കുറവിലങ്ങാട് കാളികാവിൽ കാർ അപകടത്തിൽ മരിച്ചവരുടെ സംസ്‌കാരം ഞായറാഴ്ച: മരിച്ച തമ്പിയുടെ മക്കൾ ശനിയാഴ്ച വൈകുന്നേരത്തോടെ നാട്ടിലെത്തും; മരിച്ച അഞ്ചു പേർക്കും വേളൂരിലെ ശ്മശാനത്തിൽ അന്ത്യ വിശ്രമം; പോസ്റ്റ്‌മോർട്ടം നടപടികൾ മെഡിക്കൽ കോളേജിൽ പുരോഗമിക്കുന്നു
അപ്‌സര കെ.സോമൻ
കോട്ടയം: കുറവിലങ്ങാട് കാളികാവിൽ കാറും തടിലോറിയും കൂട്ടിയിടിച്ച് മരിച്ച ഒരു കുടുംബത്തിലെ അഞ്ചു പേരുടെയും സംസ്‌കാരം ഞായറാഴ്ച നടക്കും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പുരോഗമിക്കുന്ന പോസ്റ്റ്‌മോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങും. തുടർന്ന് ഇവരുടെ വേളൂരിലെ വീട്ടിൽ മൃതദേഹങ്ങൾ പൊതുദർശനത്തിനു വയ്ക്കും. തുടർന്നു, ഞായറാഴ്ച രാവിലെ 11 ന് വേളൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ നടക്കും.
വേളൂർ തിരുവാതുക്കൽ ഉള്ളാട്ടിൽപ്പടി തമ്പി (68), ഭാര്യ വത്സവ (65), മകൻ പ്രവീണിന്റെ (ബിനോയ്) ഭാര്യ പ്രഭ (46), മകൻ അർജുൻ പ്രവീൺ (അമ്പാടി – 19) പ്രഭയുടെ അമ്മ ഉഷ (65) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മരിച്ച തമ്പിയുടെ മകളും മകനും ശനിയാഴ്ച വൈകുന്നേരത്തോടെ കേരളത്തിൽ എത്തും. കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവീൺ, ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി്‌ച്ചേരും. വൈകുന്നേരത്തോടെ വീട്ടിലേയ്ക്കും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവീണിന്റെ സഹോദരി ഇന്ദുലേഖ വൈകിട്ട് 5.40 ന് വിദേശത്തു നിന്നും വിമാനത്തിൽ കയറും. ഇരുവരും എത്തിയ ശേഷം സംസ്‌കാരം നടക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തിൽ മരിച്ച അഞ്ചു പേരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസിന്റെ ഇൻക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേയ്ക്കു കയറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ഉച്ചയോടെ ബന്ധുക്കൾക്കു വിട്ടു നൽകും.
വെള്ളിയാഴ്ച രാത്രി പന്ത്രണ്ടു മണിയോടെയാണ് കുറവിലങ്ങാട് കാളികാവിൽ പള്ളിയ്ക്കു സമീപത്ത് നിയന്ത്രണം വിട്ട കാർ എതിർദിശയിൽ നിന്നും എത്തിയ തടിലോറിയിലേയ്ക്കു ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ തകർന്ന കാറിൽ നിന്നും അരമണിക്കൂർ പണിപ്പെട്ടാണ് മരിച്ചവരെ പുറത്തെടുത്തത്.