
മീൻവിൽപ്പനക്കാരനെ ഇടിച്ചു വീഴ്ത്തിയ കാറിന്റെ ഡ്രൈവറെ പിടികൂടി: ഡ്രൈവറെ കുടുക്കിയത് കാറിന്റെ നമ്പർ പ്ലേറ്റ് ..!
ക്രൈം ഡെസ്‌ക്
കോട്ടയം: നീലിമംഗലത്ത് മീൻവിൽപ്പനക്കാരനെ ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ പോയ കാർ ഡ്രൈവറെ നമ്പർ പ്ലേറ്റ് കുടുക്കി. പുലർച്ചെ മൂന്നു മണിയ്ക്ക് വണ്ടിയിടിച്ച ശേഷം നിർത്താതെ പോയാൽ ആരും കാണില്ലെന്നും, പിടിക്കപ്പെടില്ലെന്നും ധരിച്ചാണ് ഡ്രൈവർ കാർ അമിത വേഗത്തിൽ ഓടിച്ചു പോയത്.
സംഭവവുമായി ബന്ധപ്പെട്ട് കാർ ഓടിച്ചിരുന്ന ഏറ്റുമാനൂർ മുട്ടുചിറ മാളിയേക്കൽ ജെറി ജെയിംസിനെ(32) ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഐ ടി.എസ് റെനീഷ് അറസ്റ്റ് ചെയ്തു. അപകടത്തിൽ പരിക്കേറ്റ പെരുമ്പായിക്കാട് പൂഴിക്കുന്നേൽ അബ്ദുൾ ലത്തീഫ്(62) അപകട നില തരണം ചെയ്തിട്ടുണ്ട്. ഇദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ലത്തീഫിന്റെ കാല് ഒടിയുകയും, തലയ്ക്കു പൊട്ടലേൽക്കുകയും, വാരിയെല്ലുകൾ ഒടിയുകയും ചെയ്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെ എം.സി റോഡിൽ ഉണ്ടായ അപകടത്തിലാണ് അബ്ദുൾ ലത്തീഫിന് പരിക്കേറ്റത്. കോടിമത മാർക്കറ്റിലെ മീൻ കച്ചവടക്കാരനായ ലത്തീഫ് പുലർച്ചെ ചായ കുടിക്കുന്നതിനായി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് കോട്ടയം ഭാഗത്തു നിന്നും എത്തിയ കാർ ഇടിച്ചു തെറിപ്പിച്ചത്.
സുഹൃത്തിനെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച ശേഷം തിരികെ മടങ്ങുകയായിരുന്നു ജെറി. ഈ സമയത്താണ് സംക്രാന്തി ഭാഗത്ത് വച്ച് കാർ ലത്തീഫിനെ ഇടിച്ചത്.
ഇടിച്ച കാറിന്റെ നമ്പർ പ്ലേറ്റ് റോഡിൽ വീണു കിടക്കുകയായിരുന്നു. ഇത് അറിയാതെയാണ് ജെറി വാഹനവുമായി രക്ഷപെട്ടത്. എന്നാൽ, ഈ നമ്പർ പ്ലേറ്റ് നാട്ടുകാർ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഈ നമ്പർ പ്ലേറ്റിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വാഹനം കണ്ടെത്തി. എന്നാൽ, മറ്റൊരാളെ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി രക്ഷപെടാനായിരുന്നു ജെറിയുടെ ശ്രമം.
തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ജെറിയാണ് കാർ ഓടിച്ചതെന്ന് കണ്ടെത്തിയത്. തുടർന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് കഥ പൊളിഞ്ഞത്. കാറോടിച്ച് ജെറിയ്ക്കെതിരെ അശ്രദ്ധമായി വാഹനം ഓടിച്ചതിനും, അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ എത്തിക്കാതെ പോയതിനും കേസെടുത്തിട്ടുണ്ട്.