക് നേരെ ബലാത്സംഗ ഭീഷണി. ശ്രീലങ്കൻ സ്പിന്നിംഗ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 800 എന്ന ചിത്രത്തിൽ നിന്നും പിന്മാറിയതിന് പിന്നാലെയാണ് നടന്റെ മകൾക്ക് നേരെ ഭീഷണി ഉയർന്നിരിക്കുന്നത്.

റിഥിക് എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഭീഷണി സന്ദേശം വന്നിരിക്കുന്നത്. ശ്രീലങ്കയിലെ തമിഴർ നയിക്കുന്ന ദുഷ്‌കരമായ ജീവിതം മനസിലാക്കാൻ വേണ്ടി മകളെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി.

മുത്തയ്യ മുരളീധരനായി ചിത്രത്തിൽ വിജയ് സേതുപതി അഭിനയിക്കുമെന്നായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ കഴിഞ്ഞ ദിവസം ചിത്രത്തിൽ നിന്നും പിന്മാറുന്നതായി വിജയ് സേതുപതി അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബലാത്സംഗ ഭീഷണി ഉയർന്നിരിക്കുന്നത്.

വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ചിത്രത്തിൽ നിന്നും പിന്മാറാൻ വിജയ് സേതുപതി തീരുമാനിച്ചത്. ശ്രീലങ്കയിലെ തമിഴ് വംശജരെ അടിച്ചമർത്തിയ രാഷ്ട്രീയക്കാരെ പിന്തുണച്ച മുത്തയ്യ മുരളീധരനെ അവതരിപ്പിക്കുന്നതിനെതിരെയാണ് തമിഴ്‌നാട്ടിലും തമിഴ് വംശജരിലും പ്രതിഷേധം ഉയർന്നത്.

സംഭവുമായി ബന്ധപ്പെട്ട് കടുത്ത പ്രതിഷേധം ഉയർന്നതോടെ വിജയ് സേതുപതിയോട് ചിത്രത്തിൽനിന്ന് പിൻമാറണമെന്ന് മുരളീധരൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.