സ്കൂട്ടർ കാറിലിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ

കോട്ടയം: റോഡ് മുറിച്ചുകടക്കുനതിനിടെ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്. പട്ടിത്താനം പുതുപ്പറമ്പിൽ രജനിക്കാണ് പരിക്കേറ്റത്.


തിങ്കളാഴ്ച രാവിലെ ഏഴരയോടെ എം സി റോഡിൽ കുറവിലങ്ങാട് കാളികാവിൽ പെട്രോൾ പമ്പിനു മുന്നിലായിരുന്നു അപകടം. പമ്പിൽ നിന്നും ഇന്ധനം നിറച്ച ശേഷം പുറത്തേയ്ക്ക് വരികയായിരുന്നു രജനി. ഈ സമയം കോട്ടയം ഭാഗത്തു നിന്നും എത്തിയ കാർ ഇവരുടെ സ്കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രജനി റോഡിൽ തെറിച്ചു വീണു. തലയിടിച്ച് വീണ ഇവരെ നാട്ടുകാർ ചേർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായ പരിക്കുള്ളതിനാൽ ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അപകടത്തിനിടയാക്കിയ വാഹനം പൊലീസ് പിടിച്ചെടുത്തു. കുറവിലങ്ങാട് പൊലീസ് കേസെടുത്തു.