
കൊച്ചി: ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനക്കടത്ത് നടത്തിയെന്ന കേസില്‍ നടന് ദുല്‍ഖര്‍ സല്‍മാന്റെ കൂടുതല്‍ വാഹനങ്ങള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ്.
ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജതമാക്കാനും വാഹനങ്ങള്‍ കണ്ടെടുക്കാനുമാണ് നീക്കം.
ഭൂട്ടാന് വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിനിടെ ദുല്‍ഖറിന്റെ നിസ്സാന്‍ പട്രോള്‍, ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍ വാഹനങ്ങള്‍ നേരത്തെ പിടിച്ചെടുത്തിരുന്നു. കളമശ്ശേരിയിലെ ഷോറൂമില്‍ നിന്നാണ് നിസ്സാന്‍ പട്രോള്‍ പിടിച്ചെടുത്തത്. ലക്കി ഭാസ്കര്‍ എന്ന ചിത്രത്തില്‍ ഉപയോഗിച്ച വാഹനമായിരുന്നു ഇത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതില്‍ ഡിഫന്‍ഡര്‍ വിട്ടുനല്‍കണം എന്നാവശ്യപ്പെട്ട് ദുല്‍ഖര്‍ കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ ദുല്‍ഖറിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും ഡിഫന്‍ഡര്‍ വിട്ടുനല്‍കുന്നത് പരിഗണിക്കണമെന്നായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. കസ്റ്റംസ് നിയമത്തിലെ സെക്ഷന്‍ 110 എ പ്രകാരം അന്വേഷണപരിധിയിലുള്ള വാഹനങ്ങള്‍ ഉടമകള്‍ക്ക് വിട്ടുനല്‍കാന്‍ കഴിയുമെന്നും വാഹനം വിട്ടുനല്‍കുന്നില്ലെങ്കില്‍ അതിന്റെ കാരണം രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ഭൂട്ടാനില്‍ നിന്ന് കടത്തിയ നാല് വാഹനങ്ങള്‍ കൂടി ദുല്‍ഖറിന്റെ പക്കലുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. നേരത്തെ നാല് വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ദുല്‍ഖറിനെ വീണ്ടും ചോദ്യം ചെയ്യാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. കേസില്‍ രണ്ടുദിവസം മുമ്പ് കസ്റ്റംസ് സംഘം ദുല്‍ഖറിനെ ചോദ്യം ചെയ്തിരുന്നു.
കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ നടന്ന ചോദ്യം ചെയ്യല്‍ ഏഴ് മണിക്കൂറോളമാണ് നീണ്ടത്. നികുതി വെട്ടിച്ച് കടത്തിയ വാഹനങ്ങളാണ് താന്‍ വാങ്ങിയതെന്ന് അറിയില്ലായിരുന്നുവെന്നാണ് ദുല്‍ഖര്‍ കസ്റ്റംസിന് നല്കിയ മൊഴി. വാഹന കള്ളക്കടത്ത് റാക്കറ്റുമായി ബന്ധമില്ല. കൈവശമുള്ള വാഹനങ്ങള്‍ക്ക് കൃത്യമായ രേഖകള്‍ ഉണ്ടെന്നും ദുല്‍ഖര്‍ നല്കിയ മൊഴിയിലുണ്ട്.






