കറുകച്ചാലിലെ വയോധികന്റെ മരണത്തിന് ഇടയാക്കിയ അപകടം: സി.സി.ടിവി ക്യാമറ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്; കാണുന്നവർ പറയൂ ഈ അപകടത്തിൽ കുറ്റം ആരുടെ ഭാഗത്ത്
എ.കെ ശ്രീകുമാർ
കോട്ടയം: കറുകച്ചാലിൽ ബൈക്ക് യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്. അപകടത്തിന്റെ കാരണം വ്യക്തമാകുന്ന പെട്രോൾ പമ്പിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് ഇപ്പോൾ തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വിടുന്നത്. വ്യാഴാഴ്ച വൈകിട്ട് ആറു മണിയ്ക്കുണ്ടായ അപകടത്തിൽ നെടുങ്കുന്നം മാന്തുരുത്തി മാന്തുരുത്തിയിൽ വീട്ടിൽ സുകുമാരൻ (53) മരിച്ചിരുന്നു.
ഈ അപകടത്തിന്റെ ക്യാമറാ ദൃശ്യങ്ങളാണ് ഇപ്പോൾ അപകടമുണ്ടായ പമ്പിൽ നിന്നും പൊലീസ് ശേഖരിച്ചത്. ഇതോടെയാണ് അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായത്. കറുകച്ചാൽ അണിയറപ്പടിയിലെ പെട്രോൾ പമ്പിനു മുന്നിലായിരുന്നു കൂട്ടിയിടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കറുകച്ചാൽ ഭാഗത്തു നിന്നും എത്തിയ സുകുമാരൻ പമ്പിനുള്ളിലേയ്ക്കു കയറാൻ റോഡിന്റെ ഇടത് വശത്ത് കാത്തു നിൽക്കുന്നത് ചിത്രങ്ങളിൽ വ്യക്തമാണ്. തന്റെ ഭാഗം നോക്കി ശരിയാക്കിയ ശേഷം റോഡിന്റെ മധ്യഭാഗത്ത് എത്തിയപ്പോൾ എതിർദിശയിൽ നിന്നും അതിവേഗം എത്തിയ സ്‌കൂട്ടർ സുകുമാരൻ സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ എതിർവശത്തു നിന്നും പാഞ്ഞെത്തിയ ബൈക്ക് യാത്രക്കാരൻ റോഡിൽ ഉയർന്നു തെറിച്ചു, നിലത്ത് വീഴുന്നത് വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. നിമിഷ നേരം കൊണ്ടു തന്നെ ആളുകൾ ഇവിടെ തടിച്ചു കൂടുന്നതും കാണാൻ സാധിക്കുന്നുണ്ട്.
തുടർന്ന് ഇതുവഴി എത്തിയ വാഹനത്തിൽ സുകുമാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കറുകച്ചാൽ പൊലീസ് കേസെടുത്തു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ്. അപകടത്തിന്റെ വ്യക്തമായ കാരണം കണ്ടെത്താൻ പൊലീസിനെ ഈ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ സഹായിക്കും.