പിഴവു വരുത്തുന്ന പന്തിന് പിന്തുണയുമായി രോഹിത്: സഞ്ജുവിന്റെ കാര്യം വീണ്ടും കടലാസിൽ തന്നെ

പിഴവു വരുത്തുന്ന പന്തിന് പിന്തുണയുമായി രോഹിത്: സഞ്ജുവിന്റെ കാര്യം വീണ്ടും കടലാസിൽ തന്നെ

സ്‌പോട്‌സ് ഡെസ്‌ക്

നാഗ്പൂർ: ധോണിയ്ക്കു പിൻഗാമിയെന്ന് വാഴ്ത്തിയ ബിഗ് ഹിറ്റർ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് മോശം ഫോം തുടർന്നിട്ടും സമ്പൂർണ പിൻതുണയുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ.
ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി ട്വന്റിയിലും മണ്ടൻ തീരുമാനങ്ങളിലൂടെ തിരിച്ചടി ലഭിച്ചിട്ടും പന്തിനെ കൈവിടാൻ രോഹിത് തയ്യാറായിട്ടില്ല.
ഋഷഭ് പന്തിനെക്കുറിച്ച് നടക്കുന്ന അനാവശ്യ ചർച്ച അവസാനിപ്പിക്കണമെന്ന അപേക്ഷയുമായി രോഹിത് ശർമ്മ രംഗത്ത് എത്തിയതോടെയാണ് ഇന്ത്യൻ ടീം പന്തിന് സമ്പൂർണ പിൻതുണയുമായി രംഗത്തുണ്ടെന്ന് വ്യക്തമായത്.
ഇതോടെ ഞായറാഴ്ച നടക്കുന്ന മൂന്നാം ട്വിന്റ് ട്വന്റിയിലും പന്ത് തന്നെ ഇന്ത്യയുടെ വിക്കറ്റ് കീപ്പ് ചെയ്യുമെന്ന് ഏതാണ്ട് ഉറപ്പായി. ടീമിൽ കാര്യമായ മാറ്റങ്ങളുണ്ടായില്ലെങ്കിൽ മലയാളി താരം സഞ്ജു പുറത്ത് തന്നെ ഇരിക്കും.
ബം ഗ്ലാദേശിനെതിരെ നടക്കുന്ന ട്വന്റി20 പരമ്ബരയിൽ ആദ്യ രണ്ട് മത്സരങ്ങളിൽ ശോഭിക്കാതായതോടെ വീണ്ടും പന്തിനെതിരെ അതിരൂക്ഷ വിമർശനം ഉയർന്നതോടെയാണ് പരമ്പരയിൽ ഇന്ത്യയെ നയിക്കുന്ന രോഹിത് ശർമ്മ തന്നെ പ്രതികരിച്ചിരിക്കുന്നത്.
ഡൽഹി ടി20 യിൽ അനവസരത്തിൽ ഡിആർഎസ് എടുക്കാൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പ്രേരിപ്പിച്ചതും, ശിഖർ ധവാന്റെ റണ്ണൗട്ടിലും കാരണമായിരുന്നു. ഇതോടെ പന്തിനെതിരെ സോഷ്യൽമീഡിയയിൽ ഉൾപ്പെടെ അതിരൂക്ഷ വിമർശനമാണ് ഉയർന്നിരിക്കുന്നത്.
കളത്തിൽ അദേഹത്തിന് ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യം അനുവദിക്കണം, ഓരോ നിമിഷവും അനാവശ്യമായി ചർച്ച നടത്തുകയാണ്. കുറച്ചുകാലത്തേക്ക് എല്ലാവരും പന്തിൽ നിന്ന് ശ്രദ്ധയൊന്ന് മാറ്റണമെന്നാണ് തന്റെ അപേക്ഷയെന്നും രോഹിത് പറഞ്ഞു.
അദേഹത്തിന് അതേ സ്വാതന്ത്ര്യം നൽകാനാണ് ടീം മാനേജ്മെന്റിന് ഇഷ്ടം. അനാവശ്യമായി പന്തിനെ പിന്തുടരുന്ന പതിവ് നിങ്ങൾ നിർത്തിയാൽ അദേഹത്തിന് പ്രകടനവും മെച്ചപ്പെടുമെന്നാണ് എനിക്കു തോന്നുന്നതെന്നും രോഹിത് ചൂണ്ടിക്കാട്ടി.
അതിനാൽ സ്വതസിദ്ധമായി കളിക്കാൻ നമ്മൾ പന്തിനെ അനുവദിക്കുകയാണ് വേണ്ടതെന്നും, അദേഹം ആഗ്രഹിക്കുന്നതും അതുതന്നെയെന്നും രോഹിത് പറഞ്ഞു. പന്തിനു പിഴവ് സംഭവിക്കുമ്പോഴല്ല, അദേഹം മികച്ച പ്രകടനം നടത്തുമ്പോഴാണ് ഇത്രയും പ്രാധാന്യത്തോടെ ചർച്ചകൾ നടത്തേണ്ടതെന്ന് രോഹിത് കൂട്ടിച്ചേർത്തു.