മുണ്ടക്കയത്ത് സ്വകാര്യ ബസും കെ.എസ്.ആർ.ടി.സിയും കൂട്ടിയിടിച്ചു; അൻപത് യാത്രക്കാർക്ക് പരിക്ക്; അപകടകാരണം മഴയിൽ റോഡ് തെന്നിക്കിടന്നതും അമിത വേഗവും

മുണ്ടക്കയത്ത് സ്വകാര്യ ബസും കെ.എസ്.ആർ.ടി.സിയും കൂട്ടിയിടിച്ചു; അൻപത് യാത്രക്കാർക്ക് പരിക്ക്; അപകടകാരണം മഴയിൽ റോഡ് തെന്നിക്കിടന്നതും അമിത വേഗവും

Spread the love
സ്വന്തം ലേഖകൻ
മുണ്ടക്കയം: കുമളി റോഡിൽ മുണ്ടക്കയത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസും കെ.എസ്.ആർ.ടി.സിയും കൂട്ടിയിടിച്ച് അൻപതോളം യാത്രക്കാർക്ക് പരിക്കേറ്റു. റോഡിന്റെ വരി തെറ്റിച്ചെത്തിയ കെ.എസ്ആർ.ടി.സി ബസ് സ്വകാര്യ ബസിന്റെ മുൻഭാഗത്തേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ ഡ്രൈവിങ് സീറ്റിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ ബസിന്റെ വാതിൽ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

മുണ്ടക്കയം കുമളി റോഡിൽ മുപ്പത്തൊന്നാം മൈലിലായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. ചങ്ങനാശേരിയിലേയ്ക്കു വരികയായിരുന്ന കെ എസ് ആർ ടി സി ബസ്സും മുണ്ടക്കയം വഴി കട്ടപ്പനയ്ക്കു പോകുകയായിരുന്ന സ്വകാര്യ ബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അൻപതോളം യാത്രക്കാർക്ക് പരിക്കേറ്റു.  പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും ഇരുപത്താറാം മൈലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പത്തോളം യാത്രക്കാരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്.
അമിത വേഗത്തിൽ പാഞ്ഞെത്തിയ കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിനിടയാക്കിയത്. അമിത വേഗത്തിൽ ദിശ തെറ്റിച്ച് പാഞ്ഞ കെ.എസ്.ആർ.ടി.സി ബസ് സ്വകാര്യ ബസിന്റെ മുന്നിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. രണ്ടു ബസിന്റെയും മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. അപകടത്തിൽപ്പെട്ട ബസിനുള്ളിലെ യാത്രക്കാരെ മുഴുവൻ സാഹസികമായാണ് പുറത്തെടുത്തത്. കനത്ത മഴയിൽ റോഡ് തെന്നിക്കിടന്നതും അപകടത്തിനിടയാക്കിയിട്ടുണ്ട്. സംഭവത്തിൽ മുണ്ടക്കയം പൊലീസ് കേസെടുത്തു.