ആനിയുടെ മരണത്തിന് കാരണമായവരെ പിടികൂടാനുറച്ച് പൊലീസ് ; ആനിയുടെ ആത്മഹത്യാ കുറിപ്പിലുള്ളത് പത്തോളം സഹപ്രവര്‍ത്തകരുടെ പേരുകള്‍ ; യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഉദ്യോഗസ്ഥയെ പ്രത്യേകമായി ചോദ്യം ചെയ്യും

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ലാന്‍ഡ് റവന്യൂ കമ്മീഷ്ണറുടെ ഓഫീസ് ജീവനക്കാരി ആനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഓഫീസ് ജീവനക്കാരുടെ മൊബൈല്‍ നമ്പറുകള്‍ ശേഖരിക്കുകയും നാളെ ഇവരുടെ മൊഴിയെടുക്കുകയും ചെയ്യും.

മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണുകളും നാളെ പൊലീസ് പരിശോധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മൊഴിയെടുക്കുന്ന സമയത്ത് ജീവനക്കാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന് നിഷേധിച്ചാല്‍ പൊലീസ് ഫോണ്‍ പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.

അതേസമയം ആനിയെ ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സി.എ(കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്) ഉദ്യോഗസ്ഥയെ പൊലീസ് പ്രത്യേകം ചോദ്യം ചെയ്യും. ഇതിനായി ലാന്‍ഡ് റവന്യൂ കമ്മീഷ്ണറുടെ അനുമതി തേടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആനിയുടെ ആത്മഹത്യാ കുറിപ്പില്‍ ഇവരുടെ പേര് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുന്നത്. പത്തോളം മറ്റ് ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ കുറിപ്പിലുണ്ടെങ്കിലും പൊലീസ് വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ആനി ഓഫീസില്‍ അനുഭവിച്ച പീഡനങ്ങള്‍ മകള്‍ പാര്‍വ്വതിക്ക് അറിയാം. ആനി എല്ലാ കാര്യങ്ങളും മകളുമായി പങ്കുവച്ചിട്ടുണ്ട്. അമ്മയുടെ മരണത്തില്‍ മാനസികമായി തകര്‍ന്നിരിക്കുന്നതിനാല്‍ പൊലീസ് ഇതുവരെയും മൊഴി രേഖപ്പെടുത്തിയിട്ടില്ല. പാര്‍വ്വതി പറയുന്ന വിവരങ്ങള്‍ കൂടി കണക്കിലെടുത്താകും പൊലീസ് നടപടി സ്വീകരിക്കുക.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ആനിയെ വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് കാരണം ഓഫീസിലെ സി.എ ഉദ്യോഗസ്ഥയെന്ന് ആത്മഹത്യാ കുറിപ്പില്‍ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഏറെ നാളായി ഇവര്‍ മാനസികമായി പീഡിപ്പിച്ചു വരികയായിരുന്നു എന്നും ആനി ആത്മഹത്യാ കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ആത്മഹത്യാകുറിപ്പില്‍ സൂചിപ്പിക്കുന്ന സി.എ ഉദ്യോഗസ്ഥ മുന്‍പ് ഡിസാസ്റ്റര്‍ മാനേജ്മെന്റിലായിരുന്നു. ഇവിടെയും ഇവര്‍ക്കൊപ്പമായിരുന്നു ആനി ഓഫീസ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്നത്. അന്ന് ഇവരുടെ കമ്മലിന്റെ ആണി കാണാതായപ്പോള്‍ ആനിയോട് അത് കണ്ടെത്തി കൊടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആനി അതിന് തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഇരുവരും വാക്കു തര്‍ക്കമുണ്ടാവുകയും ആനിയുടെ കവിളില്‍ സി.എ ഉദ്യോഗസ്ഥ അടിക്കുകയും ചെയ്തിരുന്നു.

ഇടയ്ക്ക് വന്ന് ശരീരത്തില്‍ നുള്ളി വേദനിപ്പിച്ച് ഫയല്‍ എടുത്തു കൊണ്ട് വരാന്‍ പറയുന്നത് പതിവായിരുന്നു. ഒരു ദിവസം നുള്ളിയപ്പോള്‍ നന്നായി വേദനിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥയോട് ദേഷ്യപ്പെട്ടിരുന്നു.

അടുത്തിടെ ആനി ലാന്‍ഡ് റവന്യൂ കമ്മീഷ്ണറുടെ ഓഫീസിലേക്ക് മാറ്റം കിട്ടി. കമ്മീഷ്ണറുടെ സി.എ ട്രാന്‍സ്ഫറായി പോയപ്പോള്‍ പകരം എത്തിയതും ഡിസാസ്റ്റര്‍ മാനേജ്മെന്റിലെ സി.എ ഉദ്യോഗസ്ഥയായിരുന്നു. വീണ്ടും അവര്‍ മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങുകയായിരുന്നു.

ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് വാക്സീന്‍ സ്വീകരിച്ചതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്നത്തെ തുടര്‍ന്ന് അല്‍പ്പനേരം ഓഫീസില്‍ ഇരുന്ന് ഉറങ്ങിയിരുന്നു. ഇത് സഹപ്രവര്‍ത്തകര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും കളിയാക്കുകയും ചെയ്തു.

ഓഫീസ് സമയത്ത് ഉറങ്ങിയതിന് സി.എ ആനിയെ വിളിച്ച് പരസ്യമായി ശാസിക്കുകയും ചെയ്തിരുന്നു. കൂടാതെ ഇക്കാര്യം കമ്മീഷ്ണറുടെ മുന്നിലെത്തിച്ച് ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ മാനസികമായി ആനി ഏറെ തളരുകയും ചെയ്തിരുന്നു.