കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ സി.പി.ഐ പോസ്റ്റ് ഓഫീസ് പിക്കറ്റ് ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും ഡീസൽ പെട്രോൾ പാചകവാതക വിലവർധനവിനുമെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിക്കുന്ന ദേശവ്യാപകമായ പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട അഞ്ചു മണ്ഡലങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകളിലേക്കാണ് ബഹുജനമാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.
കോട്ടയത്ത് ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടന്ന മാർച്ചും ധർണ്ണയും സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ വി ബി ബിനു ഉദ്ഘാടനം ചെയ്തു. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ പെട്രോൾ-ഡീസൽ വില വർദ്ധനവ് കേരളത്തെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ദിവസേനയെന്ന വണ്ണമുള്ള വിലവർധനവും കേന്ദ്രസർക്കാരിന്റെ തല തിരിഞ്ഞ നയങ്ങളും ജനജീവിതം ദുസ്സഹമാക്കുകയാണ്. നാടിന്റെ വികസനത്തിനെന്ന കപടവാദമാണ് കേന്ദ്രം ഉയർത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ധനവിലയുടെ ഭീമമായ വർധനവ് രാജ്യത്തെ സാമൂഹ്യജീവിതത്തിന്റെ എല്ലാ മേഖലകളെയും തകിടംമറിക്കുന്ന സ്ഥിതിയിലെത്തിയിരിക്കുകയാണ്. കേട്ടുകേൾവിയില്ലാത്ത തരത്തിലാണ് ഇന്ധനവിലയുടെ ഗ്രാഫ് ഉയരങ്ങളിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ വില താരതമ്യേന താഴ്ന്നിരിക്കുമ്പോഴും ഇന്ത്യയിൽ വില കുതിച്ചുയർന്നുകൊണ്ടിരിക്കുന്നു. 2014 മെയിൽ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിൽ വരുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 106.85 ഡോളറായിരുന്നു. ഈ ഘട്ടത്തിൽ ഇന്ത്യയിൽ പെട്രോളിന് 60 രൂപയും ഡീസലിന് 44.68 രൂപയുമായിരുന്നു വില. ഈ വർഷം ഏപ്രിലിൽ അന്താരാഷ്ട്ര വിപണിയിലെ ഇന്ധനവില ബാരലിന് 77 ഡോളറായി കുറഞ്ഞതായാണ് ഔദ്യോഗിക കണക്ക്. ബാരലിന് 30 ഡോളറിന്റെ വിലക്കുറവ്. ഏകദേശം 28 ശതമാനമാണ് കുറവ്. ഇതിനു ആനുപാതികമായാണ് രാജ്യത്തെ ഇന്ധനവിലയും നിശ്ചയിക്കുന്നതെങ്കിൽ പെട്രോൾ വില ലിറ്ററിന് 2014ൽ നിന്ന് 28 ശതമാനത്തോളം കുറഞ്ഞു 43 രൂപയും ഡീസലിന് 32 രൂപയും ആകേണ്ടതായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഡീസൽ ലിറ്ററിന് 12.93 രൂപയും പെട്രോളിന് 10.05 രൂപയും കൂടി. ദിവസേനയുള്ള വില മാറ്റം നിലവിൽ വരുമ്പോൾ ഒരു ലിറ്റർ ഡീസലിന് 58.32 രൂപയും പെട്രോളിന് 68.13 രൂപയും ആയിരുന്നു വില. ഇപ്പോൾ 78.18 രൂപയും 75.20 രൂപയുമാണ് യഥാക്രമം പെട്രോളിന്റേയും ഡീസലിന്റേയും വിലയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഐ കോട്ടയം മണ്ഡലം സെക്രട്ടറി ടി സി ബിനോയ് അദ്ധ്യക്ഷനായിരുന്നു. ബിനു ബോസ് സ്വാഗതം ആശംസിച്ചു. സി ജി സേതുലക്ഷ്മി, കെ ജി ശശി, കെ ഐ കുഞ്ഞച്ചൻ എന്നിവർ പ്രസംഗിച്ചു. എം വി ജനാർദ്ദനൻ, യു എൻ ശ്രീനിവാസൻ, സി കെ സുരേഷ്, എൻ എൻ വിനോദ്, റെനീഷ് കാരിമറ്റം, എബി കുന്നേപ്പറമ്പിൽ, ടി ടി തോമസ്, മനോജ് ജോസഫ്, എസ് ഷാജോ എന്നിവർ മാർച്ചിനും ധർണ്ണയ്ക്കും നേതൃത്വം നൽകി.