play-sharp-fill
കോൺഗ്രസ് പതാക കത്തിച്ച സംഭവം: മുത്തോലിയിൽ കോൺഗ്രസിന്റെ പ്രതിഷേധം തുടരുന്നു; കേരള കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കിയിട്ടും ആഞ്ഞുവീശി പ്രതിഷേധക്കൊടുങ്കാറ്റ്

കോൺഗ്രസ് പതാക കത്തിച്ച സംഭവം: മുത്തോലിയിൽ കോൺഗ്രസിന്റെ പ്രതിഷേധം തുടരുന്നു; കേരള കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കിയിട്ടും ആഞ്ഞുവീശി പ്രതിഷേധക്കൊടുങ്കാറ്റ്

സ്വന്തം ലേഖകൻ
പാലാ: കോൺഗ്രസ് പതാക കത്തിച്ച സംഭവത്തിൽ മുത്തോലിയിൽ കോൺഗ്രസിന്റെ പ്രതിഷേധം തുടരുന്നു. പതാക കത്തിച്ച പ്രവർത്തകൻ യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റ് ജി.രൺദീപിനെ ചുമതലയിൽ നിന്നും യൂത്ത് ഫ്രണ്ട് എം ഒഴിവാക്കിയെങ്കിലും പ്രതിഷേധം ശക്തമായി തുടരുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് ആറിന് പ്രതിഷേധ ധർണ നടത്താനാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനം.
മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകിട്ട് ആറിന് പ്രതിഷേധ ധർണ നടത്തും. കോൺഗ്രസിന്റെ മണ്ഡലം ഭാരവാഹികളും പ്രവർത്തകരും യോഗത്തിൽ പങ്കെടുക്കും. മുത്തോലി മണ്ഡലം പ്രസിഡന്റ് ഹരിദാസ് അടിമത്തറ,  പഞ്ചായത്ത് പ്രസിഡന്റ് ജിസ് മോൾ തോമസ് എന്നിവർ പ്രസംഗിക്കും. പ്രതിഷേധത്തിൽ നൂറ് കണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്ന അന്ന് വൈകിട്ടാണ് കേരള കോൺഗ്രസ് പ്രവർത്തകനായ ജി.രൺദീപ് കോൺഗ്രസിന്റെ പതാക മുത്തോലി കവലയിൽ വച്ച പരസ്യമായി കത്തിച്ചത്. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് കോൺഗ്രസിന്റെ ഗ്രൂപ്പുകളിൽ ഉയർന്നിരുന്നത്. കേരള കോൺഗ്രസുമായി നേരത്തെ തന്നെ ഉടക്കി നിൽക്കുന്ന മുത്തോലിയിൽ ഇത് കോൺഗ്രസിന്റെ പ്രതിഷേധം ആളിക്കത്തിക്കുന്നതായി. ഇതിനെതിരെയാണ് ഇപ്പോൾ മണ്ഡലം കമ്മിറ്റി തന്നെ ഔദ്യോഗികമായി രംഗത്ത് എത്തിയിരിക്കുന്നത്.