നാട്ടുകാർക്ക് നേരെ കത്തി കാട്ടി ഭീഷണി; കസ്റ്റഡിയിലെടുത്തപ്പോൾ ജീപ്പില്‍ നിന്ന് ചാടി; തലയിടിച്ച് വീണ പ്രതി ചികിത്സയിലിരിക്കെ മരിച്ചു
സ്വന്തം ലേഖകൻ
തൃശൂര്‍: തൃശൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ ജീപ്പില്‍ നിന്ന് ചാടിയ പ്രതി ചികിത്സയിലിരിക്കെ മരണപ്പെട്ടു.തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി (32) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം തൃശൂര്‍ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് സനു പൊലീസ് വണ്ടിയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. തലയിടിച്ച് വീണ സനുവിനെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സനു മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാര്‍ച്ച് എട്ടിന് രാത്രിയായിരുന്നു പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തൃശൂര്‍ നഗരത്തില്‍ ആളുകളെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതിനാണ് സനുവിനെ പൊലീസ് പിടികൂടിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നു കത്തികാട്ടി ഭീഷണിപ്പെടുത്തല്‍ നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
മദ്യലഹരിയിലായിരുന്നതിനാലാകും ജീപ്പില്‍ നിന്ന് ചടി രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നും പൊലീസ് വിശദീകരിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത സനുവിനെ വൈദ്യപരിശോധനയ്ക്ക് ശേഷം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി പോകവെ തൃശൂര്‍ അശ്വനി ജംഗ്ഷനില്‍ വച്ചാണ് ജീപ്പിന്റെ ഡോര്‍ വലിച്ച് തുറന്ന് പ്രതി പുറത്തേക്ക് ചാടിയത്. തലയിടിച്ചാണ് വീണതിനാല്‍ എക്സറെ എടുത്തപ്പോള്‍ തലയ്ക്ക് പൊട്ടലേറ്റിട്ടുണ്ടെന്ന് വ്യക്തമായിരുന്നു. തുടര്‍ന്നാണ് ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നത്.