
കോട്ടയം: “ചിരി ആരോഗ്യത്തിന്
അത്യുത്തമം” .
ഇരുപത്തിനാലു മണിക്കൂറും
മുഖം വീർപ്പിച്ചിരുന്ന് ചിരിക്കാൻ മറക്കുന്നവർക്കുള്ള പുതിയ കാലത്തിന്റെ മുദ്രാവാക്യമാണിത്.
ഉള്ളുതുറന്ന് ചിരിക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാരും നിഷ്ക്കളങ്കരും നല്ല മനസ്സുള്ളവരും ആയിരിക്കും .
നമ്മുടെ പ്രിയഗായിക
ചിത്രയെ നോക്കൂ .
ചിരിച്ച മുഖത്തോടെയല്ലാതെ അവരെ ആരും കണ്ടിട്ടേയില്ല.
ആ മുഖത്തിന്റെ ഐശ്വര്യം ഒന്ന് വേറെ തന്നെയാണ്.
ഇന്ന് ലോകത്തിലെ പലയിടത്തും
ലാഫിങ്ങ് ക്ലബ്ബുകൾ പ്രചാരത്തിൽ വന്നതിലൂടെ ചിരിയുടെ ആരോഗ്യകരമായ നല്ല സന്ദേശമാണ് അവയെല്ലാം സമൂഹത്തിന് നൽകിക്കൊണ്ടിരിക്കുന്നത്
ചിരിയുടെ ഉറവിടം പല വിധമാണല്ലോ …. ?
അതിൽ ഏറ്റവും പ്രധാനം ഹാസ്യം തന്നെ .
ചാർലി ചാപ്ലിൻ , ലോറൽ ,
ഹാർഡി തുടങ്ങിയ ഹോളിവുഡ് നടന്മാരും മലയാളത്തിന്റെ സ്വന്തം
അടൂർ ഭാസി , ബഹദൂർ , ജഗതി ശ്രീകുമാർ തുടങ്ങിയ നടന്മാരും ഒട്ടേറെ മിമിക്രി കലാകാരന്മാരും മലയാളക്കരയെ ചിരിപ്പിച്ചവർ തന്നെ .

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുഞ്ചൻ നമ്പ്യാർ ,
ഇ വി കൃഷ്ണപിള്ള ,
സഞ്ജയൻ , വി കെ എൻ ,
വൈക്കം മുഹമ്മദ് ബഷീർ , വേളൂർ കൃഷ്ണൻ കുട്ടി എന്നിവരെല്ലാം അക്ഷരങ്ങളിലൂടെ പടർത്തിയ ചിരി മലയാള സിനിമയിൽ ഇപ്പോഴും കെടാതെ സൂക്ഷിക്കുന്നത് സത്യൻ അന്തിക്കാട് എന്ന സംവിധായകനാണ്.
ഹാസ്യസാഹിത്യവും ,
ഹാസ്യാഭിനയവും പോലെ തന്നെ ചിരിയുടെ അമിട്ട് പൊട്ടിക്കുന്നതാണ് ഹാസ്യഗാനങ്ങളും .
പി ഭാസ്കരനും , വയലാറും ശ്രീകുമാരൻ തമ്പിയുമെല്ലാം എഴുതിയ ഹാസ്യ ഗാനങ്ങളുടെ ഒരു വലിയ കലവറ മലയാള ചലച്ചിത്ര ഗാനശാഖയെ സമ്പന്നമാക്കിയിരുന്നു .
എന്നാൽ ഇടക്കാലത്ത് മലയാളത്തിൽ ഹാസ്യഗാനങ്ങളിൽ പലതും ഹാസ്യമില്ലാത്ത അവസ്ഥയിലേക്ക്
കൂപ്പു കുത്തിയതും വിസ്മരിക്കാനാവുന്നില്ല .
ഈ അവസ്ഥയിലാണ് തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഹാസ്യം നിറഞ്ഞു തുളുമ്പുന്ന ഒരു ഗാനം മലയാളികളുടെ ചിന്തയേയും ചിരിയേയും ഉണർത്തിയത് .
2007 -ൽ മമ്മൂട്ടി നായകനായി അഭിനയിച്ച “കഥ പറയുമ്പോൾ ”
എന്ന ചിത്രത്തിൽ അനിൽ പനച്ചൂരാൻ എഴുതി
എം ജയചന്ദ്രൻ സംഗീതം പകർന്ന് പ്രദീപ്
പള്ളുരുത്തി പാടിയ
“വ്യത്യസ്തനാമൊരു ബാർബറാം ബാലനെ
സത്യത്തിലാരും തിരിച്ചറിഞ്ഞീലാ
തല വടിക്കുന്നോർക്കു തലവനാം ബാലൻ
വെറുമൊരു ബാലനല്ലിവനൊരു കാലൻ ”
എന്ന ഹാസ്യഗാനം മലയാള സിനിമയിൽ തികച്ചും നൂതനമായ ചിരിയാണ് പടർത്തിയത് .
നമ്മുടെ ഒട്ടുമിക്ക നാട്ടിൻപുറങ്ങളിലും ലൊട്ടുലൊടുക്കു കവിതകൾ എഴുതി മഹാകവിയായി ഭാവിക്കുന്ന ഒരു കവികേസരി ഉണ്ടായിരിക്കുമല്ലോ ?
അത്തരം ഒരു കവിയുടെ ആലാപനത്തിലൂടെയാണ്
“കഥ പറയുമ്പോൾ ” എന്ന ചിത്രത്തിൽ ഈ ഗാനം അവതരിപ്പിക്കപ്പെടുന്നത്.
കുറിക്കു കൊള്ളുന്ന പ്രയോഗങ്ങളിലൂടെ വളരെ കാവ്യാത്മകമായാണ് ബാർബർ ബാലനെ അനിൽ പനച്ചൂരാൻ വരച്ചു കാട്ടിയത് .
ഒരു വലിയ ഇടവേളയ്ക്ക്ശേഷം മലയാള സിനിമ കേട്ട ഏറ്റവും മനോഹരമായ ഹാസ്യ ഗാനമായിരുന്നു ഇത് .
ഹാസ്യഗാനം മാത്രമല്ല വിപ്ലവഗാനം എഴുതുന്നതിലും അനിൽ പനച്ചൂരാന്റെ തൂലികയുടെ മൂർച്ച നമ്മൾ കണ്ടറിഞ്ഞതാണല്ലോ ….? “അറബിക്കഥ ” എന്ന ചിത്രത്തിൽ അദ്ദേഹം എഴുതി ആലപിച്ച
“ചോരവീണ മണ്ണിൽ നിന്നുതിർന്നു വന്ന പൂമരം…….”
സിരകളിൽ വിപ്ലവ
വീര്യം പകരുന്ന വിധത്തിലുള്ളതായിരുന്നു.
അനിൽ പനച്ചൂരാൻ ഗാനരചയിതാവ് ആകുന്നതിലും മുൻപേ തന്നെ കവി എന്ന നിലയിൽ സാംസ്കാരിക രംഗത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു . അദ്ദേഹത്തിന്റെ ജ്വലിക്കുന്ന കവിതകൾ യുവതലമുറ ആവേശപൂർവം ഏറ്റുപാടി .
വലയിൽ വീണ കിളികൾ , പ്രണയകാലം ,അനാഥൻ പോലുള്ള കവിതകൾ , കടമ്മനിട്ട രാമകൃഷ്ണനും ബാലചന്ദ്രൻ ചുള്ളിക്കാടിനും മുരുകൻ കാട്ടാക്കടക്കും ശേഷം മലയാളത്തിൽ ചൊൽക്കാഴ്ചകളിലൂടെ ഏറ്റവും അധികം ആരാധകരെ സമ്പാദിച്ചവയായിരുന്നു .
ഗാനങ്ങൾ എഴുതുകയും സംഗീതം പകരുകയും ആലപിക്കുകയും ചെയ്തിരുന്ന പനച്ചൂരാൻ മലയാള ചലച്ചിത്ര വേദിയിൽ കൂടുതൽ ഉയരങ്ങളിലേക്കുള്ള പ്രയാണത്തിനിടയിലാണ് കോവിഡ് മഹാമാരി അദ്ദേഹത്തിന്റെ ജീവൻ കവർന്നെടുത്തത് .
2021 ജനവരി 3 – ന് മലയാളത്തിന്റെ ഈ പ്രിയപ്പെട്ട കവി എന്നന്നേക്കുമായി യാത്രയായി .
പനച്ചൂരാന്റെ കൈയ്യൊപ്പു പതിഞ്ഞ ഏതാനും ഗാനങ്ങളെ ഇവിടെ അടയാളപ്പെടുത്താതിരിക്കാൻ വയ്യ.
“തിരികെ ഞാൻ വരുമെന്ന
വാർത്ത കേൾക്കാനായീ ഗ്രാമം കൊതിക്കാറുണ്ടെന്നും ……”
( ചിത്രം അറബിക്കഥ – സംഗീതം ബിജുപാൽ – ആലാപനം യേശുദാസ് )
“അണ്ണാറക്കണ്ണാ വാ പൂവാലാ
ചങ്ങാത്തം കൂടാൻ വാ ……”
(ചിത്രം ഭ്രമരം – സംഗീതം മോഹൻ സിതാര – ആലാപനം വിജയ് യേശുദാസ് ,പൂർണശ്രീ ,
വിഷ്ണു മോഹൻ സിതാരാ , എ കൃഷ്ണൻ)
“അരികെ നിന്നാലും അറിയുവാനാവുമോ സ്നേഹം ……”
(ചിത്രം ചൈനാടൗൺ – സംഗീതം ജാസി ഗിഫ്റ്റ് – ആലാപനം എം ജി ശ്രീകുമാർ , കെ എസ് ചിത്ര)
“എന്റമ്മേടെ ജിമിക്കിക്കമ്മൽ
എന്റപ്പൻ കട്ടോണ്ടുപോയേ……”
(ചിത്രം വെളിപാടിന്റെ പുസ്തകം – സംഗീതം ഷാൻ റഹ്മാൻ – ആലാപനം വിനീത് ശ്രീനിവാസൻ , രഞ്ജിത്ത് ഉണ്ണി)
“ഇടവമാസപ്പെരുമഴ പെയ്ത രാവതിൽ ….. ”
(ചിത്രം മകൾക്ക് – സംഗീതം രമേഷ് നാരായണൻ – ആലാപനം ബാലചന്ദ്രൻ ചുള്ളിക്കാട് .
(അനിൽ പനച്ചൂരാന്റെ സിനിമയിലെ ആദ്യഗാനം)
“താരകമലരുകൾ വിരിയും ..”
(ചിത്രം അറബിക്കഥ – സംഗീതം ബിജിപാൽ – ആലാപനം വിനീത് ശ്രീനിവാസൻ , സുജാത )
” ഗോപാലാ ഗോകുലപാലാ…..”
(ചിത്രം ക്രേസി ഗോപാലൻ – സംഗീതം രാഹുൽരാജ് – ആലാപനം ശങ്കർ മഹാദേവൻ)
“എന്റടുക്കെ വന്നടുക്കും …….”
(ചിത്രം മേരിക്കുണ്ടൊരു കുഞ്ഞാട് – സംഗീതം ബേണി ഇഗ്നേഷ്യസ് – ആലാപനം ശങ്കർ മഹാദേവൻ, റിമി ടോമി ,
സി എം പാപ്പുക്കുട്ടി ഭാഗവതർ ,സുബ്ബലക്ഷ്മി അമ്മാൾ (പാപ്പുക്കുട്ടി ഭാഗവതരുടെ അവസാന ഗാനമായിരുന്നു ഇത്. )
” ചെമ്പരത്തി കമ്മലിട്ട്
കുപ്പിവള കൊഞ്ചലിട്ട് …….”
( ചിത്രം മാണിക്യക്കല്ല് – സംഗീതം എം ജയചന്ദ്രൻ – ആലാപനം
ശ്രേയാ ഘോഷൽ, രവിശങ്കർ )
“കാട്ടാറിന് തോരാത്തൊരു
പാട്ടുണ്ട് നനവോരത്ത്…”
(ചിത്രം ലൗഡ് സ്പീക്കർ –
സംഗീതം ബിജിബാൽ-
ആലാപനം പി. ജയചന്ദ്രൻ , രാഖി ആർ. നാഥ് )
“ചങ്ങഴിമുത്തുമായ് …..”
ചിത്രം ലൗഡ് സ്പീക്കർ – സംഗീതം ബിജിബാൽ – ആലാപനം ഗണേഷ് സുന്ദരം )
എന്നിങ്ങനെയുള്ള ഗാനങ്ങളെല്ലാം കേൾക്കുമ്പോൾ അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു പോയ അനിൽ പനച്ചൂരാനെ ഓർക്കാതിരിക്കാൻ കഴിയുന്നില്ലല്ലോ …..?
1965 നവംബർ 20-ന് ആലപ്പുഴ ജില്ലയിലെ കായംകുളം ഗോവിന്ദമുട്ടം വാരണപ്പിള്ളി വീട്ടിൽ ജനിച്ച അനിൽ പനച്ചൂരാൻ്റെ ജന്മവാർഷികദിനമാണിന്ന് .
ധന്യമായൊരു കാവ്യജീവിതത്തിന്
പ്രണാമം.




