Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

പാലക്കാട്: മൂന്ന് മാവോയിസ്റ്റുകൾ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചത് ഏറെ വിവാദത്തിന് തിരികൊളുത്തിയിരുന്നു. എന്നാൽ വിവാദം അടങ്ങുന്നതിന് മുമ്പ് അട്ടപ്പാടിയിൽ വെടിവെയ്പ്പ് തുടരുകയാണ് . ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടെന്നാണ് ഇവിടെ നിന്ന് ലഭിക്കുന്ന വിവരം. ഇന്നലത്തെ ഏറ്റുമുട്ടലിൽ പരിക്കേറ്റ കബനി ദളത്തിലെ പ്രധാന നേതാവ് കൂടിയായ മണിവാസകം ആണ് മരിച്ചത്. ഇതോടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി. അതേസമയം ഉൾക്കാട്ടിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.

അട്ടപ്പാടി മേലെ മഞ്ചികണ്ടി ഉൾവനത്തിലാണ് ഏറ്റുമുട്ടൽ തുടരുന്നത്. വെടിവെപ്പിൽ ഇന്നലെയാണ് മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. കർണാടക സ്വദേശി സുരേഷ് തമിഴ്‌നാട് സ്വദേശികളായ രമ, കാർത്തി എന്നിവരാണ് ഇന്നലെ കൊല്ലപ്പെട്ടത്. പ്രധാന നേതാവായ മണിവാസകത്തിനും മറ്റൊൾക്കും വെടിയേറ്റിരുന്നു. ഇവരെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഇവർക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്ന് രാവിലെ വീണ്ടും വെടിവയ്പ്പുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ പെട്രോളിംഗിനിറങ്ങിയ നിലമ്പൂരിൽ നിന്നുള്ള തണ്ടർ ബോൾട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ ആദ്യം വെടിവെച്ചെന്നാണ് ഔദ്യോഗിക അറിയിപ്പ്. തിരിച്ചുള്ള ആക്രമണത്തിൽ മൂന്നുപേർ മരിച്ചെന്നാണ് പൊലീസ് അറിയിച്ചത്. തണ്ടർബോൾട്ട് അസി. കമാന്റന്റ് സോളമന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്ന് പേരെയും വെടിവച്ച് കൊലപ്പെടുത്തിയത്.

വെടിവെപ്പിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദവും മുറുകിയിരിക്കുകയാണ്. വിഷയം ഇന്ന് നിയമസഭയിലും വലിയ ചർച്ചകൾക്ക് കാരണമായി. അതേസമയം മാവോയിസ്റ്റ് വിഷയത്തിൽ തങ്ങളുടെ മുൻനിലപാടിൽ നിന്ന് മാറ്റമില്ലെന്ന് സിപിഐ നേതാവ് കാനം രാജേന്ദ്രൻ പറഞ്ഞു.

മാവോയിസ്റ്റുകൾ ഉയർത്തുന്ന വിഷയങ്ങൾ അവഗണിക്കാനാവില്ലെന്നും മാവോവാദികളെ ഉന്മൂലനം ചെയ്യുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നായിരുന്നു കാനത്തിന്റെ മുൻ നിലപാട്. എന്നാൽ സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന നിലപാടായിരുന്നു അന്ന് സിപിഐ സ്വീകരിച്ചത്. പുതിയ സംഭവത്തിലും നിലപാടിൽ മാറ്റമില്ലെന്നാണ് കാനം വ്യക്തമാക്കിയത്.

മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയായിരുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്ര പറഞ്ഞു. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.