play-sharp-fill
കാളികാവ് അപകടം: മരിച്ച അഞ്ചു പേരുടെയും മൃതദേഹങ്ങൾ തിരുവാതുക്കലിലെ വീട്ടിൽ എത്തിച്ചു; സംസ്കാരം ഞായറാഴ്ച രാവിലെ 11 ന്

കാളികാവ് അപകടം: മരിച്ച അഞ്ചു പേരുടെയും മൃതദേഹങ്ങൾ തിരുവാതുക്കലിലെ വീട്ടിൽ എത്തിച്ചു; സംസ്കാരം ഞായറാഴ്ച രാവിലെ 11 ന്

സ്വന്തം ലേഖകൻ

കോട്ടയം : എം.സി റോഡിൽ കുറവിലങ്ങാട് കാളികാവിൽ തടി ലോറിയിൽ കാറിടിച്ച് മരിച്ച
തിരുവാതുക്കൽ സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചു പേരുടെയും മൃതദേഹം പൊതുദർശനത്തിനായി എത്തിച്ചു. രാവിലെ എട്ടു മണിയോടെ വീടിനു സമീപത്തെ മൈതാനത്ത് തയ്യാറാക്കിയ പന്തലിൽ, പ്രത്യേകം തയ്യാറാക്കിയ സ്ഥലങ്ങളിലാണ് മൃതദേഹങ്ങൾ വച്ചിരിക്കുന്നത്.

അപകടത്തിൽ മരിച്ച തിരുവാതുക്കൽ ആൽത്തറ വീട്ടിൽ ഉഷ(60)  , മകൾ വേളൂർ ഉള്ളാടി പടി പ്രഭ (40) , മകൻ അർജുൻ പ്രവീൺ (19 ) , തമ്പി ( 68 ) , വൽസല (65) എന്നിവരുടെ മൃതദേഹങ്ങളാണ് തിരുവാതുക്കലിന് സമീപത്തെ മൈതാനത്ത് പൊതു ദർശനത്തിന് വച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണമടഞ്ഞ തമ്പിയുടെ സഹോദരിയുടെ മകളുടെ ഡാൻസ് അരങ്ങേറ്റത്തിൽ പങ്കെടുത്ത ശേഷം കോട്ടയത്തേയ്ക്ക് വരികയായിരുന്നു സംഘം.  കോന്നിയിൽ നിന്ന് റബർ തടിയുമായി പെരുമ്പാവൂർ പോവുകയായിരുന്നു ലോറിയിൽ ഇടിച്ചാണ് അഞ്ചു പേരും മരിച്ചത്.

ശനിയാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹങ്ങൾ രാവിലെ ഏഴരയോടെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് വീടിനു സമീപത്തെ പന്തലിൽ മൃതദേഹം എത്തിച്ചു. നുറുകണക്കിന് നാട്ടുകാരാണ് മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരിക്കുന്നത്. പത്ത് മണിയോടെ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ വേളൂർ എസ് എൻ ഡി പി ശ്മശാനത്തിൽ സംസ്കരിക്കും.

മരിച്ച അർജുനിന്റെ അച്ഛൻ കുവൈറ്റിൽ ജോലി ചെയ്യുകയായിരുന്ന പ്രവീണിനെ, അപകട വിവരം അറിയിച്ചെങ്കിലും എല്ലാവരും മരിച്ചത് പറഞ്ഞിരുന്നില്ല. ശനിയാഴ്ച വൈകിട്ട് രണ്ടരയോടെയാണ് പ്രവീൺ തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയത്. പതിവിന് വിപരീതമായി നാട്ടുകാരാണ് വിമാനത്താവളത്തിൽ പ്രവീണിനെ കൂട്ടാൻ എത്തിയത്. വിമാനത്താവളം മുതൽ വീട്ടിലെത്തും വരെയും പ്രവീണിന് അറിയേണ്ടത് മകൻ അമ്പാടി എവിടെ എന്നായിരുന്നു.

ആൾക്കൂട്ടത്തിനു നടുവിലൂടെ, വീടിനുള്ളിലേയ്‌ക്കു പ്രവീൺ കയറിയതും, അയൽവാസിയായ അഭിലാഷ് അപകടത്തിൽ എല്ലാവരും മരിച്ച വിവരം അറിയിച്ചു.

വിദേശത്തായ പ്രവീണിന്റെ സഹോദരിയും  രാത്രിയിൽ നാട്ടിലെത്തിയിരുന്നു.