കോട്ടയത്തിന് ഇന്ന് അപകട ഞായർ; ഇന്ന് ഉച്ചവരെയുണ്ടായ അപകടങ്ങളില്‍ ഏഴോളം പേർക്ക് പരിക്ക്, ഏറ്റുമാനൂർ – വൈക്കം റോഡില്‍ നിയന്ത്രണം വിട്ട ലോറി വർക്ക് ഷോപ്പിന്റെ മതിലിലേക്ക് ഇടിച്ചു കയറി, കോട്ടയം – കുമരകം റോഡില്‍ കാർ പോസ്റ്റില്‍ ഇടിച്ചു പാടത്തേക്കു മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു, കാഞ്ഞിരപ്പള്ളി – എരുമേലി പാതയില്‍ നിയന്ത്രണം നഷ്ടമായ ലോറി മറിഞ്ഞ് ഡ്രൈവർക്കു പരുക്കേറ്റു
കോട്ടയം: കോട്ടയത്തിന് ഇന്ന് അപകട ഞായർ. ഇന്ന് ഉച്ചവരെയുണ്ടായ അപകടങ്ങളില്‍ ഏഴോളം പേർക്കാണ് പരിക്കേറ്റത്. കോട്ടയം – കുമരകം റോഡില്‍ കണ്ണാടിച്ചാലില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാർ പോസ്റ്റില്‍ ഇടിച്ചു പാടത്തേക്കു മറിഞ്ഞു.
ആലപ്പുഴയില്‍ നിന്നും കോട്ടയത്തേക്ക് ദമ്പതികള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാർ ആണ് അപകടത്തില്‍പ്പെട്ടത്. കാർ ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് വിവരം. റോഡരികില്‍ നിന്നിരുന്ന ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു നിയന്ത്രണം നഷ്ടപ്പെട്ട കാർ പാടത്തേക്ക് മറിയുകയായിരുന്നു.
ഡ്രൈവർ ഉള്‍പ്പടെ മൂന്നു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. എല്ലാവരും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ ഇലക്‌ട്രിക് പോസ്റ്റിന്റെ താഴെ ഭാഗം ഒടിഞ്ഞു അപകടാവസ്ഥയിലായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റുമാനൂർ – വൈക്കം റോഡില്‍ കുറുപ്പന്തറ പഴയമഠം കവലയില്‍ നിയന്ത്രണം വിട്ട ലോറി വർക്ക് ഷോപ്പിന്റെ മതിലിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ ഡ്രൈവർക്കു പരുക്കേറ്റു. എറണാകുളത്തു നിന്നും കൊട്ടാരക്കരയിലേക്ക് കമ്പി കയറ്റി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
കുറുപ്പന്തറ പഴയമഠം കവലയില്‍ പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ഓട്ടോ വർക്ക് ഷോപ്പിലേക്ക് ഇടിച്ചു കയറിയ ലോറി വർക്ക് ഷോപ്പിന്റെ മേല്‍ക്കൂരയും, മതിലും ഇടിച്ചു തകർത്താണ് നിന്നത്. വർക്ക്ഷോപ്പ് ഉടമയ്ക്കു നാശനഷ്ടം ഉണ്ടായി.
കാഞ്ഞിരപ്പള്ളി – എരുമേലി പാതയില്‍ കൂവപ്പള്ളിയില്‍ നിയന്ത്രണം നഷ്ടമായ ലോറി മറിഞ്ഞ് ഡ്രൈവർക്കു പരുക്കേറ്റു. കൂവപ്പള്ളി കോളനി പടിക്ക് സമീപം ഇന്ന് രാവിലെ ആയിരുന്നു സംഭവം. എതിർ ദിശയില്‍ വന്ന ബൈക്കില്‍ ഇടിക്കാതെ വെട്ടിച്ചു മാറ്റിയ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അപകടത്തില്‍പ്പെട്ട ലോറി ഡ്രൈവറെ പരുക്കുകളോടെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചു.
ഇന്നു പുലർച്ചെ മൂന്നു മണിയോടെ ചേർപ്പുങ്കല്‍ ജങ്ങ്ഷന് സമീപം നിയന്ത്രണം വിട്ട പിക് അപ്പ് ഓട്ടോ മറിഞ്ഞ് രണ്ട് പേർക്ക് പരുക്കേറ്റിരുന്നു. പൂഞ്ഞാർ സ്വദേശി ശബരി (20), കരൂർ സ്വദേശി ജിൻസ് (21) എന്നിവർക്കാണ് പരുക്കേറ്റത്.
ഇവരെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലായിലെ സൗണ്ട്സ് സ്ഥാപനത്തിലെ ജീവനക്കാർ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. കുമരകത്ത് പ്രോഗ്രാമിന് ശേഷം മടങ്ങി വരുമ്പോഴാണ് അപകടം.