അബുദാബിയിൽ മരിച്ച വയനാടുകാരന്റെ വീട്ടിലെത്തിയത് ചെന്നൈക്കാരന്റെ മൃതദേഹം

അബുദാബിയിൽ മരിച്ച വയനാടുകാരന്റെ വീട്ടിലെത്തിയത് ചെന്നൈക്കാരന്റെ മൃതദേഹം

സ്വന്തം ലേഖകൻ

കൽപ്പറ്റ: അബുദബിയിൽ മരണപ്പെട്ട വയനാട് അമ്പലവയൽ സ്വദേശിയുടെ മൃതദേഹത്തിനു പകരം നാട്ടിലെത്തിയത് ചെന്നൈ സ്വദേശിയുടെ മൃതദേഹം. നരിക്കുണ്ട് അഴീക്കോടൻ ഹരിദാസന്റെ മകൻ നിഥിന്റെ(30) മൃതദേഹമാണ് മാറിപോയത്. എംബാം ചെയ്ത മൃതദേഹം ആശുപത്രി അധികൃതർ നാട്ടിലേക്കയച്ചപ്പോൾ മാറിയതാണെന്നാണ് സൂചന. നിഥിന്റെ മൃതദേഹം നിലവിൽ അബുദബിയിലാണ്. മാറി ലഭിച്ച മൃതദേഹം എന്തുചെയ്ണയമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് നിഥിന്റെ വീട്ടുകാർ. 11 വർഷമായി അബുദബിയിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്ന നിഥിൻ അഞ്ചിനാണ് മരിച്ചത്. ഇന്നലെ രാവിലെ മൃതദേഹം കരിപ്പൂർ വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങി അമ്പലവയലിലേക്ക് പുറപ്പെട്ടെങ്കിലും വീട്ടിലെത്തും മുൻപേ മൃതദേഹം മാറിയെന്ന് അബുദബിയിൽ നിന്ന് അറിയിപ്പു വന്നു. തുടർന്ന് ചെന്നൈ സ്വദേശിയുടെ മൃതദേഹം പോലീസ് നിർദേശപ്രകാരം അമ്പലവയൽ ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അബുദബിയിലുള്ള ചെന്നൈ സ്വദേശിയുടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ ആശുപത്രിയിലെത്തിയപ്പോഴാണ് കരിപ്പൂരിലേക്ക് അയച്ചത് ചെന്നൈ സ്വദേശിയുടെ മൃതദേഹമാണെന്ന് മനസിലായത്. ചെന്നൈ സ്വദേശിയുടെ കൂടെ അയച്ചിരിക്കുന്ന രേഖകൾ നിഥിന്റേതാണ്. ചെന്നൈ സ്വദേശിയുടെ മൃതദേഹം മൈസൂരിൽ വച്ച് കൈമാറാൻ ഇരുവരുടെയും ബന്ധുക്കൾ ആദ്യം ധാരണയിലെത്തിയെങ്കിലും നിയമപരമായ പ്രശ്നങ്ങൾ കാരണം നടന്നില്ല. നിഥിന്റെ മൃതദേഹം ഉടൻ തന്നെ നാട്ടിലേക്ക് അയക്കും. അവിവാഹിതനാണ് നിഥിൻ. മാതാവ്: ദേവി. സഹോദരങ്ങൾ: ജിപിൻ, ജിഥിൻ