ആവശ്യമില്ലാത്തതൊന്നും ചോദിക്കേണ്ട ; സുപ്രീംകോടതി വിധിയെ ഏതു സന്ദർഭത്തിലും അംഗീകരിക്കും : കടകംപള്ളി സുരേന്ദ്രൻ
സ്വന്തം ലേഖിക
തിരുവനന്തപുരം: സുപ്രീം കോടതി വിധിയെ ഏതുസന്ദർഭത്തിലും അംഗീകരിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സുപ്രീം കോടതി വിധിയെ രണ്ട് കൈയും നീട്ടി ഗവൺമെന്റ് സ്വീകരിക്കുകയാണ്. വിധിയുടെ ഉള്ളടക്കത്തെ സംബന്ധിച്ച് പരിശോധിക്കപ്പെടേണ്ടതാണ്. പ്രതിപക്ഷം ഈ സന്ദർഭത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും കടകംപള്ളി പറഞ്ഞു.
‘സുപ്രീം കോടതി വിധിയെ ഏതുസന്ദർഭത്തിലും അംഗീകരിക്കുമെന്നു തന്നെയാണ് സർക്കാരിന്റെ നയം. അത് അംഗീകരിക്കും എന്ന നിലപാട് തന്നെയാണ് ഗവൺമെന്റിന്. അത് ആവർത്തിച്ച് സർക്കാർ പറഞ്ഞിട്ടുള്ളതുമാണ്. അക്കാര്യത്തിൽ ഇപ്പോഴും ഏതൊരു സംശയവുമില്ല. സുപ്രീം കോടതി വിധിയെ രണ്ട് കൈയും നീട്ടി ഗവൺമെന്റ് സ്വീകരിക്കുകയാണ്. വിധിയുടെ ഉള്ളടക്കത്തെ സംബന്ധിച്ച് പരിശോധിക്കപ്പെടേണ്ടതാണ്’. പ്രതിപക്ഷം ഈ സന്ദർഭത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്ന് കടകംപള്ളി പറഞ്ഞു.പ്രകോപനമുണ്ടാക്കാൻ ശ്രമിക്കരുത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അയോദ്ധ്യ വിധി നമ്മുടെ മുന്നിലുണ്ട്. ആ വിധി എങ്ങനെയാണോ സ്വകരിച്ചത് അതുപോലെ തന്നെയാണ് ഇതും കാണേണ്ടത്. സ്ത്രീകൾ വരികയാണെങ്കിൽ സർക്കാർ കയറ്റി വിടുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, നിങ്ങൾ ആവശ്യമില്ലാത്തതൊന്നും ചോദിക്കണ്ട എന്ന മറുപടിയാണ് ദേവസ്വം മന്ത്രി നൽകിയത്.
ശബരിമല യുവതിപ്രവേശന കേസ് വിശാലബെഞ്ചിന് വിടുകയാണെന്ന വിധിയാണ് സുപ്രീം കോടതി ഇന്ന് പുറപ്പെടുവിച്ചത്. ശബരിമല വിധിക്ക് മുസ്‌ളീം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ബന്ധമുണ്ടെന്ന് പ്രസ്താവിച്ച കോടതി, കേസ് ഉയർന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് പറഞ്ഞ് ഏഴംഗ ബെഞ്ചിന് വിടുകയയിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവരുൾപ്പെട്ട ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
രാവിലെ 10.44ന് വിധി പ്രസ്താവം വായിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി, മതത്തിന് വലിയ പ്രാധാന്യമാണുള്ളതന്ന് വ്യക്തമാക്കി. ശബരിമല വിധിക്ക് മുസ്‌ളീം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഉയർന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് രഞ്ജൻ ഗോഗയി പറഞ്ഞു. ചീഫ് ജസ്റ്റിസിനൊപ്പം ജ. ഇന്ദു മൽഹോത്ര, ജ. ഖാൻവിൽക്കർ എന്നിവർ വിശാല ബെഞ്ചിനായി നിലപാടെടുത്തു. എന്നാൽ രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ വിശാല ബെഞ്ചിന് വിട്ട നടപടി ഭരണഘടന വിരുദ്ധഗ്രന്ഥമെന്ന് വിയോജനക്കുറിപ്പെഴുതി. റിവ്യു ഹർജികൾ തള്ളണമെന്നാണ് ഇരുവരും നിലപാടെടുത്തത്. അതേസമയം, എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധിക്ക് സ്റ്റേ ഇല്ല.