മണർകാട് നാലുമണിക്കാറ്റിനു സമീപം ബൈക്ക് അപകടത്തിൽ യുവാവ് മരിച്ച സംഭവം: അപകട മരണത്തിൽ ദുരൂഹതയെന്ന ആരോപണവുമായി നാട്ടുകാർ; അപകടത്തിൽപ്പെട്ട ബൈക്കിനു സമീപത്തു നിന്നും വലിയ വടി കണ്ടെത്തി; ചീട്ടുകളി സംഘവുമായി വാക്കേറ്റമുണ്ടായതിന്റെ തുടർച്ചയോ അപകടമെന്ന് സംശയം; യുവാവ് മരിച്ചത് വിവാഹം നിശ്ചയിച്ചതിനു ശേഷം

മണർകാട് നാലുമണിക്കാറ്റിനു സമീപം ബൈക്ക് അപകടത്തിൽ യുവാവ് മരിച്ച സംഭവം: അപകട മരണത്തിൽ ദുരൂഹതയെന്ന ആരോപണവുമായി നാട്ടുകാർ; അപകടത്തിൽപ്പെട്ട ബൈക്കിനു സമീപത്തു നിന്നും വലിയ വടി കണ്ടെത്തി; ചീട്ടുകളി സംഘവുമായി വാക്കേറ്റമുണ്ടായതിന്റെ തുടർച്ചയോ അപകടമെന്ന് സംശയം; യുവാവ് മരിച്ചത് വിവാഹം നിശ്ചയിച്ചതിനു ശേഷം

Spread the love

തേർഡ് ഐ ക്രൈം

മണർകാട്: നാലുമണിക്കാറ്റിനു സമീപത്തു ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹതയെന്ന് ആരോപണം. സംഭവത്തിനു പിന്നിൽ ചീട്ടുകളി സംഘങ്ങളുടെ നിർണ്ണായക ഇടപെടലുണ്ടെന്ന സൂചനയാണ് ഇപ്പോൾ പുറത്തു വരുന്നത്. കഴിഞ്ഞ ദിവസമാണ് മണർകാട് നാലുമണിക്കാറ്റിനു സമീപം തുരുത്തിപ്പറമ്പിൽ കിഴക്കേടത്ത് കെ.സി എബ്രഹാമിന്റെ മകൻ ജിബിൻ എബ്രഹാ(31)മിനെ അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മണർകാട് നാലു മണിക്കാറ്റിനു സമീപം കല്ലുപാലം ഭാഗത്ത് ശനിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു അപകടമുണ്ടായത്. വീട്ടിലേയ്ക്കു പച്ചക്കറിയുമായി വരികയായിരുന്ന ജിബിൻ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ച് മറിഞ്ഞതായായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്ന സൂചന നാട്ടുകാരും നൽകിയതോടെയാണ് സംഭവത്തിനു പിന്നിൽ മറ്റെന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടെന്ന സൂചനയും പുറത്തു വന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം ശനിയാഴ്ച രാത്രിയിലാണ് ഇവിടെ നടന്നത്. അതുകൊണ്ടു തന്നെ അപകടം നേരിട്ട് കണ്ട ദൃക്‌സാക്ഷികൾ ആരും തന്നെ ഉണ്ടായിരുന്നില്ല. ഇത് തന്നെയാണ് അപകടത്തിനു പിന്നിൽ സംശയം ഉയരാനും കാരണമായിരിക്കുന്നത്. അപകടം നടന്നതിനു സമീപത്തെ മോട്ടോർ തറയിൽ രാത്രിയിൽ മോട്ടോർ ഓഫ് ചെയ്യാൻ എത്തിയവരാണ് ബൈക്കും യുവാവും വെള്ളത്തിൽ വീണു കിടക്കുന്നത് കണ്ടത്. തുടർന്നു, ഇവർ യുവാവിനെ രക്ഷപെടുത്താനായി അതിവേഗം സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അപകടത്തിനു ശേഷം, മരിച്ചത് ജിബിനാണ് എന്നു തിരിച്ചറിഞ്ഞതോടെയാണ് നാട്ടുകാരുടെ ഉള്ളിൽ സംശയങ്ങൾ ഉടലെടുത്തു തുടങ്ങിയത്. ദിവസങ്ങൾക്ക് മുൻപ് ജിബിനും ചില ഗുണ്ടാ സംഘങ്ങളുമായി വാക്കേറ്റമുണ്ടായിരുന്നു. വാക്കേറ്റത്തിന്റെ തുടർച്ചയായി ആരെങ്കിലും ജിബിനെ ആക്രമിച്ചതാകാമെന്നാണ് നാട്ടുകാരുടെ സംശയം. മണർകാട് കേന്ദ്രീകരിച്ചുള്ള ചീട്ടുകളി മാഫിയയിലെ ഗുണ്ടാ സംഘങ്ങളാണ് അപകടത്തിനു പിന്നിലെന്ന സംശയവും ഉടലെടുത്തിട്ടുണ്ട്.

ബൈക്ക് നിയന്ത്രണം നഷ്ടമായി മറിഞ്ഞതാകാമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. എന്നാൽ, സ്വാഭാവിക അപകടത്തിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെ റോഡിലില്ലെന്നത് നാട്ടുകാരിലും സംശയം ഉടലെടുപ്പിക്കുന്നു. റോഡിൽ നിന്നും മറിഞ്ഞ ബൈക്കും യുവാവും കലുങ്കിന്റെ അടിയിൽ എങ്ങിനെ വന്നു വീണു എന്നതും സംശയമായി തുടരുന്നു. സംഭവ സ്ഥലത്തു നിന്നും വലിയൊരു വടിയും കണ്ടെത്തിയിരുന്നു. ഇത് എങ്ങിനെ ഇവിടെ എത്തി എന്നത് അടക്കമുള്ള കാര്യങ്ങൾ ഇപ്പോൾ ദുരൂഹമായി തുടരുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ജിബിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്.