കോട്ടയം: കോരിച്ചൊരിയുന്ന മഴയിലൂടെ പ്രകൃതിയും അഭിതയ്ക്ക് കണ്ണീരോടെ യാത്രാമൊഴിയേകി. പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയെന്ന റിസൾട്ട് വന്നതിന് പിന്നാലെ വ്യാഴാഴ്ച സാധനങ്ങൾ വാങ്ങാൻ അമ്മ നിഷയ്ക്കൊപ്പം കോട്ടയത്ത് വന്ന പാർവതി രമേശ് (മാളു,18) അഭിത, ചന്തക്കവലയിൽ വച്ച് കാറിടിച്ചാണ് മരിച്ചത്. അപകടത്തിൽ നിഷയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടമുണ്ടാക്കിയ കാർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
തോട്ടയ്ക്കാട് മാനത്താനി വടക്കേമുണ്ടയ്ക്കൽ വി.ടി രമേശിന്റെയും കെ.ജി നിഷയുടെ രണ്ട് മക്കളിൽ മൂത്തയാളായിരുന്നു അഭിത. സഹപാഠികളും, അദ്ധ്യാപകരും, അയൽവാസികളും, ബന്ധുക്കളുമുൾപ്പെടെ നിരവധി പേരാണ് മാടത്താനിയിലെ വീട്ടിലേക്ക് ഇന്നലെ അഭിതയെ അവസാനമായി ഒരുനോക്കുകാണാൻ ഒഴുകിയെത്തിയത്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയോടെയാണ് അഭിതയുടെ ഭൗതീകദേഹം വീട്ടിലെത്തിച്ചത്. വ്യാഴാഴ്ച്ച വൈകിട്ട് അമ്മയ്ക്കൊപ്പം സന്തോഷത്തോടെ കോട്ടയം ടൗണിലെത്തിയ അഭിതയുടെ മടക്കയാത്ര പരിക്കേറ്റ അമ്മ നിഷയ്ക്കൊപ്പം ആംബുലൻസിൽ ചേതനയറ്റായിരുന്നു…ഉറക്കെ കരയാൻ പോലും കഴിയാതെ അമ്മയും അച്ഛനും സഹോദരിയും വിങ്ങിപ്പൊട്ടുകയായിരുന്നു. അമ്മ നിഷ മുഖത്തിനേറ്റ പരിക്കിനെ തുടർന്ന് ബാൻഡേജ് ധരിച്ചിരിക്കുന്നതിനാൽ,

Whatsapp Group 1 | Whatsapp Group 2 |Telegram Group
മകളുടെ വിയോഗം താങ്ങാനാവാതെ ദു:ഖം ഉള്ളിലൊതുക്കി. ചേച്ചീ എന്ന് വിളിച്ചു കരയുന്ന സഹോദരി അഭിജയെ ഏങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ കണ്ടുനിന്നവരും വിങ്ങിപ്പൊട്ടി. വീടിനുള്ളിൽ കർമ്മം നടത്തിയ ശേഷം, വീടിന് പിൻവശത്തായാണ് അഭിതയ്ക്ക് അന്ത്യവിശ്രമമൊരുക്കിയത്.
അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ, ചാണ്ടി ഉമ്മൻ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി ടി.ആർ രഘുനാഥൻ, അഡ്വ റെജി സക്കറിയ, കെ.എം രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം സുധാ കുര്യൻ, വാകത്താനം പഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണൻ തുടങ്ങി സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തുള്ള നിരവധിപ്പേർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.