തേർഡ് ഐ ബ്യൂറോ
കോട്ടയം: പരുത്തുംപാറയ്ക്കു പിന്നാലെ ചങ്ങനാശേരിയിലുമുണ്ടായ അപകടത്തിലും ബൈക്ക് യാത്രക്കാരൻ മരിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് രണ്ട് അപകട മരണങ്ങളും. പരുത്തുംപാറയിൽ യുവാവ് റോഡിൽ തലയിടിച്ച് മരിച്ചപ്പോൾ, ചങ്ങനാശേരിയിൽ ബൈക്ക് മതിലിൽ ഇടിച്ചു റോഡിൽ തലയിടിച്ചു വീണാണ് മരിച്ചത്.
ചങ്ങനാശേരിയിൽ വാഴപ്പള്ളി വാലയിൽ വീട്ടിൽ പദ്മജന്റെ മകൻ പി വി ഹരി (23) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കൂനന്താനം സ്വദേശി അസീം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ച്ച വൈകിട്ട് 7.30 ഓടെ വീട്ടിൽ നിന്നും സുഹൃത്തിനൊപ്പം അലുമിനിയം ഫാബ്രിക്കേഷൻ വർക്കിന്റെ എസ്റ്റിമേറ്റ് എടുക്കുന്നതിനായി മുക്കാട്ട് പടിയിൽ നിന്നും നാലു കോടിയിലേയ്ക്ക് പോയി മടങ്ങി വരുന്നതിനിടെ രാത്രി 10.30 ഓടെയാണ് അപകടം.
ആഞ്ഞിലിവേലിക്കുളത്തിനു സമീപമുള്ള മതിലിലേയ്ക്ക് നിയന്ത്രണം വിട്ട് ബൈക്ക് ഇടിക്കുകയും ഹരി റോഡിലേയ്ക്ക് തലയിടിച്ച് വീഴുകയുമായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാതാവ്: മായ. സംസ്‌കാരം പിന്നീട്. തൃക്കൊടിത്താനം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. എസ് എൻ ഡി പി യോഗം ചങ്ങനാശേരി യൂണിയൻ വാഴപ്പള്ളി പടിഞ്ഞാറ് ഗുരുകുലം 5229 നമ്പർ ശാഖ അംഗവും യൂത്ത് മൂവ്‌മെൻറ് കമ്മറ്റി അംഗവുമാണ് ഹരി.